കുവൈത്തിലെ 20 പ്രൊഫഷനുകളിൽ ഇനിമുതൽ വിദേശികൾക്ക് യോഗ്യത പരീക്ഷ ഏർപ്പെടുത്തും. ഇതുസംബന്ധിച്ചുള്ള നടപടി ക്രമങ്ങളുമായി മാൻപവർ അഥോറിറ്റി തയ്യാറെടുപ്പ് ആരംഭിച്ചു. ഓരോ വർഷവും 20 പ്രൊഫഷൻ വീതം ഉൾപ്പെടുത്തി നാലുവർഷം കൊണ്ട് 80 പ്രൊഷഷനുകളിൽ എത്തിക്കുകയാണ് ലക്ഷ്യം.

സ്വകാര്യ മേഖലയിലെ തൊഴിലാളികളും കഴിവ് തെളിയിക്കേണ്ടിവരും. എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലിൽ വിദേശികൾക്ക് വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തൊഴിൽവിപണിയുടെ ആവശ്യകതക്ക് അനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക. പരീക്ഷയിൽ വിജയിക്കാത്തവരുടെ വിസ ആ പ്രൊഫഷനിൽ അടിച്ചുനൽകില്ല.

നിലവാരമുള്ള തൊഴിൽശക്തിയെ മാത്രം നിലനിർത്തുകയെന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. വിദേശികളെ കുറച്ച് സ്വദേശി ഉദ്യോഗാർഥികൾക്ക് പരമാവധി അവസരമൊരുക്കുകയും ലക്ഷ്യമാണ്. ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഏതൊക്കെ തസ്തികയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇലക്ട്രിക്കൽ, കാർപെൻഡറി, മെക്കാനിക്, മറ്റു ഇൻഡസ്ട്രിയൽ വർക്കുകൾ തുടങ്ങി പത്തോളം ടെക്‌നിക്കൽ പ്രൊഫഷനുകളിലാണ് ആദ്യഘട്ടം നടപ്പാക്കുക എന്ന് സൂചനയുണ്ട്. സ്വകാര്യ മേഖലയിലെ അക്കൗണ്ടന്റ് അടക്കം പ്രഫഷനൽ തസ്തികകൾ തസ്തികകളിൽ വരുംവർഷങ്ങളിൽ തൊഴിൽ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും.

എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്‌കരണത്തിന്റെ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക. ആദ്യഘട്ടത്തിൽ കുവൈത്തിൽ നടത്തുന്ന നൈപുണ്യ പരിശോധന പിന്നീട് റിക്രൂട്ട്‌മെന്റിന് മുമ്പ് അതത് രാജ്യങ്ങളിൽ തന്നെ നടത്തുന്നതും പരിഗണനയിലുണ്ട്.