ന്യൂഡൽഹി: ജെ.എൻ.യുവിൽ വിദ്യാർത്ഥികൾ ബീഫ് ബിരിയാണി പാകം ചെയ്‌തെന്നാരോപിച്ച് വിദ്യാർത്ഥിക്ക് യുണിവേഴ്‌സിറ്റി പിഴ ശിക്ഷ വിധിച്ചു. എം.എ വിദ്യാർത്ഥിക്കാണ് പിഴ ശിക്ഷ ഈടാക്കിയത്. എന്നാൽ തങ്ങൾ ബീഫ് ബിരിയാണിയല്ല വെച്ചത് എന്നാണ് വിദ്യാർത്ഥികളുടെ വാദം.
അഡ്‌മിനിസ്ട്രേഷൻ ബ്ലോക്കിന് സമീപം നാലുപേർ ബിരിയാണി വെച്ചെന്നും മറ്റുവിദ്യാർത്ഥികൾക്കൊപ്പം കഴിച്ചെന്നും സർവകലാശാല പറയുന്നു.

കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. ജൂൺ 27നാണ് വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷൻ മൊഹിത് കുമാർ പാണ്ഡെയുടെയും ചക്രബർത്തിയുടെയും നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ വി സിയുമായി സംസാരിക്കാൻ ഓഫീസിലെത്തിയത്. എന്നാൽ വി സി തങ്ങളെ മനപ്പൂർവ്വം വെയിറ്റ് ചെയ്യിക്കുകയായിരുന്നു എന്നും അതിൽ പ്രതിഷേധിച്ചാണ് ബിരിയാണി വെച്ചത് എന്നാണ് ആരോപണം.

10 ദിവസത്തിനകം പിഴ അടയ്ക്കണമെന്നും അല്ലാത്ത പക്ഷം കൂടുതൽ നടപടികളുണ്ടാകുമെന്നും സർവകലാശാല നോട്ടീസിൽ പറയുന്നു.എന്നാൽ ബീഫ് ബിരിയാണിയാണ് വെച്ചത് എന്ന് പറഞ്ഞായിരുന്നു വൈസ് ചാൻസിലർ വിദ്യാർത്ഥികൾക്ക് പിഴ ശിക്ഷ വിധിച്ചത്.പിഴ ശിക്ഷ വിധിക്കപ്പെട്ട വിദ്യാർത്ഥികളിലൊരാളായ വിദ്യാർത്ഥി യൂണിയൻ മുൻ ജനറൽ സെക്രട്ടറി സതരൂപ ചക്രബർത്തിക്കെതിരെ വി സിയുടെ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

ജെ.എൻ.യു പോലുള്ള റെസിഡൻഷ്യൽ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ ബിരിയാണി വെക്കുന്നത് പരിശോധിക്കലാണോ സർവകലാശാല പ്രോക്ടറുടെ ജോലിയെന്ന് സതരൂപ ചക്രബർത്തി ചോദിച്ചു.അതേ സമയം ബീഫ് വെച്ചെന്നാരോപിച്ച് എ.ബി.വി.പി പ്രതിഷേധിച്ചു.