ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് മലയാളി ഹർഡിൽസ് താരം ജിതൻ പോളിനെ പട്യാലയിലെ ദേശീയ അത്ലറ്റിക് ക്യാമ്പിൽ നിന്ന് പുറത്താക്കി. വിചാരണയ്ക്കായി തിങ്കളാഴ്ച ഹാജരാകാൻ ജിതിനോട് നാഷണൽ ആസി ഡോപ്പിങ് ഏജൻസി (നാഡ) ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ അഖിലേന്ത്യാ അത്ലറ്റിക് ഫെഡറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പട്യാലയിലെ ക്യാമ്പിൽ താമസിക്കുന്ന ജിതിന്റെ ബാഗിൽ നിന്ന് നാഡയുടെ പരിശോധക സംഘം മെൽഡോണിയം അടങ്ങിയ മരുന്ന് കണ്ടെത്തിയിരുന്നു. ഏപ്രിൽ പതിനേഴിന് നടത്തിയ പരിശോധനയിൽ ജിതിന്റെ ബാഗിൽ നിന്ന് എട്ട് സ്ട്രിപ്പ് മരുന്നാണ് കണ്ടെത്തിയതെന്ന് നാഡ ഡയറക്ടർ ജനറൽ നവിൻ അഗർവാൾ പറഞ്ഞു. ഇതിനെ തുടർന്ന് നാഡ ജിതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പിടിക്കപ്പെട്ട താരത്തിന്റെ പേര് നാഡ പുറത്തുവിട്ടിരുന്നില്ല.

റഷ്യൻ നിർമ്മിത മരുന്നുകളാണ് പിടിക്കപ്പെട്ടത്. പരിശോധനയിൽ നിരോധിക്കപ്പെട്ട മെൽഡോണിയം അടങ്ങിയ മരുന്നുകളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി കൈക്കൊണ്ടത്. എന്നാൽ, ഏതാനും ആഴ്ച മുൻപ് നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ ജിതൻ പിടിക്കപ്പെട്ടിരുന്നില്ല.

മെൽഡോണിയം അടങ്ങിയ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്ക് പതിനഞ്ച് മാസത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ടീമുകളിൽ അംഗമായിരുന്നു ജിതൻ പോൾ. ജിതൻ അടങ്ങിൽ ഇന്ത്യയുടെ 400 മീറ്റർ റിലേ ടീം നാലാമതായാണ് ഫിനിഷ് ചെയ്തത്.