- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധിയിലിൽ ഉലഞ്ഞ് പ്രവാസലോകം; ഒന്നര വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയത് പത്ത് ലക്ഷത്തോളം മലയാളി പ്രവാസികൾ; കൂടുതലും ഗൾഫ് മേഖലയിൽ നിന്ന്
അബുദാബി: കോവിഡ് മഹാമാരിൽ കേരളത്തിൽ നിന്നുള്ള പ്രവാസികൾ നേരിടുന്നത് കനത്ത പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുൾപ്പെടുന്നത്.
ജൂൺ 18-ന് സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരമാണിത്. ഇവരിൽ എത്രപേർക്ക് തിരിച്ചുപോകാൻ കഴിഞ്ഞിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളു.
സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസിസമൂഹത്തിലെ വലിയൊരു ശതമാനം പേരും തൊഴിൽ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് സാഹചര്യത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്.
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരിൽ 96 ശതമാനവും. ഇതിൽ യു.എ.ഇയിൽ നിന്നുമാത്രമെത്തിയത് 8.67 ലക്ഷമാളുകളാണ്. ഇവയ്ക്ക് പുറമെയുള്ള രാജ്യങ്ങളിൽ നിന്നെത്തിയത് 55,960 പേർ മാത്രമാണ്. സാധാരണക്കാരായ ആളുകൾ കൂടുതലായി ജോലിചെയ്യുന്ന ഗൾഫുരാജ്യങ്ങളിൽ നിന്നാണ് കൂടുതൽപ്പേർ എത്തിയിരിക്കുന്നത്.
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം (എ.എ.ഐ) കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി മെയ് 2020 മുതലുള്ള 12 മാസക്കാലം പുറത്തേക്ക് പോയിട്ടുള്ളത് 27 ലക്ഷം ആളുകളാണ്.
നോർക്കയുടെ കണക്കുകൾ പ്രകാരം 14,63,176 ആളുകളാണ് ഇക്കാലയളവിൽ നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. ഇതിൽ 10,45,288 ആളുകൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇതുവരെ നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണത്തിന്റെ 70 ശതമാനത്തോളം വരുമിത്. 2.90 ലക്ഷം പേർ വിസ കാലാവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാൽ മടക്കയാത്ര നടത്താനാവാത്തവരാണ്. കുട്ടികളും മുതിർന്നവരും ഗർഭിണികളുമടങ്ങുന്ന സമൂഹവും ഇതിലുൾപ്പെടും.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസിസമൂഹമയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തിയിരുന്നത്. കേരളത്തിൽനിന്നുള്ള 20 ലക്ഷത്തോളം പേർ ഈ രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണത്തിലെ ഈ ഞെട്ടിക്കുന്ന കണക്കുകൾ വരുംനാളുകളിൽ സംസ്ഥാന സാമ്പത്തികരംഗങ്ങളിലുണ്ടാക്കുന്ന ചലനങ്ങൾ ചെറുതായിരിക്കില്ല.
സ്വാഭാവികമായും വലിയ സാമ്പത്തിക ശേഷിയുള്ളവരല്ല ഗൾഫിൽ നിന്നടക്കം മടങ്ങിയെത്തുന്ന ഈ വിഭാഗങ്ങളിൽപ്പെടുന്നവർ എന്നുള്ളതിനാൽ നാട്ടിലെത്തിയശേഷമുള്ള ഇവരുടെ ജീവിതവും വലിയ ചോദ്യങ്ങളാണുയർത്തുന്നത്. നാട്ടിൽ തൊഴിലെടുക്കാനോ, സംരംഭങ്ങൾ ആരംഭിക്കാനോ വെല്ലുവിളികൾ നേരിടുന്ന സമയമാണിത്. മടക്കയാത്രയ്ക്ക് വിമാനസർവീസുകൾ അനിശ്ചിതമായി നീളുന്നതും പലർക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.
നാട്ടിലേക്ക് മടങ്ങിയവരിൽ എത്രപേർ തിരിച്ചുപോയിട്ടുണ്ടെന്ന് സർക്കാർ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് നോർക്ക റിക്രൂട്ട്മെന്റ് മാനേജർ അജിതുകൊളശേരി പറഞ്ഞു. കോവിഡ് വ്യാപനത്തിന് തുടക്കമായ സമയങ്ങളിൽ നാട്ടിലേക്ക് വന്നവർ പിന്നീട് മടങ്ങിയിട്ടുണ്ടാവാം. ഇതായിരിക്കാം ഇക്കാലയളവിൽ കേരളത്തിൽ നിന്നും പുറത്തേക്ക് പറന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് കാരണം. എ.എ.ഐ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് പുറത്തേക്ക് പറന്ന 27 ലക്ഷം പേരിൽ ട്രാൻസിറ്റ് യാത്രികരും ഉൾപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ നഷ്ടമായ 10.45 ലക്ഷം പേരിൽ 1.70 ലക്ഷം ആളുകൾ മാത്രമാണ് നിലവിൽ അടിയന്തര സഹായധനമായ 5000 രൂപയ്ക്ക് അപേക്ഷനൽകിയിട്ടുള്ളത്. 1.30 ലക്ഷം ആളുകൾക്ക് സഹായധനം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങൾ നടന്നുവരികയാണ്.
നാട്ടിലെത്തിയ ശേഷം ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ നേപ്പാൾ, ശ്രീലങ്ക പോലുള്ള മൂന്നാമത് രാജ്യങ്ങൾ വഴി ബഹ്റൈനിലും ഖത്തറിലും വലിയ തോതിൽ പ്രവാസി കേരളീയർ എത്തുന്നു. തുടർന്ന് സൗദി അറേബ്യയിൽ പോകണമെങ്കിൽ രണ്ടാഴ്ച ക്വാറന്റീനിൽ കഴിയണം എന്ന അവസ്ഥയുമുണ്ട്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ കൊവാക്സിൻ രണ്ടു ഡോസുകൾ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതി ജിസിസി രാജ്യങ്ങൾ നൽകുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. വിദേശത്തു നിന്നും ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ട്.
ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിലെ ഗവണ്മെന്റുകളുമായി ചർച്ച ചെയ്ത് നാട്ടിൽ കുടുങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് എത്രയും പെട്ടെന്ന് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹ്യ പ്രശ്നമാണ്. അതുകൊണ്ട് ഈ പ്രശ്നം കാലതാമസമില്ലാതെ പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.
ന്യൂസ് ഡെസ്ക്