- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നും റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട ഭർത്താവിനോടും പറഞ്ഞില്ല ജോലി പോയെന്ന്; നുണ പറഞ്ഞ് അഭിനയിച്ച് വീട്ടുകാരെ പറ്റിക്കാൻ ഉപദേശിച്ചത് ഇരിട്ടിയിലെ 'മാഡം'; ലക്ഷം വരെ വാങ്ങി തൊഴിൽ തട്ടിപ്പ്; ബിൻഷയ്ക്ക് പിന്നിൽ ചരട് വലിച്ച മാഡം പൊലീസ് വലയിൽ
കണ്ണൂർ: ടിക്കറ്റ് എക്സാമിനർ ചമഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയെടുത്ത യുവതിയുടെ പിന്നിൽ പ്രവർത്തിച്ച ഇരിട്ടി സ്വദേശിനിയായ മാഡം പൊലീസ് വലയിലായി. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അഞ്ച് ഉദ്യോഗാർത്ഥികളിൽ നിന്നും രണ്ടുലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരിട്ടി ചരൾ സ്വദേശിനി ബിൻഷ ഐസക്ക്(27) തട്ടിയെടുത്തത്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരി ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയായ മാഡത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ബിൻഷയുടെ മൊബൈൽ ഫോണിൽ ഇവരുടെ ഫോൺനമ്പറും ഇവർ തമ്മിൽ നടത്തിയ വാട്സ് ആപ്പ് സന്ദേശങ്ങളുമുണ്ട്. ഇതോടെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ബിൻഷ തൊഴിൽ തട്ടിപ്പ് നടത്തിയത് ഇവരുടെ നിർദ്ദേശപ്രകാരമാണെന്നാണ് പൊലിസ് നൽകുന്ന വിവരം.
ബാസ്‌കറ്റ് ബോൾ താരമായിരുന്ന ബിൻഷയ്ക്ക് നേരത്തെ റെയിൽവേയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ കുറച്ചുനാൾമുൻപ് ഇവർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. റെയിൽവേയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് സമ്പന്ന കുടുംബത്തിൽ നിന്നും വിവാഹം കഴിച്ച ബിൻഷ പിന്നീട് ഈ ജോലി നഷ്ടപ്പെട്ട വിവരം ഭർത്താവിനോട് പോലും അറിയിച്ചിരുന്നില്ല.
ജോലിക്ക് പോകാനായി കണ്ണൂരിലെ ഒരു വാടകവീട്ടിലാണ് ഭർത്താവും കുട്ടിയുമൊന്നിച്ച് ഇവർ താമസിച്ചിരുന്നത്. ഭർത്താവാണ് ഇവരെ എന്നും റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിരുന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മുൻപിൽ താൻ ഇപ്പോഴും റെയിൽവേയിൽ ജോലി ചെയ്യുന്നുണ്ടെന്ന് അഭിനയിച്ച ഇവർ ശമ്പളത്തിന്റെ കുറവ് നികത്താനായി ഇരിട്ടിയിലെ മാഡത്തിന്റെ സഹായത്തോടെ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു.
ഉദ്യോഗാർത്ഥികളിൽ നിന്നും ടി. ടി. എ, ബില്ലിങ് ക്ലർക്ക് ജോലി വാഗ്ദാനം ചെയ്താണ് ബിവിഷ പലരിൽ നിന്നും പണം തട്ടിയെടുത്തത്. ആറ്റടപ്പ സ്വദേശിനി ഹെന നൽകിയ പരാതിയിലാണ് ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. തനിക്ക് റെയിൽവേയിൽ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് ഇവർ ഒരാളിൽ നിന്നും അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപവരെയാണ് വാങ്ങിയിരുന്നത്.
ജോലിക്കായി അപേക്ഷ നൽകുന്നതിന് മാത്രം പതിനഞ്ചായിരം രൂപ ഇവർ കൈപ്പറ്റിയിരുന്നു. യൂനിഫോമിന് 5000 രൂപയും ഹോസ്റ്റൽ , ഫുഡ് സൗകര്യങ്ങൾക്ക് ഡെപോസിറ്റായി പതിനഞ്ചായിരം രൂപയും ഇവർ വാങ്ങിയിരുന്നു. കൂടുതൽ പേർ വിശ്വാസവഞ്ചനയ്ക്ക് പരാതിയുമായെത്തിയതോടെ ബിൻഷ കണ്ണൂരിൽ നിന്നും മുങ്ങുകയായിരുന്നു. പതിവു പോലെ ഭർത്താവ് ഇവരെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കായി കൊണ്ടുവിട്ടുവെങ്കിലും ഇവർ വീട്ടിൽ തിരിച്ചെത്തിയില്ല. ഇതിനെ തുടർന്നാണ് ഭർത്താവ് പൊലിസിൽ പരാതി നൽകിയത്. ഇതിനിടെയാണ് ഇവർസി. ആർ.പി. എഫിന്റെ കസ്റ്റഡിയിലാകുന്നത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ ബിനിഷയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്