റിയോ ഡി ജനീറോ: ഫിഫ മുൻ പ്രസിഡന്റ് ജോ ഹാവലാഞ്ച് അന്തരിച്ചു. നൂറു വയസായിരുന്നു. ബ്രസീലിൽ വച്ചായിരുന്നു അന്ത്യം. നീന്തൽ, വാട്ടർ പോളോ മത്സരങ്ങളിൽ ബ്രസീലിനെ പ്രതിനിധാനം ചെയ്ത കായികതാരം കൂടിയായിരുന്നു അദ്ദേഹം.

രാജ്യാന്തര ഒളിംപിക് ഫെഡറേഷൻ (ഐഒസി) അംഗമായിരുന്നു അദ്ദേഹം. 1974 മുതൽ 1998 വരെ ഫിഫ പ്രസിഡന്റ് ആയിരുന്നു. തുടർന്ന് സെപ് ബ്ലാറ്ററാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.

ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16ൽനിന്ന് 32 ആക്കി വർധിപ്പിച്ചത് ഹവലാഞ്ച് ഫിഫ അധ്യക്ഷനായിരിക്കെയാണ്. 2013ൽ ഫിഫയുടെ ഓണററി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഹവലാഞ്ച് രാജിവച്ചിരുന്നു. അഴിമതി ആരോപണത്തെ തുടർന്നായിരുന്നു ഇത്. അതേവർഷം തന്നെ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു.

1963 മുതൽ 2011വരെ ഐഒസി അംഗമായിരുന്നു. മോശം ആരോഗ്യത്തെത്തുടർന്ന് ഫെഡറേഷനിൽനിന്നു രാജിവച്ചു. 1936 ഒളിംപിക്‌സിലാണ് നീന്തലിൽ ബ്രസീലിനെ അദ്ദേഹം പ്രതിനിധാനം ചെയ്തത്.