കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്ഥാനാർത്ഥിത്വം ലഭിക്കാനുള്ള കടിപിടികളും കാലുപിടുത്തവുമൊക്കെ പതിവ് കലാപരിപാടിയാണ്. കഴിഞ്ഞദിവസം തോമസ് ചാണ്ടി എംഎൽഎ തന്റെ സ്ഥാനാർത്ഥിത്വത്തിന് ഒപ്പം ഭരണം കിട്ടിയാൽ മന്ത്രിയാകുമെന്നും ജലസേചന വകുപ്പ് ചോദിച്ചു വാങ്ങുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് ഏറെ വിവാദമാകുകയും ചെയ്തു. എന്നാൽ, സ്വയം സ്ഥാനാർത്ഥിത്തം പ്രഖ്യാപിക്കുന്നത് ഒരു ഫാഷനായി തന്നെ മാറുകയാണ് നേതാക്കൾക്കിടയിൽ. ഏറ്റവും ഒടുവിൽ തന്റെ സ്ഥാനാർത്ഥിത്തം സ്വയം പ്രഖ്യപിച്ച് രംഗത്തുവന്നത് കേരളാ കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജോബ് മൈക്കിളാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശേരി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാണ് ജോബ് മൈക്കിൾ രംഗതതെത്തിയത്. തന്റെ ആഗ്രഹം വ്യക്തമാക്കി ജോബ് മൈക്കിൾ ഫേയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. മാണി ഗ്രൂപ്പിലെ ശക്തനായ നേതാവും കെഎം മാണിയുടെ അടുത്ത അനുയായിയുമാണ് ജോബ് മൈക്കിൾ. ഫേസ്‌ബുക്ക് പോസ്റ്റ് വാർത്തയായതോടെ അൽപസമയത്തിനുള്ളിൽ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

ചങ്ങനാശ്ശേരി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. എന്നെ സ്‌നേഹിക്കുന്ന എല്ലാവർ സുഹൃത്തുക്കളോടും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ജോബ് മൈക്കിളിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ജോസ് കെ മാണിയുടെ വിശ്വസ്തൻ കൂടിയായ ജോബ് മൈക്കിളിന് ഈ ഫേസ്‌ബുക്ക് പോസ്റ്റ് വിനയാകുമെന്നാണ് അറിയുന്നത്. മുതിർന്ന നേതാവ് സിഎഫ് തോമസാണ് നിലവിൽ ചങ്ങനാശ്ശേരി മണ്ഡലത്തിലെ എംഎൽഎ. അദ്ദേഹം തന്നെ സ്ഥാനാർത്ഥിയാകുമെന്ന കാര്യവും ഇപ്പോഴത്തെ ഫേസ്‌ബുക്ക് പോസ്‌റ്റോടെ വ്യക്തമായി. സീറ്റ് വിഭജനം സംബന്ധിച്ച് പാർട്ടിയിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചപ്പോഴാണ് ജോബ് മൈക്കിൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.

പ്രായാധിക്യമുള്ള സിഎഫ് തോമസിനെ മാറ്റി ജോബ് മൈക്കിളിനെ സ്ഥാനാർത്ഥിയാക്കാൻ മാണിയുടെ മനസിനും പദ്ധതിയുണ്ടായിരുന്നെങ്കിലും അമിതാവേശം അദ്ദേഹത്തിന് തന്നെ വിനയായ മട്ടാണ്. ഇതോടെ സിഎഫിനെ തന്നെ ഉടൻ സ്ഥാനാർത്ഥിയാക്കി കെ എം മാണി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂച ന.