കോഴിക്കോട്: പാമ്പാടി നെഹ്രു കോളേജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ശരീരത്തിൽ കൂടതൽ മുറിവുകളുണ്ടായിരുന്നതായി വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ വിവിധ ചാനലുകൾ പുറത്തു വിട്ടു. മരണത്തിനു ശേഷം പൊലീസ് നടത്തിയ ഇൻക്വിസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. കൈകളിലും വയറിന്റെ വശങ്ങളിലും പരിക്കേറ്റ മുറിവുകൾ വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. എന്നാൽ ഈ മുറിവുകളെക്കുറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ വാദങ്ങളും സജീവമാവുകയാണ്. മൃതദേഹ പരിശോധനയിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും കൃത്രിമം കാട്ടിയെന്ന വാദമാണ് സജീവമാകുന്നത്.

മരണത്തിനു ശേഷം പൊലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. കൈയിലും അരയുടെ ഭാഗത്തുമാണ് പരിക്ക്. അതേസമയം ഈ പരിക്കുകളേക്കുറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമില്ല. നേരത്തെ പുറത്തു വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ജിഷ്ണുവിന്റെ മുഖത്ത് മൂന്ന് മുറിവുകൾ മാത്രമേ ഉള്ളു എന്നയിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വന്ന ചിത്രങ്ങളിൽ ജിഷ്ണുവിന്റെ കൈളിലും വയറിന്റെ വശങ്ങളിലുമുള്ള ചുവന്ന പാടുകൾ വ്യക്തമായി കാണുന്നുണ്ട്. നേരത്തെ ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചതു പോലെ പോസ്റ്റ്‌മോർട്ടത്തിലെ അപാകതകൾ വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന ചിത്രങ്ങളും.

മൂക്കിന്റെ പാലത്തിലും വലതുഭാഗത്തുമായി ചെറിയ മുറിവുണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. മേൽച്ചുണ്ടിന്റെ ഇടതുവശത്തും കീഴ്ചുണ്ടിന്റെ ഇടതുവശത്തും മുറിവുകളുണ്ട്. കഴുത്തിന്റെ മുൻവശത്തും വശങ്ങളിലും പോറലേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ മുറിവുകൾ മരണശേഷം സംഭവിച്ചതാണെന്ന നിഗമനം മാത്രമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. മരണശേഷം മൃതദേഹം താഴെയിറക്കുമ്പോൾ സംഭവിച്ചതാകാം എന്നും പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ മുറിവുകൾ ശരീരത്തിലുള്ളത് മരണത്തിനു മുമ്പ് ജിഷ്ണുവിന് ക്രൂര മർദ്ദനമേറ്റിരുന്നു എന്നു വ്യക്തമാക്കുന്നതാണ്.

ജിഷ്ണുവിന് മർദ്ദനമേറ്റിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവുകളെക്കുറിച്ച് വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് ഒന്നും പറയാത്ത എഫ്.ഐ.ആറിൽ മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമമാണെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നതും ദുരൂഹതയുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശരീരത്തിൽ കൂടുതൽ മുറിവുകളേറ്റിരുന്നെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നിരിക്കുന്നത്.

ജിഷ്ണുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മർദ്ദനമേറ്റ പാടുകൾ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ അവഗണിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പിന്നാലെ, ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഉന്നത നീതിപീഠത്തെ സമീപിച്ച് നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ജിഷ്ണുവിന്റെ ബന്ധു ശ്രീജിത് വ്യക്തമാക്കി. ജിഷ്ണുവിന്റെ മരണം ആത്മഹത്യ തന്നെയാണോ എന്ന് സംശയിക്കുന്ന തരത്തിലാണ് ശരീരത്ത് കണ്ടെത്തിയ പാടുകൾ.

തങ്ങൾ നേരത്തേ ഉയർത്തിയ സംശയം തന്നെയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്നും മുഴുവൻ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടെന്നും നീതി നിഷേധത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ജിഷ്ണുവിന്റെ വീട്ടുകാർ പ്രതികരിച്ചിട്ടുണ്ട്. ഇരുകൈകളിലും കാലിന്റെ മസിലിലും പിൻഭാഗത്തും പരിക്കുകൾ പറ്റിയെന്ന് നേരത്തേ ഇവർ ആരോപിച്ചിരുന്നു.