ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരികയും, തൊഴിലവസരങ്ങൾ കുറഞ്ഞതുമാണ്് തൊഴിലില്ലായ്മ വർദ്ധിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തൊഴിൽ സംഘടന കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഏറ്റവും കൂടിയ നിരക്കാണിത്.

മൂന്നിലൊന്നു തൊഴിലാളികൾക്കും വർഷം മുഴുവൻ ജോലിയില്ല. 68 ശതമാനം പേരും 10,000 രൂപയിൽ താഴെ മാത്രം ശമ്പളം കൈപ്പറ്റുന്നവരാണ്. 2015 ഏപ്രിൽ മുതൽ ഡിസംബർ വരെ നടത്തിയ സർവേ പ്രകരമുള്ള വിവരങ്ങളാണിത്. 7.8 ലക്ഷം തൊഴിലാളികളിലാണ് എംപ്ലോയിമെന്റ് യൂണിയൻ പഠനം നടത്തിയത്.

ഗ്രാമങ്ങളിൽ നിന്ന് ജോലി തേടുന്നവരിൽ 53 ശതമാനം ആളുകൾക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. എന്നാൽ നഗരങ്ങളിൽ 82 ശതമാനം വരെയാണ് ജോലി സാധ്യത.

ഗ്രാമ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന 42 ശതമാനം പേർക്കും 12 മാസം ജോലി ഇല്ല. അവർ കൂടുതലും കാർഷിക മേഖലയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 77% ഗ്രാമവാസികൾക്കും ലഭിക്കുന്നത് 10,000 അല്ലെങ്കിൽ അതിൽ താഴെയാണ് വരുമാനം. നഗര പ്രദേശത്തിൽ വരുമ്പോൾ 10 മുതൽ 50, 000 വരെ വരുമാനം ഉള്ളവരാണ്.

മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നടന്ന ആദ്യ സാമ്പിൾ സർവ്വേയിലാണ് വിവരങ്ങൾ പുറത്ത് വന്നത്. യുപിഎ സർക്കാരിനേപ്പോലെ എൻഡിഎ സർക്കാരിനും ഇക്കാര്യത്തിൽ മാറ്റമൊന്നും വരുത്താൻ സാധിച്ചില്ല എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2011-12 ലെ സെൻസെസ് റിപ്പോർട്ടിൽ നിന്നും കാര്യങ്ങൾക്ക് പുരോഗതി ഉണ്ടായിട്ടില്ല.

രാജ്യത്തെ ജോലിയുള്ളവരിൽ 47 ശതമാനവും സ്വയം തൊഴിൽ കണ്ടെത്തിയവരാണെന്നതാണ് പ്രത്യേകത. 2.3 കോടി ആളുകളാണ് വർഷത്തിൽ ഭാഗികമായി ജോലിയുള്ളവരെങ്കിൽ 16 കോടിയോളം വരുന്ന ഇന്ത്യക്കാർ പൂർണമായും തൊഴിലിലില്ലാത്തവരാണ്. 45 കോടി പേർ തൊഴിലാളികളായുള്ളപ്പോഴാണ് ഈ അവസ്ഥ.

അതേസമയം രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 8.7 ശതമാനമാണ്. 2011ൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനമായിരുന്നു എങ്കിൽ 2013ൽ അത് 4.9 ശതമാനമായി വർധിച്ചു.

ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.3 ശതമാനമായി ഉയർന്ന 2015-2016ൽ തൊഴിലില്ലായ്മയുടെ സാഹചര്യത്തിൽ മാറ്റമുണ്ടായില്ല. മോദി സർക്കാരിന്റെ മെയ്‌ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ പദ്ധതികൾ അടിസ്ഥാനപരമായി പ്രശ്‌നങ്ങളിൽ മാറ്റമുണ്ടാക്കിയിട്ടില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്.