വാഷിങ്ടൺ: രാജ്യമൊട്ടുക്ക് തൊഴിലവസരങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നതെന്ന് റിപ്പോർട്ടുകൾ. മെയ്‌ മാസത്തിൽ രേഖപ്പെടുത്തിയ തൊഴിൽ അവസരങ്ങൾ അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. അതേസമയം തൊഴിൽ അവസരങ്ങളിൽ ഇടിവു നേരിടാൻ തുടങ്ങിയതോടെ പലിശ നിരക്ക് വർധിപ്പിക്കാനുള്ള ഫെഡറൽ റിസർവിന്റെ തീരുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് സൂചന.

കഴിഞ്ഞ മാസം പുതുതായി 38,000 തൊഴിലുകളാണ് ചേർക്കപ്പെട്ടതെന്ന് ലേബർ ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. 2010 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന തോതാണിത്. തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി കുറഞ്ഞുവെന്നും മറ്റൊരു കണക്ക് വ്യക്തമാക്കുന്നു. 2007 നവംബറിനു ശേഷമുള്ള താഴ്ന്ന തോതാണിത്. നിലവിലുള്ള ജോലിയിൽ നിന്ന് രാജിവച്ച് പോകുന്നവരുടെ എണ്ണം വർധിക്കുകയും പിന്നീട് ഇവരെ തൊഴിൽ രഹിതരായി കണക്കാക്കുകയും ചെയ്യാത്തതിനാലാണ് ഇത്തരത്തിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി രേഖപ്പെടുത്തെന്നും ചൂണ്ടിക്കാണിക്കുന്നു.

മൈനിങ്, മാനുഫാക്ചറിങ് മേഖലകൾ ഉൾപ്പെടുന്ന ഗുഡ്‌സ് പ്രൊഡ്യൂസിങ് സെക്ടറിൽ 36,000 തൊഴിൽ അവസരങ്ങളാണ് നഷ്ടമായത്. 2010 ഫെബ്രുവരിക്കു ശേഷമുള്ള വലിയ നിരക്കാണിത്. യുഎസ് തൊഴിൽ മേഖലയിൽ വളർച്ച രേഖപ്പെടുത്താൻ തുടങ്ങിയാൽ പലിശ നിരക്ക് വർധിപ്പിക്കാനായിരുന്നു ഫെഡറൽ റിസർവിന്റെ തീരുമാനം. എന്നാൽ, തൊഴിൽ അവസരങ്ങൾ കുറഞ്ഞ തോതിൽ സൃഷ്ടിക്കപ്പെടുന്നതിനാൽ ഈ മാസം പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത തീരെയില്ലെന്നു കരുതപ്പെടുന്നു.

പലിശ നിരക്കിൽ ഉടനെയൊന്നു വർധനയില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഡോളർ വില പെട്ടെന്ന് ഇടിഞ്ഞു. പ്രധാന വിപണി 0.6 ശതമാനം ഇടിവിലാണ് ട്രേഡിങ് ആരംഭിച്ചത്.