കൊല്ലം: നീ.. എന്തിനാടീ.. ആ കൊച്ചിനെ കൊന്നത്?.. സാറെ അവളെ ഞങ്ങൾക്കു വിട്ടുതന്നേരേ.. ഞങ്ങള് കൈകാര്യം ചെയ്‌തോളാം.. പതിനാലുകാരനായ മകനെ നിഷ്ടൂരം കൊലപ്പെടുത്തിയ കൊല്ലം കൊട്ടിയം കൂരീപ്പള്ളിയിലെ വീട്ടിലേക്ക് ജയമോളെ കൊണ്ടുവന്നപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടം രോഷം കൊണ്ട് വിളിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു. കടുത്ത രോഷവുമായി നിന്ന ജനക്കൂട്ടത്തിന് നടുവിലേക്കാണ് ഇന്ന് വൈകുന്നേരം 4.50 തോടെ പൊലീസ് പതിനാലുകാരനായ ജിത്തു ജോബിന്റെ കൊലയാളിയായ അമ്മ ജയമോളുമായി കടന്നെത്തിയത്.

പൊലീസ് വാഹനം വീട്ടിലേക്ക് എത്തിയപ്പോൾ മുതൽ തടിച്ചു കൂടിയ നാട്ടുകാർ പ്രതിക്ക് നേരെ അസഭ്യം വിളികൾ കൊണ്ട് വളഞ്ഞു. കനത്ത പൊലീസ് സന്നാഹവും ജനരോഷത്തെ തുടർന്ന് എത്തിയിരുന്നു. വനിതാ പൊലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന് ആദ്യം ജയമോളെ എത്തിച്ചത് കൃത്യം നിർവഹിച്ച വീടിലെ അടുക്കളയിലേക്കായിരുന്നു. ഇവിടെ വെച്ച് എങ്ങനെയാണ് കൊലപാതകം നിർവഹിച്ചതെന്ന കാര്യം അവർ പൊലീസിനോട് പറഞ്ഞു. സ്ലാബിൽ ഇരുന്ന് കഴുത്തിൽ ഷാൾ മുറുക്കിയ ശേഷം കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ജയമോൾ പൊലീസിന് കാണിച്ചു കൊടുത്തു. അടുക്കളയിൽ സ്‌ളാബിന് മുകളിൽ ഇരിക്കുകയായിരുന്നു ജിത്തു. കഴുത്തിൽ ഷാൾ മുറുകിയപ്പോൾ താഴെ വീണു.

തുടർന്ന് മൃതദേഹം എങ്ങനെയാണ് വലിച്ചു കൊണ്ടു പോയതെന്നു അവർ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കെല്ലാം യാതൊരു കൂസലുമില്ലാതെയാണ് അവർ മറുപടി നൽകിയത്. ഈ സമയം ജനങ്ങൾ ഉച്ചത്തിൽ കൂവി വിളിക്കുകകും അസഭ്യം പറയുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം ജിത്തു ബോബിന്റെ കഴുത്തിൽ തോർത്തു കെട്ടി വലിച്ചു നിരക്കിയാണ് പറമ്പിലേക്ക് കൊണ്ടുപോയതെന്നാണ് അവർ പറഞ്ഞത്.

ആദ്യം വീടിനോട് ചേർന്ന് മതിലിന് സമീപത്തിട്ടാണ് കത്തിച്ചത്. ഈ ഭാഗം പൊലീസിന് കാണിച്ചു കൊടുത്തു ചാരം അടിഞ്ഞു കൂടിയ നിലയിലായിരുന്നു ഇവിടം. എന്നാൽ, ശരിക്കും കത്തുന്നില്ലെന്ന് കണ്ട് വെള്ളമൊഴിച്ച് അണച്ചു. തുടർന്ന് അയൽവീട്ടിൽ നിന്നും മണ്ണെണ്ണ കടം വാങ്ങി. വീടിന്റെ പിന്നിലേക്ക് വിജനമായ റബ്ബർ തോട്ടത്തിലേക്ക് വഴിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സ്ഥിരമായി റബർ ടാപ്പു ചെയ്യാൻ ജയമോൾ പോയിരുന്നത് ഈ വഴിയുള്ള മതിൽ ചാടിക്കടന്നായിരുന്നു. അതുകൊണ്ട് തന്നെ ജിത്തുവിന്റെ മൃതദേഹം എടുത്തുയർത്തി അപ്പുറത്തേക്ക് ഇട്ടത് താൻ ഒറ്റക്കാണെനന്നും യുവതി പൊലീസിനോട് തെളിവെടുപ്പിനിടെ വ്യക്തമാക്കി.

മണ്ണെണ്ണ കുറവായതിനാൽ അയൽവീട്ടിൽ പോയി മണ്ണെണ്ണ വാങ്ങിയെന്നും അവർ പൊലീസിനോട് പറഞ്ഞു. മുക്കാൽ മണിക്കൂറോളം സമയമാണ് പൊലീസ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് പൂർത്തീകരിച്ച ശേഷം മടങ്ങുമ്പോൾ തന്ന അസഭ്യം വിളിച്ച നാട്ടുകാർക്കെതിരെയും ജയമോൾ രോഷപ്രകടനം നടത്തി. തെളിവെടുപ്പിന്റെ സമയത്ത് ഉടനീളം യാതൊരു കൂസലുമില്ലാതെയാണ് മകന്റെ ഘാതകയായ അമ്മ പെരുമാറിയത്.

ജിത്തുവിന് കണ്ണീരോടെ വിട നൽകി കൂട്ടുകാരും ബന്ധുക്കളും

ജിത്തുവിന്റെ മൃതദേഹം മൂന്ന് മണിയോടെ മുഖത്തല സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ അടക്കി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രണ്ട് മണിയോടെയാണ് വീട്ടിലെത്തിച്ചത്. കടുത്ത അമർഷവും രോഷവും അണിഞ്ഞൊഴുകുന്ന അവസ്ഥയായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഉണ്ടായത്. സംഭവം അറിഞ്ഞത് മുതൽ നാട്ടുകാർ വീട്ടിലേക്ക് ഒഴുകി എത്തുന്നുണ്ടായിരുന്നു. മൃതദേഹം ആംബുലൻസിൽ എത്തിച്ചതോടെ വൻജനത്തിരക്ക് തന്നെ അനുഭവപ്പെട്ടു. ജിത്തുവിന്റെ അടുത്ത സുഹൃത്തുക്കളു ബന്ധുക്കളുമെല്ലാം സ്ഥലത്തെത്തിയിരുന്നു.

നാട്ടുകാരുടെ രോഷം അതിരുവിടാതിരിക്കാൻ വൻ പൊലീസ് സന്നാഹവും മൃതദേഹത്തോടൊപ്പം അനുഗമിച്ചിരുന്നു. വീട്ടിലേക്ക് എത്തിയ അയൽക്കാരായ സ്ത്രീകളും ജോബിന്റെ സഹപാഠികളും കരച്ചിലടക്കാൻ പാടുപെട്ടു. പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടർത്തി മാറ്റിയതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

മാനസിക രോഗ ആരോപണം പച്ചക്കള്ളം, ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ നാട്ടുകാർ

മകനെ കൊലപ്പെടുത്തിയ അമ്മയെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. മാനസിക രോഗമാണെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും പള്ളിയിലെ പ്രാർത്ഥനാ യോഗത്തിന്റെ സെക്രട്ടറിയായിരുന്നു ജയമോളെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സ്‌കെയിൽ വാങ്ങാൻ പോയ മകൻ തിരിച്ചു വന്നില്ലെന്നാണ് ഇവർ ആദ്യം പറഞ്ഞത്. പിന്നീട് തുടർച്ചയായി മൊഴി മാറ്റുകയായിരുന്നു. സ്വന്തം മകനെ കൊലപ്പെടുത്തി കത്തിച്ച ശേഷമാണ് യുവതി കൂസലില്ലാതെ പെരുമാറിയതെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ മരണത്തിലെ ദുരൂഹത നീക്കാൻ വേണ്ടി നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ്.

ജയമോൾക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഭർത്താവ് പറഞ്ഞു. അമ്മയ്ക്ക് വട്ടാണെന്ന് പറഞ്ഞ് മകൻ കളിയാക്കിയത് പ്രകോപനമായെന്നും അച്ഛൻ പറഞ്ഞിരുന്നു. മകനും അമ്മയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ട്. ആരും കളിയാക്കുന്നത് ജയയ്ക്ക് ഇഷ്ടമല്ല അങ്ങനെ കളിയാക്കിയാൽ ഇവർ വയിലന്റാകും. ഇതാകും മകന്റെ മരണത്തിന് കാരണമെന്നും അച്ഛൻ പറയുന്നു. താൻ പോലും വളരെ കരുതലോടെ മാത്രമേ ഭാര്യയോട് പെരുമാറാറുള്ളൂ. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് ഭാര്യയുടെ സ്വഭാവത്തിൽ ഇത്തരത്തിൽ മാറ്റം വന്നതെന്നും ജോബ് പറയുന്നു.

പുരയിടത്തിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കാൽ വേർവെട്ട നിലയിലും മറ്റേകാൽ വെട്ടേറ്റുതൂങ്ങിയ നിലയിലുമാണ് മൃതദേഹം. പൊലീസിന്റെ ചോദ്യംചെയ്യലിൽ അമ്മ ജയ കുറ്റം മ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അതിന് ശേഷമാണ് കുറ്റസമ്മത മൊഴി കിട്ടിയത്. ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതൽപേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു.

ബുധനാഴ്ച വൈകിട്ടാണ് മുഖത്തലയിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ ജിത്തുവിന്റെ മൃതദേഹം കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജയമോളുടെ കൈയിലെ പൊള്ളിയ പാടുകൾ കണ്ട് കൂടുതൽ ചോദ്യം തെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബർ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവർ രണ്ടു ദിവസം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.

വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേർന്നു കണ്ട ചെരുപ്പുകൾ ജിത്തുവിന്റെതാണെന്നു കണ്ടെത്തി.. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയിൽ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡിലേക്ക് വരെച്ചെന്നു തിരികെപ്പോയി. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.