കൊട്ടിയം: ജിത്തു ജോബിന്റെ മരണത്തിൽ അമ്മ പറഞ്ഞ മൊഴിയൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതിനെ ദൃശ്യം മോഡൽ കൊലയായാണ് പൊലീസ് കാണുന്നത്. അമ്മ ഒറ്റയ്ക്ക് പതിനാലുകാരനെ വകവരുത്തിയെന്നത് അവിശ്വസനീയമാണെന്ന് പൊലീസ് പറയുന്നു. അച്ഛൻ ജോബും സംശയ നിഴലിൽ. നാട്ടുകാർക്ക് നിരവധി സംശയങ്ങൾ ഈ കുടുംബത്തിനെതിരെ ഉണ്ട്. അതിനിടെ ജയമോൾ നൽകിയ മൊഴിയിൽ വസ്തവ വിരുദ്ധമാണെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിക്കും പൊലീസിനെ അറിയിച്ചു.

സ്വത്തിനെ കുറിച്ചു നടന്ന തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത് എന്നു ജയമോൾ മൊഴി നൽകിരുന്നത്്. എന്നാൽ സ്വത്തിനെ കുറിച്ചു സംസാരിച്ചിട്ടെ ഇല്ല എന്നാണു മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മൊഴി. ഇതിനിടെയിലാണ് ജിത്തുവിന്റെ സഹോദരിയുടെ വെളിപ്പെടുത്തലും വരുന്നത്. ജിത്തുവിന്റെ സ്നേഹം നഷ്ട്ടപ്പെടുമോ എന്നു അമ്മ ജയമോൾ ഭയന്നിരുന്നു എന്നും അമ്മയ്ക്കു മാനസീക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും മകൾ പറയുന്നു. നേരത്തെ ജയമോൾക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് ജോബും പൊലീസിന് മൊഴി കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മകളും സമാന വാദം ചർച്ചയാക്കുന്നതും.

അച്ഛന്റെ വീട്ടിൽ പോയി വരുമ്പോൾ എല്ലാം ജിത്തു അമ്മയോടു ദ്യേഷപ്പെട്ടിരുന്നു. അപ്പോൾ അമ്മ രൂക്ഷമായി പ്രതികരിക്കും. പിന്നീട് ഉടൻ തന്നെ സാധാരണനിലയിലാകും. അതു കൊണ്ടു ചികിത്സിച്ചിരുന്നില്ല. അമ്മയ്ക്കു സ്വഭാവദൂഷ്യം ഉണ്ടായിരുന്നു എന്ന പ്രചരണം വേദനിപ്പിച്ചു എന്നും മകൾ പറഞ്ഞു. കൊലപാതകം നടക്കുന്ന ദിവസം ഉച്ചയ്ക്ക് അമ്മയും മകനും ഒരു വിവാഹത്തിനു പങ്കെടുത്തു സന്തോഷത്തോടെ മടങ്ങുന്നവർ ഉണ്ട്. അന്നു വൈകിട്ട് ജിത്തു മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തു നിന്നു മടങ്ങി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയും മകനും തമ്മിൽ കലഹിച്ചതും കൊലപാതകത്തിൽ അവസാനിച്ചതുമെന്നും ജയമോളുടെ മൂത്ത മകൾ പറയുന്നു.

ചെറിയ കാര്യങ്ങൾക്കുപോലും വല്ലാതെ ദേഷ്യപ്പെടാറുണ്ട്. ജിത്തു മിക്കപ്പോഴും അച്ഛന്റെ കുടുംബ വീട്ടിൽ പോകാറുണ്ട്. അവിടെ നിന്ന് തിരികെ വരുമ്പോൾ അവൻ അമ്മയോട് തട്ടിക്കയറും. അമ്മയെ കൊച്ചാക്കി സംസാരിക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതും അവന് രസമായിരുന്നു. കുറച്ച് കഴിയുമ്പോൾ രണ്ടുപേരും നല്ല കൂട്ടാകാറുണ്ടെന്നും ടീന പറഞ്ഞു. അച്ഛനും താനും അമ്മയെ ദേഷ്യം പിടിപ്പിക്കാറില്ല. പരമാവധി അഡ്ജസ്റ്റ് ചെയ്യും. എന്നാൽ ജിത്തു അങ്ങിനെയായിരുന്നില്ല. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. അവിടത്തെ വീട് ആന്റിക്കാണ് നൽകിയത്. 70 സെന്റ് സ്ഥലം അച്ഛന് നൽകിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ രേഖ നൽകിയിട്ടില്ല. ഇതേച്ചൊല്ലി അമ്മയ്ക്ക് വല്ലാത്ത വിഷമമായിരുന്നു. തിങ്കളാഴ്ച ജിത്തു കുടുംബ വീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അമ്മയെ പ്രകോപിപ്പിച്ചതാകും കൊലപാതകത്തിന് കാരണമെന്നും ടീന പറഞ്ഞു. എന്നാൽ സ്വത്ത് തർക്കമെന്ന വാദം മറ്റ് ബന്ധുക്കൾ തള്ളുകയും ചെയ്യുന്നു.

കേസിൽ ബന്ധുക്കളെയും അയൽക്കാരെയും ഉൾപ്പെടെ പത്തു പേരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു. അന്ധവിശ്വാസത്തിന് അടിമയായിരുന്നു ജയമോളെന്നു മൊഴികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും ഉണ്ടായിരുന്നു. വിഷാദവും ബാധിച്ചിരുന്നു. പെട്ടെന്നു കോപിക്കുന്ന സ്വഭാവമായിരുന്നു. ജയമോൾക്ക് മറ്റ് ബന്ധങ്ങളുള്ളതായി ഭർത്താവിനോ പരിസരവാസികൾക്കോ ആക്ഷേപമില്ല. വീട്ടിലെ ലാൻഡ്‌ഫോണിൽ നിന്നുള്ള വിളികളുടെ വിശദ വിവരം ബിഎസ്എൻഎല്ലിൽ നിന്നു ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കൊട്ടാരക്കര ജയിലിൽ റിമാൻഡിൽ കഴിയുന്ന ജയമോളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിയിൽ അപേക്ഷ നൽകും.

ചാത്തന്നൂർ എസിപി ജവഹാർ ജനാർദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അദ്ദേഹം ശബരിമല ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ കൊല്ലം ഡിസിആർബി ഡിവൈഎസ്‌പി എം.ആർ.സതീഷ്‌കുമാറിനായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണ ചുമതല. സതീഷ്‌കുമാറിൽനിന്ന് അന്വേഷണ ചുമതല ഇന്നലെ ഏറ്റെടുത്തു ജിത്തുവിന്റെ വീടും മൃതശരീരം കണ്ടെത്തിയ സ്ഥലവും സന്ദർശിച്ചു. അന്വേഷണ സംഘം കുരീപ്പള്ളിയിൽ എത്തിയാണു ബന്ധുക്കളെയും സമീപവാസികളെയും ചോദ്യം ചെയ്തത്. ജിത്തുവിന്റെ വീടും സംഭവസ്ഥലവും വനിതാ കമ്മിഷൻ അംഗം എം.എസ്.താരയുടെ നേതൃത്വത്തിലുള്ള സംഘവും സന്ദർശിച്ചു.

കൊലപാകതം ആസൂത്രിതമല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, പെട്ടന്നുള്ള പ്രകോപനത്തിന് കാരണമായി ജയ പറയുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത അനിവാര്യമാണ്. ജിത്തുവിന്റെ കൊലപാതകം കുടുംബത്തിലെ മറ്റ് പലരും മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന പ്രചാരണം സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഭർത്താവിന്റെ വീട്ടുകാരോടുള്ള വിരോധത്താൽ മകനെ കൊലപ്പെടുത്തിയെന്ന മൊഴി അന്വേഷണസംഘം വിശ്വസിക്കുന്നില്ല. കൊലപാതകത്തിന്റെ കാരണത്തെ പറ്റി കൂടുതൽ വ്യക്തത വരുത്താൻ ജയയെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.

തിങ്കളാഴ്ച രാത്രി 8.30ന് ഭർത്താവ് ജോബ് ജോലി കഴിഞ്ഞ് വന്നപ്പോഴാണ് സ്‌കെയിൽ വാങ്ങാൻ പോയ ജിത്തു മടങ്ങി വന്നില്ലെന്ന് ജയ പറയുന്നത്. കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ട് വീടിന് സമീപത്തെ കുടുംബ വീടിന്റെ പറമ്പിൽ ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അതിനിടെ അടുക്കളയിലെ സ്ലാബിലിരുന്ന ജിത്തുവിനെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന് അമ്മ ജയ പൊലീസിനോട് വിവരിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിനെ കുറിച്ച് വകുപ്പ് തല അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ടാണ് ജയയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചാത്തന്നൂർ സ്റ്റേഷനിലേക്ക് മാറ്റിയത്.

അടുത്ത ദിവസം പുലർച്ചെ വരെ ഉന്നത ഉദ്യോഗസ്ഥരടക്കം ജയയെ ചോദ്യം ചെയ്തിരുന്നു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് തന്റെ തോളിൽ കിടന്ന ഷാൾ ഉപയോഗിച്ച് ജയ കാണിച്ച് കൊടുക്കുന്ന ദൃശ്യങ്ങൾ വ്യാഴാഴ്ച രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങി. ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ സ്വകാര്യമായി പകർത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. വിഷയം ഗൗരവമായി എടുത്ത സിറ്റി പൊലീസ് കമ്മിഷണർ ഡോ.എ. ശ്രീനിവാസ് നേരിട്ടാണ് അന്വേഷണം നടത്തുന്നത്.