പീച്ചി: സ്‌കൂൾ ബസ് ഡ്രൈവറുടെ അശ്രദ്ധ അതേ വാഹനത്തിൽ സഞ്ചരിച്ച കുരുന്നിന്റെ ജീവനെടുത്തു. പീച്ചിയിലാണ് ആരേയും വേദനിപ്പിക്കുന്ന അപകടമുണ്ടാക്കിയത്.

അമ്മയുടെ കൺമുന്നിലായിരുന്നു മകൻ അപകടത്തിൽപ്പെട്ടത്. സ്‌കൂൾ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഏഴു വയസുകാരൻ അതേ ബസ് തട്ടി മരിച്ചു. ചെന്നായ്പാറ ഉരുളൻകുന്ന് കൈപ്പറ്റ യേശുദാസ്-ഷീല ദമ്പതികളുടെ ഏക മകൻ ജസ്വിൻ കെ.ജോണാണ് മരിച്ചത്.

പീച്ചി ഗവ.എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ജസ്വിൻ വൈകിട്ട് നാലിനു സ്‌കൂൾ ബസ് ചെന്നായ്പാറയിലെത്തിയപ്പോൾ അമ്മയെ കണ്ടു വേഗത്തിൽ റോഡ് കുറുകെ കടക്കുകയായിരുന്നു. അപകടം നടന്നയുടൻ പട്ടിക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ഇന്നു സ്‌കൂളിൽ പൊതുദർശനത്തിനു വച്ചശേഷം ഉച്ചകഴിഞ്ഞു വെള്ളക്കാരിത്തടം വിജയമാതാ പള്ളിയിൽ സംസ്‌കരിക്കും. സ്‌കൂളിന് ഇന്ന് അവധി നൽകിയിട്ടുണ്ട്.