അടൂർ: സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈപ്പറ്റിയിട്ടും ജോലി നൽകാതെ കബളിപ്പിക്കുന്നതായി പരാതി. ശൂരനാട് പാറക്കടവ് ഇടപ്പനയം സ്വദേശിനി സുധാമണിയാണ് അടൂർ താലൂക്ക് മോട്ടോർ എംപ്ലോയീസ് സഹകരണസംഘത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.സംഘം പ്രസിഡന്റിന്റെ നടപടിക്കെതിരെ പ്രതിഷേധ സമരം വരെ നടത്തിയിട്ടും ഒരു ഫലവും ഉണ്ടാകാത്ത സ്ഥിതിയിലാണ് ഈ കുടുംബം.

സുധാമണിയിടെ പിതാവ് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ടാണ് ആദ്യമായി സഹകരണസംഘം ഓഫീസിലെത്തുന്നത്.തുടർന്ന് ബസിനസ്സ് ആവശ്യവുമായി പലതവണ ഓഫീസിലെത്തുകയും സംഘത്തിലെ ജീവനക്കാരും ഭാരവാഹികളുമായും അടുപ്പത്തിലാവുകയും ചെയ്തു. അങ്ങിനെയാണ് സംഘത്തിൽ ജോലി ഒഴിവുള്ള കാര്യം ഇദ്ദേഹം അറിയുന്നത്.തന്റെ മകൾക്ക് യോഗ്യതകൾ ഉണ്ടെന്ന് സംഘം പ്രസിഡന്റിനോട് ധരിപ്പിക്കുകയും ചെയ്തു.

അങ്ങിനെയെങ്കിൽ പത്ത് ലക്ഷം രുപ തന്നാൽ സ്ഥിരം ജോലിയും സംഘം പ്രസിഡന്റ് വാഗ്ദാനം ചെയ്തു.തുടർന്ന് പരസ്പരം ചർച്ച ചെയ്ത് അഞ്ചരലക്ഷം രൂപയ്ക്ക് ജോലി നൽകാമെന്ന് സംഘം പ്രസിഡന്റ് ഉറപ്പ് നൽകിയാതായും സുധാമണിയുടെ കുടുംബം പറയുന്നു. തുടർന്ന് ജോലിയിൽ പ്രവേശിപ്പിച്ച് 4 മാസത്തിനകം രണ്ടരലക്ഷം രൂപ ആദ്യഖഡുവായി സംഘം പ്രസിഡന്റ് കൈപ്പറ്റി.ഈ രൂപ സുധാമണിയുടെ ഭർത്താവിന്റെ പേരിൽ പത്തനംതിട്ട ജില്ല മോട്ടോർ എംപ്ലോയീസ് യൂണിയന്റെ ലെറ്റർ പാഡിലാണ് വാങ്ങിയത്.

തുടർന്ന് മൂന്ന് ലക്ഷം രൂപ സുധാമണിയുടെ അച്ഛന്റെ പേരിൽ സംഘത്തിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് രശീതിയിലും വാങ്ങിയതായി സുധാമണി പറയുന്നു. ആവശ്യപ്പെട്ട മുഴുവൻ തുകയും കൈപ്പറ്റിയിട്ടും രണ്ടുമാസത്തിന് ശേഷവും ജോലിസ്ഥിരപ്പെടുത്താത്തിനാലാണ് ഇവർ തുക മടക്കിവേണമെന്നാവശ്യപ്പെട്ടത്.എന്നാൽ പല അവധികൾ പ്രസിഡന്റ് പറഞ്ഞതല്ലാതെ തുക മടക്കി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.മാത്രമല്ല ഈ സമയത്ത് തന്നെ മറ്റൊരാൾക്ക് സംഘത്തിൽ സ്ഥിരം ജോലി നൽകിയതായും ഇവർ ആരോപിക്കുന്നു.

മോട്ടോർ തൊഴിലാളി യൂണിയൻ മണ്ഡലം കമ്മറ്റിയുടെ പേരിൽ തുക കൈപ്പറ്റിയതായി സംഘം പ്രസിഡന്റ് കെ ജി സുരേഷ് കുമാർ സമ്മതിച്ചു.എന്നാൽ സംഘത്തിന്റെ പേരിൽ വാങ്ങിയ തുക അംഗങ്ങൾക്ക് ലോണായി നൽകിയിട്ടുണ്ട്.മാത്രമല്ല യൂണിയന്റെ പേരിൽ അടൂർ ബൈപ്പാസിൽ ഒരു വർക്ക്‌ഷോപ്പ് വാങ്ങിയിട്ടുണ്ട്.സുധാമണിയുടെ ജോലി ആവശ്യത്തിനായി വാങ്ങിയ തുക മാർച്ച് അവസാനം നൽകുമെന്നും സുരേഷ് കുമാർ അറിയിച്ചു.

പണം തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ച് സംഘം ഓഫീസിനുമുന്നിൽ സുധാമണിയും കുടുംബവും കുത്തിയിരിപ്പ് സമരം തുടങ്ങി. പണം തിരികെ ലഭിക്കുന്നത് വരെ സമരം തുടരുമെന്നും കുടുംബം വ്യക്തമാക്കി.സമരത്തിനിടെ സുധാമണിയോടൊപ്പം നിന്ന പിതാവ് കെ ജി സുധാകരനെ മർദ്ദിച്ചുവെന്ന പരാതിയിൽ സംഘം വൈസ്പ്രസിഡന്റ് ബിജുവിനെതിരെ അടൂർ പൊലീസ് കേസെടുത്തു.

അതേസമയം ജില്ലാ മോട്ടോർ എംപ്ലോയീസ് യൂണിയന് അടൂരിൽ അത്തരത്തിൽ ഒരു ഘടകമില്ലെന്നാണ് ജില്ലാസെക്രട്ടറി ഡി സജി പറയുന്നത്.കൂടാതെ യൂണിയന് വേണ്ടി വർക്ക്‌ഷോപ്പ് വാങ്ങി എന്നുപറയുന്ന സംഭവം അറിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.