ബാഴ്‌സലോണ: ഡച്ച് ഫുട്‌ബോൾ ഇതിഹാസം യോഹാൻ ക്രൈഫ് അന്തരിച്ചു. 68 വയസായിരുന്നു. അർബുദരോഗബാധയെത്തുടർന്ന് ബാഴ്‌സലോണയിൽ വച്ചായിരുന്നു അന്ത്യം.

ടോട്ടൽ ഫുട്‌ബോളിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന യോഹാൻ ക്രൈഫ് 1974ൽ ലോകകപ്പ് ഫൈനലിൽ എത്തിയ ഹോളണ്ട് ടീമിന്റെ നായകനായിരുന്നു. മൂന്നുവട്ടം ലോകഫുട്‌ബോളർ പദവി നേടിയിട്ടുണ്ട്. 1971, 1973, 1974 വർഷങ്ങളിലാണ് ലോക ഫുട്‌ബോളറായത്.

ഏറെക്കാലമായി ശ്വാസകോശ അർബുദ രോഗം മൂലം ചികിൽസയിലായിരുന്നു. കളിക്കാരനായും പരിശീലകനായും ലോകഫുട്‌ബോളിൽ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ച വ്യക്തിയാണു ക്രൈഫ്.

ഡച്ച് ഫുട്‌ബോൾ ക്ലബായ അയാക്‌സ് തുടർച്ചയായി മൂന്നു തവണ യുറോപ്യൻ ചാംപ്യന്മാരായത് ക്രൈഫിന്റെ മികവിലായിരുന്നു. 1988ൽ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ പരിശീലകനായി ചുമതലയേറ്റ യോഹാൻ ക്രൈഫ് 1992ൽ ടീമിന് ആദ്യ യൂറോപ്യൻ കപ്പ് സമ്മാനിച്ചു. ബാഴ്‌സിലോനയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായിരുന്നു ക്രൈഫ്. നെതർലൻഡ്‌സിനു വേണ്ടി 48 മൽസരങ്ങളിൽ നിന്നു 33 ഗോളുകൾ നേടിയിട്ടുണ്ട്.

ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളായാണു ലോകം യൊഹാൻ ക്രൈഫിനെ പരിഗണിക്കുന്നത്. 1984ൽ കളിയിൽ നിന്ന വിരമിച്ച ശേഷം ക്രൈഫ് അയാക്‌സിന്റേയും പിന്നീട് ബാഴ്‌സലോണയുടേയും മികച്ച പരിശീലകനായി മാറി. ക്രൈഫ് ഇപ്പോഴും ഈ രണ്ട് ക്ലബ്ബിന്റേയും ഉപദേശകനായിത്തുടരുന്നു. ക്രൈഫിന്റെ മകനായ യോർഡി ക്രൈഫും ഫുട്‌ബോൾ കളിക്കാരനാണ്.

1999ൽ ഐഎഫ്എഫ്എച്ച്എസ് സംഘടിപ്പിച്ച സർവ്വേയിൽ നൂറ്റാണ്ടിലെ മികച്ച യൂറോപ്യൻ കളിക്കാരനായും നൂറ്റാണ്ടിലെ രണ്ടാമത്തെ ലോകഫുട്‌ബോൾ താരവുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫ്രഞ്ച് ഫുട്‌ബോൾ മാഗസിനായ ഫ്രാൻസ് ഫുട്‌ബോൾ സംഘടിപ്പിച്ച സർവ്വേയിൽ നൂറ്റാണ്ടിലെ കളിക്കാരനുള്ള മത്സരത്തിൽ ക്രൈഫ് മൂന്നാം സ്ഥാനം നേടിയിരുന്നു.

  • നാളെ ദുഃഖ വെള്ളി (25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ