- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാൻ സംഘം എത്തിയത് നാലു ട്രക്കുകളിൽ; ഇന്ത്യക്കാരെന്ന് കണ്ടതോടെ ചോദ്യം ചെയ്തു വിട്ടയക്കൽ; താലിബാന്റെ പുതിയ നയതന്ത്രം ഇന്ത്യയെ പിണക്കാതെ മുന്നോട്ടെന്നതു തന്നെ; ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമെന്ന് ജോ ബൈഡൻ; രക്ഷാദൗത്യം തടസ്സപ്പെടുത്തിയാൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ്
കാബൂൾ: ഇന്ത്യൻ സംഘത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ച താലിബാൻ നടപടി അവരുടെ പുതിയ നയതന്ത്രത്തിന്റെ ഭാഗമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയെ പിണക്കാതെ മുന്നോട്ടു പോകുക എന്ന നയമാകും താലിബാൻ പിന്തുടരുക. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ സംഘത്തെ സുരക്ഷിതരാക്കിയതും. മറിച്ചായാൽ ഇന്ത്യ കടുത്ത നടപടികളിലേക്ക് പോകുകയും അത് താലിബാന്റെ ഭാവിയെ തന്നെ ബാധിക്കുമെന്നും അവർ ഭയപ്പെട്ടു. അതുകൊണ്ട് തന്നെയാണ് കാബൂളിൽവച്ചു താലിബാൻ സംഘം പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ ഉടൻ വിട്ടയച്ചതും.
നേരത്തെ, താലിബാൻ സംഘം ട്രക്കുകളിലാണ് ഇവരെ ചോദ്യം ചെയ്യാനായി സമീപമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഉന്നത സർക്കാർവൃത്തങ്ങൾ അറിയിച്ചു. വ്യോമസേനയുടെ സി-130ജെ വിമാനം കാബൂളിൽനിന്ന് 85 ഇന്ത്യക്കാരുമായി കാബൂൾ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യക്കാരെ താലിബാൻ സംഘം പിടിച്ചുകൊണ്ടുപോയതായി വാർത്ത പുറത്തുവന്നത്. വിമാനം തജിക്കിസ്ഥാനിലെ ദുഷാൻബെയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ രക്ഷാദൗത്യത്തിനായി മറ്റൊരു വിമാനം കാബൂൾ വിമാനത്താവളത്തിലുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു.
കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. കാബൂൾ വിമാനത്താവളത്തിന്റെ പൂർണ ചുമതല അമേരിക്കൻ സൈന്യത്തിനാണ്. അതേസമയം അഫ്ഗാൻ ദൗത്യം എത്രത്തോളം ദുഷ്ക്കരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബോധ്യമുണ്ട്. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്നതെന്ന് ജോ ബൈഡൻ വ്യക്തമാക്കി.
ഒറ്റ അമേരിക്കൻ പൗരൻ പോലും അഫ്ഗാൻ മണ്ണിൽ ശേഷികുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാകും രക്ഷാദൗത്യമെന്ന് ബൈഡൻ വ്യക്തമാക്കി. താലിബാൻ നിയന്ത്രണം പിടിച്ചെടുത്ത കാബൂൾ നഗരത്തിൽനിന്ന് യുഎസ് പൗരന്മാരെയും വിദേശികളെയും അഫ്ഗാൻ സഖ്യകക്ഷികളെയും വ്യോമമാർഗം പുറത്തെത്തിക്കാൻ നടക്കുന്ന ശ്രമം അതീവ ദുഷ്കരവും അപകടകരവുമാണെന്ന് ബൈഡൻ അറിയിച്ചു.
അതേസമയം, കാബൂൾ വിമാനത്താവളം ഇപ്പോഴും യുഎസ് സൈന്യത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലാണെന്നും ബൈഡൻ പ്രഖ്യാപിച്ചു. കാബൂൾ വിമാനത്താവളം കേന്ദ്രീകരിച്ച് യുഎസ് നടത്തുന്ന രക്ഷാദൗത്യം തടസ്സപ്പെടുത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ബൈഡൻ താലിബാന് മുന്നറിയിപ്പു നൽകി. യുഎസ് സൈനികരെ ആക്രമിക്കുകയോ രക്ഷാദൗത്യം തടസ്സപ്പെടുത്തുകയോ ചെയ്താൽ തക്ക തിരിച്ചടി നൽകുമെന്നുമാണ് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ കണക്കുകൂട്ടലുകൾ പിഴച്ചെന്ന വാദം ശക്തമായി ഉയരുന്നതിനിടെയാണ് വൈറ്റ്ഹൗസിൽനിന്നും പ്രസിഡന്റ് ബൈഡന്റെ പ്രതികരണമെത്തുന്നത്. താലിബാൻ കാബൂൾ നഗരത്തിന്റെ നിയന്ത്രണം പിടിച്ചശേഷം ഇതു രണ്ടാം തവണയാണ് ബൈഡൻ വൈറ്റ്ഹൗസിൽനിന്ന് പരസ്യ പ്രസ്താവന നടത്തുന്നത്. 20 മിനിറ്റോളം നീണ്ടുനിന്ന വൈറ്റ്ഹൗസ് പ്രസ് കോൺഫറൻസിൽ വൈസ് പ്രസിഡന്റ് കമല ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരും ബൈഡനൊപ്പം പങ്കെടുത്തു.
ചരിത്രത്തിലെ ഏറ്റവും വലുതും ബുദ്ധിമുട്ടേറിയതുമായ രക്ഷാദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ നടന്നുവരുന്നതെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ഇതിന്റെ അന്തിമ ഫലം എന്തായിരിക്കുമെന്ന് ഇപ്പോഴും യാതൊരു ധാരണയുമില്ലെന്നും ബൈഡൻ പറഞ്ഞു. വിമാനത്താവളത്തിലേക്കു വരുന്ന ആളുകളെ താലിബാൻ തടയുന്നെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. വിമാനത്താവളത്തിലേക്കു വരുന്ന യുഎസ് പൗരന്മാരെ തടഞ്ഞ ഒരു സംഭവം പോലും ശ്രദ്ധയിൽപെട്ടിട്ടില്ല. അപ്രതീക്ഷിത പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ, കാബൂൾ വിമാനത്താവളത്തിനു പുറത്തേക്ക് യുഎസ് സൈനിക ഇടപെടൽ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബൈഡൻ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏതാണ്ട് 13,000 പേരെ യുഎസ് സൈനിക വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനിൽനിന്ന് പുറത്തെത്തിച്ചതായാണ് വൈറ്റ്ഹൗസ് നൽകുന്ന വിവരം. കാബൂൾ കേന്ദ്രീകരിച്ച് നടക്കുന്ന വ്യോമമാർഗമുള്ള ഒഴിപ്പിക്കൽ ദൗത്യം ഇപ്പോഴും തുടരുകയാണ്. കാബൂളിൽനിന്ന് ആളുകളുമായി എത്തുന്ന ഖത്തറിലെ വ്യോമ താവളത്തിൽ തിരക്ക് വർധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രക്ഷാദൗത്യം ഒരു മണിക്കൂറോളം നിർത്തിവച്ചിരുന്നു.
20 വർഷത്തെ യുദ്ധത്തിനൊടുവിൽ എത്ര യുഎസ് പൗരന്മാരാണ് നിലവിൽ അഫ്ഗാൻ മണ്ണിൽ ശേഷിക്കുന്നതെന്ന കാര്യത്തിൽ യുഎസ് സർക്കാരിന് കൃത്യമായ കണക്കില്ലെന്ന് ബൈഡൻ വ്യക്തമാക്കി. എന്നാൽ നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിക്കുന്ന എത്ര യുഎസ് പൗരന്മാർ അവിടെയുണ്ടെങ്കിലും, അവരെയെല്ലാം തിരികെ എത്തിച്ചിരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. താലിബാനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യവുമായി സഹകരിച്ചിരുന്ന അഫ്ഗാൻ പൗരന്മാരെയും അവിടെനിന്ന് രക്ഷപ്പെടുത്താനുള്ള അമേരിക്കയുടെ ബാധ്യത ബൈഡൻ എടുത്തുപറഞ്ഞു.
മറുനാടന് ഡെസ്ക്