കൊല്ലം: തിങ്കളാഴ്ച കാണാതായ പതിനാല് വയസുകാരൻ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ വൈകുന്നേരമാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജിത്തു ജോബിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയിൽ പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. തുടർന്ന് അമ്മയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജയമോൾ കുറ്റം സമ്മതിച്ചു. ഒരു കൂസലുമില്ലാതെയാണ് അവർ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്.

ഒരു പാട് കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനിൽ ജോബ് ജി. ജോണിന്റെ മകനാണ് മരിച്ച ജിത്തു. ജയമോൾ കുറ്റം സമ്മതിച്ചു. കുടുംബ വഴക്കിനെ തുടർന്ന് മകനെ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ കുറ്റസമ്മതം. ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. ജോബിന്റെ സഹോദരിയുമായി ജയമോൾ വഴക്കിലായിരുന്നു. ഇതേ തുടർന്നാണ് അഞ്ചാലമൂടിൽ സ്ഥലം വാങ്ങി ഇവർ താമസം തുടങ്ങിയത്. ഇതിന് അപ്പുറം കുടുംബ പ്രശ്‌നങ്ങളൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതുകൊണ്ട് മാത്രം അമ്മ മകനെ വകവരുത്തുമോ എന്നതാണ് പൊലീസിന്റെ സംശയം. അതുകൊണ്ട് തന്നെ പഴുതുകൾ അടച്ചൊരു അന്വേഷണമാണ് നടക്കുന്നത്.

ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയിൽ പൊള്ളലേറ്റിരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. സ്വന്തം വീടിന് പിന്നിൽ വച്ച് മകനെ കൊലപ്പെടുത്തിയ ശേഷം പറമ്പിൽ കൊണ്ടിട്ട് കത്തിക്കുകയായിരുന്നെന്ന് ജയമോൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലയ്ക്ക് ഇവരെ സഹായിച്ച ആളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയമോളുമായി അടുപ്പത്തിലുണ്ടായിരുന്ന അദ്ധ്യാപകനാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്ത ജിത്തും അമ്മയുമായി ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

പൊള്ളലേറ്റത് പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത് വരെ വളരെ സ്വാഭാവികമായാണ് ജയമോൾ പെരുമാറിയിരുന്നത്. ആർക്കും ഒരു സംശയം തോന്നിയിരുന്നില്ല. കുറ്റം സമ്മതിച്ച ശേഷവും ഈ അമ്മയ്ക്ക് ഭാവവ്യത്യാസമൊന്നുമില്ല. ഇതാണ് പൊലീസിനെ ഞെട്ടിച്ചത്. താൻ ഒറ്റയ്ക്കാണ് മകനെ കൊന്നതെന്നാണ് ജയമോൾ ആവർത്തിക്കുന്നത്. കരുതി കൂട്ടി നടന്നകൊലയല്ല ഇത്. മറിച്ച് അബദ്ധത്തിൽ മകൻ കൊല്ലപ്പെട്ടതാണെന്നും അവർ പറയുന്നു. എന്നാൽ പതിനാല് വയസ്സുകാരനെ ഒറ്റയ്ക്ക് കൊന്ന് മൃതദേഹം ഒളിപ്പിക്കാൻ ജയമോൾക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ട് തന്നെ മൊഴി പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.

ജോബിന്റെ സഹോദരി സ്‌കൂൾ അദ്ധ്യാപികയാണ്. ജിത്തു പഠിക്കുന്നത് കുണ്ടറഎം.ജി.ഡി ബോയ്‌സ് ഹൈസ്‌കൂളിലാണ്. ഇതേ മാനേജ്‌മെന്റിന്റെ ഗേൾസ് സ്‌കൂളിലാണ് ജോബിന്റെ സഹോദരി ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് ഓർത്തഡോക്‌സ് പള്ളിയിലെ വൈദികനുമാണ്. വിദേശത്തായിരുന്ന ജോബ് നിലവിൽ മെഡിക്കൽ റെപ്പസെന്റേറ്റീവായാണ് ജോലി ചെയ്യുന്നത്. സഹോദരിയുമായി ജോബിന്റെ കുടുംബം വലിയ ഉടക്കിലുമാണ്. ഈ കുടുംബ പ്രശ്‌നത്തിനും ജിത്തുവിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജയമോളുടെ കാമുകനെയും ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇന്നലെ വൈകിട്ട് ഇവരുടെ വീടിന്റെ പിൻഭാഗത്തെ ആളൊഴിഞ്ഞ കുടുംബവീടിന്റെ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ രണ്ട് കരങ്ങളും ഛേദിക്കപ്പെട്ട നിലയിലായിരുന്നു. കാലുകൾക്കും വെട്ടേറ്റിരുന്നെങ്കിലും അറ്റ് മാറിയിരുന്നില്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹം എടുത്തുകൊണ്ടുപോയി കുടുംബ വീടിനോട് ചേർന്ന പറമ്പിൽ ഇട്ട് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്‌കെയിൽ വാങ്ങാൻ കടയിൽ പോയ ശേഷം ജിത്തു വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ വീടിന് സമീപത്ത് നിന്ന് ദേഹമാസകലം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ബി.എസ് സി വിദ്യാർത്ഥിനി ടീനയാണ് ജിത്തുവിന്റെ സഹോദരി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖത്തല സെന്റ് ജൂഡ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം കത്തിച്ചത് പെട്രോൾ ഉപയോഗിച്ചാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സൂചനയുണ്ട്.