തൃശൂർ: നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാമ്പാടി എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രാണോയ്(18) കോപ്പിയടി ആരോപണത്തെത്തുടർന്നുള്ള മാനേജ്‌മെന്റ് പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ അടക്കമുള്ളവർക്ക് സസ്‌പെൻഷൻ. വൈസ് പ്രിൻസിപ്പൽ എൻ. ശക്തിവേൽ, കോപ്പിടയടിച്ചെന്നാരോപിച്ച് വിഷ്ണുവിനെ പരീക്ഷാഹോളിൽ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അദ്ധ്യാപകൻ പ്രവീൺ, കോളജ് പിആർഒയും മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. വിശ്വാനാഥന്റെ മകനുമായ സഞ്ജിത് വിശ്വനാഥൻ എന്നിവർക്കാണ് സസ്‌പെൻഷൻ. ജിഷ്ണുവിന്റെ മരണം മാദ്ധ്യമങ്ങളും വിദ്യാർത്ഥി സംഘടനകളും ഏറ്റെടുത്തതോടെ നിൽക്കക്കള്ളിയില്ലാതെയാണ് കോളജ് മാനേജ്‌മെന്റിന്റെ നടപടി.

തങ്ങൾ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷനെന്നാണ് പാമ്പാടി എൻജിനിയറിങ് കോളജ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും കോളജിൽ അധ്യയനം പുനരാരംഭിക്കാൻ സഹകരിക്കണമെന്നും മാനേജ്‌മെന്റ് അഭ്യർത്ഥിച്ചു.

കോഴിക്കോട് നാദാപുരം സ്വദേശിയായ ജിഷ്ണു പ്രാണോയ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തിൽ ആന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ആരോപണ വിധേയരായവരെ പുറത്താക്കാൻ കോളജ് മാനേജ്‌മെന്റ് തയാറായിരിക്കുന്നത്.

പരീക്ഷാ ഹോളിൽവച്ച് അദ്ധ്യാപകൻ പ്രവീൺ, ജിഷ്ണുവനെ എഴുന്നേൽപ്പിച്ചു നിർത്തി പരിഹസിക്കുകയും ഡീബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് വൈസ് പ്രിൻസിപ്പൽ എൻ. ശക്തിവേലും പിആർഒ സഞ്ജിത് വിശ്വനാഥനും ചേർന്ന് വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ജിഷ്ണുവിന് മർദനം ഏറ്റുവെന്നും ഇതാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നും ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നു.

സഞ്ജിത് വിശ്വനാഥൻ അടക്കമുള്ളവർക്ക് ജിഷ്ണുവിന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. വിദ്യാർത്ഥിയെ കോപ്പിയടിക്കു പിടിച്ചുവെങ്കിൽ പിആർഒ എന്തിന് പരീക്ഷാ ഹോളിൽ എത്തണമെന്ന് ബന്ധുക്കൾ ചോദിക്കുന്നു. കോളജിനെതിരേ പ്രതികരിക്കുന്ന വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിന് സഞ്ജിത് വിശ്വനാഥനാണ് നേതൃത്വം നല്കിയിരുന്നതെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിദ്യാർത്ഥികളെ നേരിടാനായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോളജിൽ ഒരു ഇടിമുറി പ്രവർത്തിച്ചിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

കോപ്പിയടിച്ച ജിഷ്ണുവിന് താക്കീതു നല്കിവിടുക മാത്രമായിരുന്നു ചെയ്തതെന്നാണ് കോളജ് അധികൃതർ പറഞ്ഞത്. എന്നാൽ ജിഷ്ണുവിന്റെ മൃതദേഹത്തിൽ കണ്ടെത്തിയ പാടുകൾ മർദനമേറ്റതിന്റെ ലക്ഷണം തന്നെയാണെന്നാണ് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നത്. ഇതോടൊപ്പം കോളജ് സന്ദർശിച്ച ശാസ്ത്ര സാങ്കേതിക സർവകലാശാല അധികൃതർ കോപ്പിയടി നല്കിയതിനു തെളിവില്ലെന്നും കൂടി വ്യക്തമാക്കി. കോപ്പിയടി നടന്നാൽ അന്നു തന്നെ റിപ്പോർട്ട് ചെയ്യണമെന്നാണ് നിയമം. എന്നാൽ അങ്ങനെയൊന്ന് ജിഷ്ണുവിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇതിനു പുറമേ പഠനത്തിൽ ഏറെ മിടുക്കനായ ജിഷ്ണുവിന് കോപ്പിയടിക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും സഹപാഠികളും ബന്ധുക്കളും പറഞ്ഞു. ഇതോടെ കോളജ് അധികൃതരുടെ വാദങ്ങളെല്ലാം പൊളിഞ്ഞു.

മുഖ്യധാരാ മാദ്ധ്യമങ്ങൾ ആദ്യം അവഗണിച്ച സംഭവം ഓൺലൈൻ മാദ്ധ്യമങ്ങളാണ് പുറംലോകത്തെ അറിയിച്ചത്. പത്രങ്ങളും ചാനലുകളും സംഭവം ഏറ്റെടുക്കുകയും വിദ്യാർത്ഥി പ്രക്ഷോഭം സജീവമാകുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതും കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നതും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.