- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ച് കയറിയവർ 'ആഭ്യന്തര തീവ്രവാദികൾ'; കലാപത്തിന്റെ ഉത്തരവാദി ട്രംപ്; അധികാരകൈമാറ്റത്തിന് മുമ്പുതന്നെ ട്രംപിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു ഡെമോക്രാറ്റുകൾ; ട്രംപിനെ പിന്തുണച്ച് ആവേശ റാലിക്കെത്തിയവർ അറസ്റ്റു ഭീതിയിൽ
വാഷിങ്ടൺ: കാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചു കയറിയ ട്രംപ് അനുകൂലികളെ ആഭ്യന്തര തീവ്രവാദികൾ എന്ന്വിളിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. വാഷിങ്ടണിൽ നടന്ന കലാപത്തിന്റെ ഉത്തരവാദിത്വം ട്രംപിനാണെന്നും ബൈഡൻ കുറ്റപ്പെടുത്തി. അതേസമയം അധികാരകൈമാറ്റത്തിന് മുമ്പുതന്നെ ട്രംപിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റുകൾ ആഹ്വാനം ചെയ്തു. ഇതോടെ ട്രംപിന്റെ കാര്യം കൂടുതൽ പരുങ്ങലിലായി.
കുറ്റവാളികളെ പ്രതിഷേധക്കാർ എന്ന് വിളിക്കരുത്. പകരം കലാപകാരികളായ ജനക്കൂട്ടം ആഭ്യന്തര തീവ്രവാദികൾ എന്നാണ് അവരെ വിളിക്കേണ്ടത്' -വിൽമിങ്ടണിൽ ബൈഡൻ പറഞ്ഞു. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത 160 ദശലക്ഷം അമേരിക്കക്കാരുടെ ശബ്ദം ഇല്ലാതാക്കാൻ ജനക്കൂട്ടത്തെ ഉപയോഗിക്കാൻ ശ്രമിച്ചതിന് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്നും ബൈഡൺൻ പറഞ്ഞു. യുഎസ് ചരിത്രത്തിലെ ഇരുണ്ട ദിവസങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് അമേരിക്കയിൽ ചരിത്രത്തിൽ മുമ്പില്ലാത്ത വിധം അക്രമികൾ പാർലമെന്റ് മന്ദിരത്തിൽ അഴിഞ്ഞാടിയത്. ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് അക്രമാസക്തരായി വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചുകയറിയത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തെറിഞ്ഞും കെട്ടിടത്തിൽ വലിഞ്ഞുകയറിയും ഔദ്യോഗിക കസേരകളിൽ ഇരുന്നും അക്രമികൾ അഴിഞ്ഞാടി. ബുധനാഴ്ച ഉച്ചയോടെയാണ് പാർലമെന്റ് മന്ദിരത്തിലേക്ക് അക്രമികൾ ഇരച്ചുകയറിയത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു അക്രമം. ട്രംപിനെ അനുകൂലിച്ച് നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നിരുന്നു. ഇവർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഒത്തുകൂടുകയും വ്യാപക അക്രമം അഴിച്ചുവിടുകയുമായിരുന്നു.
ബാരിക്കേഡുകൾ തർത്ത് പാർലമെന്റിനകത്തേക്ക് കുതിച്ച അക്രമികൾ പൊലീസുമായി ഏറ്റുമുട്ടി. ഇതിനകം വൈസ് പ്രസിഡന്റ് മൈക് പെൻസ് ഉൾപ്പെടെ മുഴുവൻ ജനപ്രതിനിധികളെയും സുരക്ഷിതമായി മാറ്റി. അപ്പോഴേക്കും പല വഴികളിലൂടെ വാതിലുകളും ജനാലകളും തകർത്തും ഭിത്തികളിലൂടെ വലിഞ്ഞുകയറിയും അക്രമികൾ കെട്ടിടത്തിനകത്തേക്ക് കടന്നിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.30ഓടെ തുടങ്ങിയ അതിക്രമം നിയന്ത്രണവിധേയമാക്കിയത് നാല് മണിക്കൂറിന് ശേഷമാണ്. ദേശീയ സുരക്ഷാ സേനയെ നിയോഗിക്കുകയും അക്രമികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചിരുന്നു. പാർലമെന്റിന് സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് മരണസംഖ്യ നാലായതായി അധികൃതർ സ്ഥിരീകരിച്ചു.
മുഖം മിനുക്കാൻ ഏതറ്റം വരേയും പോകാനൊരുങ്ങി അമേരിക്ക
ജനാധിപത്യ ധ്വംസനവും മനുഷ്യാവകാശ ലംഘനവും എവിടെയുണ്ടോ അവിടങ്ങളിലേക്ക് സൈന്യത്തെ അയച്ചുവരെ അവകാശ സംരക്ഷകർ നടിക്കാറുള്ള അമേരിക്ക ഇപ്പോൾ സ്വന്തം നാട്ടിലെ പ്രവർത്തിമൂലം ഇപ്പോൾ ലോകത്തിനു മുന്നിൽ തന്നെ തലകുനിച്ചു നിൽക്കേണ്ട ഗതികേടിലായിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നുവരെ വിശേഷിപ്പിക്കാവുന്ന പാർലമെന്റ് മന്ദിരത്തിൽ വരെ അക്രമികൾ അഴിഞ്ഞാടിയത് അമേരിക്കയുടെ ജനാധിപത്യ സമ്പ്രദായത്തിനു വരെ വെല്ലുവിളി ആയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ജനാധിപത്യം ഉയർത്തിപ്പിടിക്കുവാൻ ഏതറ്റം വരേയും പോകും എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തേണ്ട ഒരു ബാദ്ധ്യത അമേരിക്കയ്ക്ക് ഉണ്ടായിരിക്കുകയാണ്. ഇത് മനസ്സിലാക്കി തന്നെയാണ് കക്ഷി ഭേദമില്ലാതെ മിക്ക രാഷ്ട്രീയ നേതാക്കളും ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഭരണഘടനയിലെ 25 ആം ഭേദഗതി അനുസരിച്ച് പ്രസിഡണ്ട് സ്ഥാനത്തുനിന്നും ട്രംപിനെ നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ വൈസ് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. പല റിപ്പബ്ലിക്കൻ നേതാക്കളും ഇതിനെ പിന്തുണച്ച് എത്തിയിട്ടുമുണ്ട്.
അതിനുപുറകേയാണ് കഴിഞ്ഞ ദിവസം നടന്ന കലാപത്തിനെതിരെ കർശന നടപടികൾ കൈക്കൊള്ളുവാൻ ശ്രമിക്കുന്നത്. ഇതുവരെ പാർലമെന്റ് മന്ദിരത്തിനകത്ത് അക്രമം നടത്തിയ സംഭവത്തിൽ 81 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും 36 പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ ഫ്ളോയിഡയിൽ കറുത്തവർഗ്ഗക്കാരനെ മൃഗീയമായി കൊലചെയ്ത സംഭവത്തിനു നേരെ പ്രതിഷേധമായി ഉയർന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭണത്തെ നേരിടാൻ ട്രംപ് നടപ്പിലാക്കിയസ്മാരക സംരക്ഷണ നിയമം ഇപ്പോൾ വീണ്ടും ഉപയോഗിക്കുവാനാണ് പ്രോസിക്യുട്ടർമാർ ആലോചിക്കുന്നത്.
ഈ നിയമമനുസരിച്ച് അക്രമങ്ങളിൽ ഉൾപ്പെട്ടവർക്ക്10 വർഷം വരെ തടവ് ലഭിക്കും. മാത്രമല്ല, ഇത്തരം അക്രമ സംഭവങ്ങളിൽ ഗൂഢാലോചന നടത്തിയവർക്കും അതിൽ പങ്കെടുത്തവർക്കും ഈ നിയമപ്രകാരം ശിക്ഷ ലഭിക്കും. ഈ നിയമം പ്രയോഗിക്കുകയാണെങ്കിൽ ഗൂഢാലോചനയിൽ പങ്കെടുത്തതിന് ട്രംപും ജയിലിൽ പോകേണ്ടതായി വരും. കടുത്ത നടപടികളിലൂടെ, എല്ലാത്തിലും ഉപരിയായി ജനാധിപത്യം സംരക്ഷിക്കാൻ രാജ്യം ബാദ്ധ്യസ്ഥരാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ കടുത്ത നടപടികൾ ബൈഡൻ ഭരണകൂടം കൈക്കൊള്ളും എന്നുതന്നെയാണ് കരുതുന്നത്.
മറുനാടന് ഡെസ്ക്