കോഴിക്കോട്: പുതുപ്പാടി സ്വദേശി ജിഷോ വർക്കിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ഭാര്യാപിതാവും അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ജിഷോയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലയ്ക്ക് ശേഷമാണ് ഷോക്കടിപ്പിച്ചതെന്ന് വ്യക്തമായിരുന്നു.

സംഭവ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ജിഷോ ഭാര്യ ഷീനയെ മർദിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കത്തി ഉപയോഗിച്ച് ഷീനയെ വെട്ടാൻ ശ്രമിക്കുന്നതു കണ്ട് ജോസും ഷീനയുടെ അമ്മ മേരിയും ചേർന്ന് ജിഷോയെ തടഞ്ഞു. ജിഷോയുടെ വെട്ടേറ്റ് മേരിയുടെ കൈപ്പത്തി മുറിഞ്ഞു. മർദനമേറ്റ ഷീനയുടെ മുഖം നീരുവന്ന് വികൃതമായി. മൽപ്പിടുത്തത്തിനിടയിൽ ജോസ് ജിഷോയുടെ കഴുത്തിൽ മുണ്ടിട്ട് മുറുക്കി. ശ്വാസം മുട്ടി നിലത്തു വീണ ജിഷോയെ എഴുന്നേല്ക്കാൻ പ്രതികൾ അനുവദിച്ചില്ല. അനങ്ങാതായതിന് ശേഷമാണ് കഴുത്തിലെ കുരുക്ക് പ്രതികൾ അഴിച്ചത്. ഇതിന് ശേഷമാണ് ജിഷോയെ കട്ടിലിൽ കിടത്തി ജോസ് ഷോക്ക് ഏല്പിച്ചത്.

പിന്നീട് വീട്ടിലെ സ്വിച്ച് ബോർഡ് തകർത്തു. സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്. ടിപ്പർ ഡ്രൈവറായിരുന്ന ജിഷോ ഭാര്യവീട്ടിലായിരുന്നു താമസം. ഇയാൾ സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്നും ഷീനയെയും രണ്ടു മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഷീനയെയും ജോസിനെയും ജിഷോ വകവരുത്തുമെന്ന ഭയത്താലാണ് കഴുത്തിലെ പിടി അയയ്ക്കാതിരുന്നത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കൊലപാതകത്തിന് 302 ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശിയായ ജിഷോ വർക്കി വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ കോടഞ്ചേരി പാറമലയിലെ ഭാര്യാവീട്ടിൽ വച്ചാണ് മരിച്ചത്. ഷോക്കേറ്റാണ് അപകടം സംഭവിച്ചെന്ന് പറഞ്ഞാണ് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും താടിയിലും മുറിവേറ്റിരുന്നു. ഇതേ തുടർന്ന് താമരശ്ശേരി സിഐ ടി.എ അഗസ്റ്റിന്റെ നേതൃത്വത്തിൽ ജിഷോ വർക്കിയുടെ ഭാര്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്. നേരത്തെ വീട്ടിൽ വളർത്തിയ നായയെ ഇത്തരത്തിൽ ഷോക്കടിപ്പിച്ച് കൊന്നിരുന്നതായും ജോസ് പൊലീസിന് മൊഴി നൽകി.

ജിഷോയുടെ ഭാര്യ ഷീന, ഷീനയുടെ പിതാവ് പാറമല കണ്ടത്തിൽ ജോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. പ്രസന്നന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘവും സൈന്റിഫിക് ഓഫീസർ റിനി തോമസ്, വിരലടയാള വിദഗ്ദർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. ജോസിനെ വീട്ടിലെത്തിച്ച് തെളിവെടുത്ത പൊലീസ് കഴുത്തിൽ മുറുക്കിയ തോർത്ത് മുണ്ട് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു.

വീട്ടിൽ ജിഷോ വഴക്കുണ്ടാക്കാറുണ്ടെന്നും ഷീനയെയും മക്കളെയും ഉപദ്രവിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. കഴുത്തിൽ മുറുക്കിയ മുണ്ടിന്റെ കുരുക്ക് അഴിച്ചാൽ ജിഷോ ഷീനയേയും ജോസിനെയും വകവരുത്തുമെന്നതിനാലാണ് കഴുത്തിലെ കുരുക്ക് അഴിക്കാതിരുന്നത്. അതേസമയം ജിഷോ മദ്യപനും കുടുംബ കലഹിയുമാണെന്നത് തികച്ചും തെറ്റായ വാർത്തയാണെന്ന് ജിഷോയുടെ പിതാവ് വർക്കിയും ബന്ധുക്കളും പറഞ്ഞു. സ്വന്തമായി ടിപ്പർ ലോറിയോടിച്ച് കുടുംബം കഴിച്ചുകൂട്ടുന്ന ജിഷോ കുടുംബകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവാണ്. കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ച മറ്റ് പ്രതികളെ കൂടി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.