- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടി ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി; ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ; പൊലിസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണം; പരാതി കണ്ണുർ ജില്ലാ പൊലിസ് മേധാവിക്ക് മുന്നിൽ
ഇരിട്ടി: ഇരിട്ടിയിൽ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് ജീവനനൊടുക്കിയതല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമുള്ള ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. യുവാവിനെ കൊന്ന് കെട്ടി തൂക്കിയതാണെന്നും പൊലിസ് കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്നുമാരോപിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കൾ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവന് പരാതി നൽകിയിട്ടുണ്ട്.
ആറളം ഫാം ഒൻപതാംബ്ളോക്കിൽ താമസിക്കുന്ന ജിത്തുവിനെ (18)യാണ് ഓഗസ്റ്റ് 29 ന് ആൾ പാർപ്പില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടായി - ശൈല ദമ്പതികളുടെ ഏകമകനാണ് ജിത്തു ഏറെക്കാലമായി കൂട്ടായിയുടെ സഹോദരി ഉഷയുടെ കൂടെ ആറളം ഫാം പതിനൊന്നാം ബ്ളോക്കിൽ താമസിച്ചു വരികയാണ് യുവാവ് ജിത്തുവിന്റെ അടുത്ത സുഹൃത്ത് പതിമൂന്നാം ബളോക്കിൽ താമസിക്കുന്ന പെൺകുട്ടി ഫോണിൽ വിളിച്ചതിനെ തുടർന്ന് അവരുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ജിത്തു പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ നൽകായ പരാതിയിൽ പറയുന്നു.
തുടർന്ന് അന്നേ ദിവസം രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്താതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും യുവാവിന് വേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു ഇതിനിടെ പൊലിസിന്റെ സഹായവും തേടി. രാത്രി ഏറെ വൈകിയാണ് ആൾ താമസമില്ലാത്ത വീട്ടിൽ ജനൽ കമ്പിയിൽ തൂങ്ങിയിരിക്കുന്ന ജിത്തുവിനെ കണ്ടെത്തിയത്.
എന്നാൽ ഈ സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ജിത്തു ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.കുടുംബപരമായോ മാനസിക പരമായോ യാതൊരു പ്രശ്നങ്ങളും ജിത്തുവിനെ അലട്ടിയിരുന്നില്ലെന്നാണ് അയൽവാസികളും പ്രദേശവാസികളും പറയുന്നത്. മാത്രമല്ല സാഹചര്യ തെളിവുകളും ജിത്തു തൂങ്ങി മരിച്ചതെല്ലെന്നും മറിച്ച് കൊന്ന് കെട്ടി തൂക്കിയതിനാണ് സാധ്യത കൂടുതലെന്നുമാണ് ബന്ധുക്കളും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നത്.
ആറടിയിലേറെ പൊക്കമുള്ള ജിത്തുവിനെ കഴുത്തിൽ കയർ ചുറ്റി കിടക്കുന്ന നിലയിൽ നിലത്തിരിക്കുന്നതായാണ് കണ്ടെത്തിയത്. തറയിൽ രക്തം തളം കെട്ടി നിൽക്കുന്നതായും കണ്ടിരുന്നുവെന്ന് തെരച്ചിൽ നടത്തിയ ദൃക്സാക്ഷികളിൽ ചിലർ പറയുത്തു. ജിത്തുവിന്റെ കഴുത്തിൽ കുടുങ്ങി കിടന്ന കയർ മാറ്റി ഉടൻ ഇരിട്ടി എട്ടൂരിലുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവ ദിവസം തന്നെ ജിത്തുവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തുവന്നുവെങ്കിലും പൊലിസ് ഈക്കാര്യം പരിഗണിക്കാതെ അവഗണിക്കുകയായിരുന്നുവെന്നാണ് പരാതി. മരിച്ചത് ആദിവാസി യുവാവായതിനാൽ കേസ് അന്വേഷണം തുടക്കത്തിലേ പൊലിസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നതിന് തെളിവുകളുണ്ടെന്ന് ആദിവാസി സംഘടനാ നേതാക്കളും പറയുന്നു.
ജിത്തുവിനെ ദുരൂഹമായ സാഹചര്യത്തിൽ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പിതാവിന്റെ സഹോദരി ഭർത്താവ് ഗോപി പൊലിസിന് മൊഴി നൽകിയെങ്കിലും ജിത്തു ഗോപിയുടെ വീട്ടിൽ വെച്ചു തന്നെ ആത്മഹത്യ ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ എഴുതി പിടിച്ചിട്ടുള്ളത്. ഇതു കൂടാതെ മരണത്തിൽ സംശയമുണ്ടെന്ന് ഗോപി പറഞ്ഞെങ്കിലും പരാതിയില്ലെന്നാണ് രേഖപ്പെടുത്തിയതെന്നും കൂട്ടായി ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു
എഴുത്തും വായനയുമറിയാത്ത ഗോപിയുടെ മൊഴിയായി രേഖപ്പെടുത്തിയത് വായിച്ചു കേൾപ്പിക്കാതെ ഒപ്പുവയ്പ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം കൊലയാളികളെ രക്ഷിക്കുന്നതിനായി പൊലിസ് ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നാണ് ദളിത്-ആദിവാസി സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. ജിത്തു മരിച്ചു കിടന്ന ആളൊഴിഞ്ഞ വീട് ആറളം പൊലിസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയായിട്ടു കൂടി പൊലിസ് സംഭവസ്ഥലം സന്ദർശിക്കാനോ മഹസർ തയ്യാറാക്കുകയോ ചെയ്തിട്ടില്ല.
എഫ്.ഐ.ആറിൽ മാനസിക അസ്വസ്ഥത കാരണമുള്ള ആത്മഹത്യയെന്നാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത് 'ഇതു കൂടാതെ നേരത്തെ പരാതിയില്ലെന്നു പൊലിസ് അറിയിച്ചതു കാരണം പോസ്റ്റുമോർട്ടത്തിന്റെ ഗൗരവം കുറച്ചതായും ആദിവാസി - ദളിത് സംഘടനാ നേതാക്കൾ ആരോപിക്കുന്നു. ജിത്തുവിന്റെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും 'അതു കൊണ്ടു തന്നെ നീതി ലഭിക്കുന്നതു വരെ പോരാടാനാണ് ഇവരുടെ തീരുമാനം. വിവിധ ദളിത്-ആദിവാസി സംഘടനകളും ഇവർക്ക് പിൻതുണയറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്