- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈറ്റ്ഹൗസിലെത്തിയ ബോറിസിന്റെ തോളിൽ കൈയിട്ട് ഫോട്ടോ എടുത്ത് ട്രെയിനുകളെ കുറിച്ച് സംസാരിച്ച് ബൈഡൻ; വ്യാപാര കരാറിന്റെ കാര്യത്തിൽ മാത്രം ഉത്തരമില്ല; ബന്ധം പുതുക്കി യു എസ്സും യു കെയും
ന്യൂയോർക്ക്: അറ്റ്ലാന്റിക്കിനു കുറുകെ ഒരു വ്യാപാരകരാറിനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് ബോറിസ് ജോൺസനു ബൈഡനും പിരിഞ്ഞു. അതിനുപകരമായി നിലവിലുള്ള യു എസ്- കാൻഡ- മെക്സിക്കോ കരാർ ഉൾപ്പെടുന്ന മറ്റൊരു കരാറായിരിക്കും പരിഗണിക്കുക. സ്നേഹോഷ്മളമായ വരവേൽപ് ബോറിസിനു നൽകിയ ബൈഡൻ പക്ഷെ വ്യാപാരകരാറിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഒരുമിച്ച് അക്കാര്യം ആലോചിക്കും എന്നതുമാത്രമായിരുന്നു ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി അമേരിക്കൻ പ്രസിഡണ്ട് പറഞ്ഞത്.
അതിനുപകരമായി യു എസ്- കാനഡ-മെക്സിക്കോ വ്യാപാരകരാറിൽ പങ്കാളിയായി അമേരിക്കൻ വിപണിയിലേക്ക് ഒരു പിൻവാതിൽ പ്രവേശനമാണ് ബ്രിട്ടൻ ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് ചില മുതിർന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ കരാറിൽ ഭാഗമായാൽ മെക്സിക്കൻ - കനേഡിയൻ ഉദ്പന്നങ്ങൾക്ക് തുല്യമായ പരിഗണന ബ്രിട്ടീഷ് ഉദ്പന്നങ്ങൾക്കും അമേരിക്കൻ വിപണിയിൽ ലഭിക്കും. അമേരിക്കയുമായി വ്യാപാരകരാർ ഉണ്ടാക്കാൻ കഴിയുമെന്നതിൽ ശുഭാപ്തിവിശ്വാസമുണ്ടെന്ന് നേരത്തേ മാൻഹാട്ടനിൽ പറഞ്ഞ ബോറിസ് പക്ഷെ തന്റെ ആദ്യ വൈറ്റ്ഹൗസ് സന്ദർശനത്തിനുശേഷം അതേക്കുറിച്ചൊന്നും പറഞ്ഞില്ല.
ന്യുയോർക്കിൽ നിന്നും ആംട്രാക്ക് ട്രെയിനിൽ യാത്ര ചെയ്ത വിവരം ബൈഡനെ അറിയിച്ച ബോറിസ് ജോൺസൺ, ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നു എന്നും പറഞ്ഞു. ട്രെയിൻ യാത്രയിലെ കമ്പം കൊണ്ട് ആംട്രാക്ക് ജോ എന്ന വിളിപ്പേര് സമ്പാദിച്ച വ്യക്തിയാണ് ജോ ബൈഡൻ. അത് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ബോറിസിന്റെ സംസാരം. അതേസമയം അയർലാൻഡിൽ വേരുകളുള്ള ജോ ബൈഡൻ ബ്രെക്സിറ്റ് കരാറിലെ നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോളിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ സമാധാനപ്രക്രിയകൾക്ക് വിഘാതം സൃഷ്ടിച്ചേക്കാം എന്ന ആശങ്കയാന് ബോറിസ് ജോൺസനുമായി പങ്കുവച്ചത്.
എന്നാൽ, ബ്രിട്ടനുമായുള്ള വ്യാപാര കരാർ എന്ന ആശയം അമേരിക്ക പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ബൈഡന്റെ വാക്കുകൾ. അതിനെ കുറിച്ചുള്ള സംസാരം തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനെ കുറിച്ചായിരുന്നു ഇരു നേതാക്കളും സംയുക്തമായി പ്രസ്താവന ഇറക്കിയത്. അതുപോലെ ഒരു അമേരിക്കൻ ഡിപ്ലൊമാറ്റ് ഉൾപ്പെട്ട ഒരു കാറപകട കേസിനെ കുറിച്ചും ബോറിസ് ജോൺസൺ ബൈഡനുമായി സംസാരിച്ചു.
കാലാകാലങ്ങളിൽ ബ്രിട്ടനുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക എന്നു പറഞ്ഞ ബോറിസ് ജോൺസൺ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സംരംഭങ്ങൾക്കായി ഇന്നലെ ബൈഡൻ യു എൻ ജനറൽ അസംബ്ലിയിൽ പ്രതിവർഷം 11.4 ബില്ല്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചതിനെ അഭിനന്ദിച്ചു. അതുപോലെ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്കൻ മണ്ണിൽ ഉണ്ടായിരുന്ന യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതിലും ബോറിസ് സന്തോഷം രേഖപ്പെടുത്തി.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറാനുള്ള അമേരിക്കൻ തീരുമാനം കൂടുതൽ സംസാരവിഷയമാക്കാതെ ബോറിസ് ജോൺസൺ ഒഴിഞ്ഞുമാറുകയായിരുന്നു. നേരത്തേ ഈ തീരുമാനത്തിൽ ബ്രിട്ടൻ അമർഷം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പുമായി ബന്ധപ്പെട്ട ഒരു പരാമർശം നടത്തി ഇതിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും വിദഗ്ദമായി ഒഴിഞ്ഞുമാറുകയായിരുന്നു ഇന്നലെ ബോറിസ് ജോൺസൺ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ