ന്യൂഡൽഹി; ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റിലും എബിവിപിയെ മുട്ടുകുത്തിച്ച് ഇടതുമുന്നേറ്റം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എബിവിപിയുടെ ശ്രമം തകർത്ത ഇടതുവിദ്യാർത്ഥി സഖ്യത്തിന്റെ വൻ വിജയം സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ സുപ്രധാന വിധിയെഴുത്തായി. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

യൂണിയൻ പ്രതിനിധികളായിരുന്ന അനിർബൻ ഭട്ടാചാര്യ, ഉമർ ഖാലിദ് എന്നിവരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് മുതൽ ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം മുന്പെങ്ങുമില്ലാത്ത വിധം ദേശീയ ശ്രദ്ധ നേടിയിരുന്നു. 2017 ഒക്ടോബറിൽ എബിവിപി പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് കാണാതായ അനീബ് എന്ന വിദ്യാർത്ഥിയുടെ തിരോധാനം അടക്കമുള്ള വിഷയങ്ങൾ ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസംഖ്യം ഉയർത്തിയിരുന്നു.

ഇതെല്ലാം വിദ്യാർത്ഥികൾ ഏറ്റെടുത്ത് സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ കൃത്യമായ വിധിയെഴുത്തായി ജെഎൻയുവിലേത്. വെള്ളിയാഴ്ച രാത്രി പത്തിനാരംഭിച്ച വോട്ടെണ്ണൽ നടപടികൾ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നു 16 മണിക്കൂർ നിർത്തിവച്ചിരുന്നു. എബിവിപി പ്രവർത്തകർ വോട്ടെണ്ണൽ ഓഫീസിന് പുറത്ത് സംഘർഷമുണ്ടാക്കുള്ള ശ്രമം നടത്തുകയും സെക്യൂരിട്ടി ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തതോടെയാണ് വോട്ടെണ്ണൽ താൽക്കാലികമായി നിർത്തി വച്ചത്. തുടർന്നു ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണു വോട്ടെണ്ണൽ പുനഃരാരംഭിച്ചത്.

ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ (ഐസ), എസ്എഫ്ഐ, ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്), എഐഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ചാണ് ഇടതുപാനലിൽ മത്സരിച്ചത്. 1179 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച ഐസയുടെ എൻ. സായി ബാലാജിയാണ് പ്രസിഡന്റ്, 1579 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഡിഎസ്എഫിന്റെ സരിക ചൗധരി വൈസ് പ്രസിഡന്റായപ്പോൾ 757 വോട്ടുകളുടെ ഭൂരിപക്ഷവുമായി മലയാളിയും എഐഎസ്എഫ് പ്രതിനിധിയുമായ അമുത ജോയിന്റ് സെക്രട്ടറിയായി.

1191 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജനറൽ സെക്രട്ടറിയായ എസ്എഫ്ഐയുടെ ഐജാസ് അഹമ്മദ് റാതർ നേടിയത്. അതിദയനീയമായ തിരിച്ചടിയാണ് എബിവിപിക്ക് യൂണിവേഴ്സിറ്റിയിൽ ഏറ്റുവാങ്ങേണ്ടിവന്നത്. സ്വാധീനമുണ്ടായിരുന്ന ഡിപ്പാർട്ട്മെന്റുകളിൽപ്പോലും പിടിച്ചുനിൽക്കാൻ എബിവിപിക്ക് സാധിച്ചില്ല. എബിവിപിയുടെ ശക്തി കേന്ദ്രമായി വിലയിരുത്തിയിരുന്ന സയൻസ് സ്‌കൂളുകളിൽ പോലും അവർ തകർന്നടിഞ്ഞഉ. ഒരു സീറ്റിൽ പോലും നേട്ടമുണ്ടാക്കാൻ സംഘപരിവാർ സംഘടനയ്ക്കാകാത്തതിന്റെ പ്രകോപനമായിരുന്നു കഴിഞ്ഞ ദിവസത്തെ അക്രമത്തിന് പിന്നിൽ.

വൈസ് ചാൻസിലർ കുമാറിന്റെ നേതൃത്വത്തിലുള്ള സർവകലാശാലാ ഭരണ നേതൃത്വവുമായി അക്കാദമിക്, ഭരണകാര്യ, വിദ്യാർത്ഥിക്ഷേമ വിഷയങ്ങളിൽ നിരന്തര സംഘർഷത്തിലാണ് ഇടത് വിദ്യാർത്ഥി സഖ്യം. ഇതിന് മുതൽക്കൂട്ടാകുന്നതാണ് പുതിയ ഐതിഹാസിക വിജയം. ജെഎൻയുവിന് പുറമേ കേരളത്തിലും വിജയാഹ്ലാദത്തിലാണ് ഇടതു വിദ്യാർത്ഥി സംഘടനകൾ.