ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർന്നതിന്റെ പേരിൽ വിവാദത്തിലായ സ്ഥാപനമായിരുന്നു ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി. എന്നാൽ ദേശസ്നേഹത്തിന് പുതിയ മാതൃക സൃഷ്ടിക്കുമെന്ന പ്രഖ്യാപനമാണ് ഞായറാഴ്ച ജെ.എൻ.യു വൈസ് ചാൻസലർ എം.ജഗദീഷ് കുമാർ നടത്തിയത്. ക്യാമ്പസിൽ യുദ്ധടാങ്കുകൾ സ്ഥാപിക്കണമെന്ന് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമദിനത്തിൽ ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാന്റേയും വി.കെ.സിങിന്റെയും സാന്നിധ്യത്തിലായിരുന്നു വിസിയുടെ പ്രഖ്യാപനം.

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ത്യാഗങ്ങൾ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കണം. ഇത് ജെ.എൻ.യു വിദ്യാർത്ഥികൾക്ക് രാജ്യത്തോടുള്ള സ്നേഹം വർധിക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ, വിരമിച്ച സൈനികർ, മന്ത്രിമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഗംഗ ധാബയിൽ നിന്ന് 2,200 അടി നീളമുള്ള ഇന്ത്യൻ പതാകയുമായി തിരംഗ യാത്രയും സംഘടിപ്പിച്ചു.

ജെഎൻയുവിന് വന്ന മാറ്റം ആശ്ചര്യമുണ്ടാക്കിയെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇപ്പോൾ ഇവിടെ നിന്ന് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.