മെൽബൺ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായി വർധിച്ചതോടെ ജോബ് സീക്കേഴ്‌സ് അലവസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു. മുപ്പതു വയസിനു മുകളിലുള്ളവർക്കും അലവൻസ് ലഭിക്കാനുള്ള സമയപരിധി ഒരു മാസമായി ദീർഘിപ്പിക്കാനും ആലോചിക്കുന്നതായി സോഷ്യൽ സർവീസ് മന്ത്രി കെവിൻ ആൻഡ്രൂസ് വ്യക്തമാക്കി. അടുത്തകാലത്താണ് അബോട്ട് സർക്കാർ ന്യൂ സ്റ്റാർട്ട് അല്ലെങ്കിൽ യൂത്ത് അലവൻസ് എന്നിവ ലഭിക്കുന്നതിനായി ആറു മാസത്തെ കാത്തിരിപ്പു നടത്തുന്ന വിധത്തിൽ നിയമപരിഷ്‌ക്കരണം നടത്താൻ ആലോചന നടത്തിയത്. എന്നാൽ സെനറ്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ ഈ നിയമപരിഷ്‌ക്കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല.

ഇത്തരത്തിൽ നിയമപരിഷ്‌ക്കരണം നടത്തുന്നതു വഴി 1.2 ബില്യൺ ഡോളറിന്റെ ചെലവുചുരുക്കൽ സാധ്യമാകുമെന്നതിനാലാണ്  അബോട്ട് സർക്കാർ പദ്ധതി പ്ലാൻ ചെയ്തത്. ആനുകൂല്യം ലഭിക്കുന്നതിനായി എല്ലാ പ്രായക്കാർക്കും ഒരു മാസം വരെ കാത്തിരിപ്പ് സമയം ഏർപ്പെടുത്തുമെന്ന് ന്യൂസ് കോർപ് ഓസ്‌ട്രേലിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കെവിൻ ആൻഡ്രൂസ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ ന്യൂസിലാൻഡിനെയാണ് ഓസ്‌ട്രേലിയ മാതൃകയാക്കുന്നത്. ഇവിടെ അലവൻസ് ലഭിക്കുന്നതിന് ഒരു മാസം വരെ കാത്തിരിപ്പുണ്ട്.

പാട്രിക് മക്ലെയർ നേതൃത്വം നൽകുന്ന ഇൻഡിപെൻഡൻസ് റഫറൻസ് ഗ്രൂപ്പ് ഇക്കാര്യത്തിൽ പുനർനിർണയം നടത്തിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.  നിലവിൽ ഓസ്‌ട്രേലിയയിൽ മുപ്പതു വയസിനു മുകളിലുള്ള 540,000 പേർ ന്യൂ സ്റ്റാർട്ട് അലവൻസിനായി കാത്തിരുപ്പുണ്ട്. മക്ലെയർ റിപ്പോർട്ട് വന്നതിനു ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. തുടക്കത്തിൽ വെൽഫെയർ പേയ്‌മെന്റുകൾ ലൡതമാക്കാനും തൊഴിൽ ലഭ്യമാക്കേണ്ട പ്രായക്കാരെ പരിഗണിക്കുകയുമാണ് ചെയ്യുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.