കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ നഴ്‌സിങ്, ഡ്രൈവർ, സ്‌റ്റോർ കീപ്പർ,ക്ലീനേഴ്‌സ്, ടെക്‌നീഷ്യൻ തുടങ്ങിയ ഒഴിവുകളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ സംഭവത്തിലെ പ്രതി ഓമനക്കുട്ടന്റെ പാസ്സ്‌പോർട്ട് ഇന്ത്യൻ എംബസ്സി പിടിച്ചു വച്ചു.തട്ടിപ്പിനിരയായ മുഴുവൻ ഉദ്യോഗാർഥികൾക്കും ആറുമാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്നു എഴുതിവാങ്ങിയ ശേഷം  ഇയാളെ എംബസ്സി അധികൃതർ വിട്ടയക്കുകയായിരുന്നു.

പണം വാങ്ങിയവരുടെ പേര് വിവരങ്ങൾ സഹിതം എംബസ്സിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആറുമാസത്തിനുള്ളിൽ മുഴുവൻ പേരുടെയും പണം തിരികെ നൽകാമെന്നു ഓമനക്കുട്ടൻ സമ്മതിച്ചത്. ഇടപാട് കഴിയുന്നത് വരെ രാജ്യം വിട്ടു പോകാതിരിക്കാനാണ് ഇയാളുടെ പാസ്‌പോർട്ട് എംബസ്സി വാങ്ങിവച്ചത്. അവധിയിൽ ഉള്ള അംബാസിഡർ തിരികെ എത്തിയ ശേഷം വീണ്ടും ഹാജരാകാനും എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പ് ഓമനക്കുട്ടൻ കൊല്ലം ഓച്ചിറ സ്വദേശി സന്തോഷിനു അയച്ച ഇമെയിൽ സന്ദേശങ്ങൾ തട്ടിപ്പിൽകൂടുതൽ കണ്ണികൾ ഉണ്ടെന്നു വ്യക്തമാക്കുന്നതായും സൂചനയുണ്ട്. ആളുകൾ പ്രശ്‌നമുണ്ടാക്കുന്നെന്നും കുറച്ചു പേർക്കെങ്കിലും ജോലി ശരിയാക്കി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാൻ ആവില്ലെന്നും കത്തിൽ പറയുന്നു. സന്തോഷിന്റെ നിർദ്ദേശം അനുസരിച്ചാണ് താൻ ഉദ്യോഗാർഥികളിൽ നിന്ന് പണം കൈപറ്റിയതെന്നു ഓമനക്കുട്ടൻ എംബസ്സിയിൽ മൊഴി നൽകിയിട്ടുണ്ട്.

ഓമനക്കുട്ടന്റെ വീട്ടിൽ വച്ച് സന്തോഷ് ഉദ്യോഗാർഥികളെ കാണുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട് . കുവൈത്ത് മന്ത്രാലയത്തിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്ന സന്തോഷിനെ ജനുവരിയിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായാണ് ഫർവാനിയയിലെ വിദ്യാഭ്യാസ മ
ന്ത്രാലയത്തിൽനിന്നു ലഭിച്ച വിവരം. ഓമനക്കുട്ടൻ ഉൾപ്പെടയുള്ള ഇടനിലക്കാരെ വച്ച് തട്ടിപ്പ് നടത്തിയ ശേഷം ഇയാൾ രാജ്യം വിട്ടതായാണ് സൂചന . താൻ മലേഷ്യയിൽ ആണെന്നാണ് ഇയാൾ ഓമനക്കുട്ടനോട് പറഞ്ഞിരിക്കുന്നത്. സന്തോഷിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നാ കാര്യത്തിൽ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം എടുക്കുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 400ൽ അധികം മലയാളികളെയാണ് ഇയാൾ കബളിപ്പിച്ചത്. മെഹ്ബൂലയിൽ ഹോട്ടൽ നടത്തിപ്പുകാരനായ ഓമനക്കുട്ടൻഎം.ഒ.ഇ യിൽ ഉള്ള സുഹൃത്ത് സന്തോഷ് മുഖേന ജോലി വാങ്ങിതരാമെന്നാണ് ഉദ്യാഗാർത്ഥികളോട് പറഞ്ഞിരുന്നത്. ഇതിനായി നഴ്‌സുമാരുടെ കൈയിൽ നിന്ന് 550മുതൽ 600 ദിനാറും, മറ്റ് ജോലികൾക്ക് 250മുതൽ 300 വരെയാണ് ഇയാൾ കൈപ്പറ്റിയിരുന്നത്.

പണം വാങ്ങി ഒരു വർഷത്തിലേറെയായിട്ടും ജോലി തരപ്പെടാത്തതിനാൽ സ്ത്രീകൾ അടക്കമുള്ള 70ഓളം പേർ രാവിലെ ഓമനക്കുട്ടൻ താമസിക്കുന്ന മെഹ്ബൂലയിലെ ഫൽറ്റിൽ എത്തി പിടികൂടി എംബസിയിൽ ഏല്പിക്കുകയായിരുന്നു.