ന്യൂഡൽഹി: തികഞ്ഞ അന്വേഷണ ത്വരയോടെ ആൻഡമാനിലെ ഒരു നോർത്ത് സെന്റിനൽ എന്ന ചെറിയ ദ്വീപിൽ എത്തിപ്പെട്ട് അവിടെയുള്ള ആദിമനിവാസികളാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട അമേരിക്കൻ മിഷനറി ജോൺ അല്ലെൻ ചൗ(26) വിനുണ്ടായ ദുരന്തത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. അതിനിടെ ഈ ദ്വീപിലെ ആദിമനിവാസികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് നടുക്ക് 20 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ സ്വതന്ത്രരാജ്യമായി ഈ ദ്വീപുകാർ കഴിയാൻ തുടങ്ങിയിട്ട് 30,000 കൊല്ലമായെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വിഷം പുരട്ടിയ അമ്പുകളും മൂർച്ചയേറിയ കോടാലികളുമാണ് ഇവരുടെ ആയുധങ്ങൾ. സുനാമി ദുരന്തം അന്വേഷിക്കാൻ ചെന്ന പട്ടാളത്തെ പോലും വെറുതെ ഇവർ വിട്ടില്ലെന്നാണ് റിപ്പോർട്ട്. പുറംലോകവുമായി ഒരിക്കലും ബന്ധപ്പെടാതെ കഴിയുന്ന ആൻഡമാനിലെ ഈ ചെറിയ ദ്വീപിൽ ചെന്ന് പെട്ട അമേരിക്കൻ മിഷനറി കൊല്ലപ്പെട്ടത് ഇത്തരത്തിലാണ്.

ഇവിടേക്കെത്തുന്ന പുറംലോകക്കാരോട് തികഞ്ഞ അസഹിഷ്ണുതയാണ് ഇവിടുത്തെ ആദിമനിവാസികൾ കാലങ്ങളായി പുലർത്തി വരുന്നത്. ആധുനിക ലോകവുമായി യാതൊരു ബന്ധവും ഇക്കാലത്തും പുലർത്താത്ത ലോകത്തിലെ ജനവിഭാഗങ്ങളിലൊന്നാണിവർ. കാട്ടുപന്നിയെയും നത്തക്കയും ബെറികളും തേനും പച്ചയോടെ കഴിക്കുന്ന ഇവർ ബീച്ചിൽ കൂട്ടം ചേർന്ന് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും പതിവാണ്. കഴിഞ്ഞ വീക്കെൻഡിൽ ഒരു സാഹസികനെ പോലെ ഈ ദ്വീപിൽ കടന്ന് കയറിയ അമേരിക്കൻ മിഷനറി ചൗ ഇവരുടെ വിഷ അമ്പേറ്റാണ് മരിച്ചിരിക്കുന്നത്. തുടർന്ന് ഇവർ അദ്ദേഹത്തെ വെളുത്ത മണലിലൂടെ വലിച്ച് കൊണ്ടു പോവുകയും മരണം ഉറപ്പാക്കുകയും ചെയ്തിരുന്നു.

നോർത്ത് സെന്റിനൽ ദ്വീപ് സന്ദർശിക്കുകയെന്നത് താൻ നിർബന്ധമായും ചെയ്യുന്ന സാഹസികതയാണെന്ന് ചൗ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവിടുത്തുകാരെ കൃസ്തുമതം പഠിപ്പിക്കുകയെന്നത് തന്റെ ജന്മദൗത്യമായും ഈ മിഷനറി സങ്കൽപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർ വിഷം പുരട്ടിയ അമ്പെയ്യുമ്പോഴും ചൗ ധീരമായി ദ്വീപിലൂടെ നടന്നിരുന്നുവെന്നാണ് സൂചന. ദൈവത്തിൽ നിന്നുമുള്ള സന്ദേശം തന്നിലൂടെ ഇവിടേക്കെത്തിക്കുകയാണ് താൻ ചെയ്യുന്നതെന്ന അഭിമാനത്തോടെയാണ് ചൗ കൊല്ലപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യൻ നിയമം അനുസരിച്ച് ഈ ദ്വീപിന്റെ അഞ്ച് നോട്ടിക്കൽ മൈൽ ചുറ്റളവിൽ പ്രവേശിക്കാൻ ആർക്കും അനുമതിയില്ല. ഇതിലൂടെ വളരെ സ്വതസിദ്ധമായി ജീവിക്കുന്ന ഈ ദ്വീപുകാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ലോകത്തിൽ ഇപ്പോഴും അതിജീവിക്കുന്ന പ്രീ നിയോലിത്തിക്ക് വർഗത്തെ സംരക്ഷിക്കാനാണ് ഇന്ത്യ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇവർക്ക് സാധാരണ ജനങ്ങൾക്ക് പിടിപെടുന്ന ജലദോഷം, അഞ്ചാം പനി, പനി തുടങ്ങിയവയെ പോലും പ്രതിരോധിക്കാനുള്ള കഴിവില്ലെന്നും സൂചനയുണ്ട്.

ഏഷ്യയിൽ ആദ്യമുണ്ടായ മനുഷ്യരുടെ ശേഷിക്കുന്ന ഏക പിൻഗാമികളാണ് ഇവരെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. 75,000 വർഷങ്ങൾക്ക് മുമ്പാണ് ഇവരുടെ മുൻ തലമുറക്കാർ ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിലൂടെ ബർമയിലൂടെ ഇന്ത്യയിലെത്തിച്ചേർന്നത്.

അവർ വിജയിച്ചാൽ പിതാവ് അവരോട് ക്ഷമിക്കുക; തന്നെ ആക്രമിക്കാനെത്തിയ ആദിമനിവാസികളെക്കുറിച്ച് ചൗ കുറിച്ചതിങ്ങനെ

ദ്വീപിൽ പ്രവേശിച്ച ചൗ ആദിമനിവാസികളെ പലവിധ സമമാനങ്ങൾ നൽകി വശത്താക്കാൻ ശ്രമിച്ചുവെന്നാണ് മിഷനറി ജേർണൽ വെളിപ്പെടുത്തുന്നത്. ചൗവിനെ അമ്പെയ്തുകൊല്ലുന്നതിന് തലേ ദിവസം തന്നെ ദ്വീപ് നിവാസികൾ ചൗവിന് നേരെ ആക്രമണം തുടങ്ങിയിരുന്നുവെന്നും എന്നിട്ടും അദ്ദേഹം പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഈ ദ്വീപിലെത്താൻ തന്നെ സഹായിക്കാൻ ഇതിനടുത്തുള്ള പ്രാദേശിക മീൻപിടിത്തക്കാരോട് കഴിഞ്ഞ വ്യാഴാഴ്ച ചൗ അഭ്യർത്ഥിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ചൗവിന്റെ കൈയിൽ കരുതിയിരുന്ന ബൈബിളിന് മേൽ ആദ്യദിനം ദ്വീപ് നിവാസികളുടെ അമ്പേറ്റിരുന്നുവെന്നും എന്നാൽ അന്ന് അദ്ദേഹത്തിന് ബോട്ടിലേക്ക് സുരക്ഷിതമായി മടങ്ങാനാവുകയും ചെയ്തിരുന്നു. തുടർന്ന് രണ്ടാം ദിവസമാണ് അദ്ദേഹം അമ്പേറ്റ് മരിച്ചത്. നവംബർ 15 ന് തന്റെ കയാക്കിൽ ഈ ദ്വീപിൽ എത്തിയെന്ന് ജേർണലിനെ ചൗ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

താൻ ആദിമനിവാസികളിൽ നിന്നും ഏതാനും ഇഞ്ച് അകലെയാണെന്നും അവർക്ക് അഞ്ചടി അഞ്ചിഞ്ച് ഉയരമാണുള്ളതെന്നും അവരുടെ മുഖത്ത് മഞ്ഞ പേസ്റ്റ് തേച്ചിരിക്കുന്നുവെന്നും താൻ അവർക്ക് ഫുട്ബോളും മത്സ്യവും നൽകാൻ ശ്രമിച്ചപ്പോൾ അവർ അതിൽ ആകൃഷ്ടരായില്ലെന്നും ചൗ മിഷനറി ജേർണലിനോട് വെളിപ്പെടുത്തിയിരുന്നു.

ക്ഷമിച്ച് കുടുംബം

അലൻ ചൗവ് അമ്പേറ്റുമരിച്ച സംഭവത്തിലെ ആൻഡമാൻ-നിക്കോബാറിലെ സെന്റിനലീസ് ദ്വീപുവാസികളോട് ക്ഷമിക്കുന്നതായി അദ്ദേഹത്തിന്റെ കുടുംബം. ചൗവിന്റെ മൃതദേഹം കണ്ടെടുക്കാൻ ഏതാനും ദിവസംകൂടിയെടുത്തേക്കുമെന്ന് അധികൃതർ പറഞ്ഞു. ചൗ ഇവിടേക്കുപോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ കുടുംബം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം ചൗ ചെയ്ത പ്രവൃത്തിക്ക്, അദ്ദേഹത്തിന്റെ ആൻഡമാനിലെ സുഹൃത്തുക്കളെ ശിക്ഷിക്കരുതെന്ന് അവർ പറഞ്ഞു.

ഈ മാസം 16-ന് സെന്റനലീസ് ദ്വീപിൽ പോയ ചൗവിന്റെ മൃതദേഹം പാതിമൂടിയനിലയിൽ തൊട്ടടുത്തദിവസം കണ്ടെത്തുകയായിരുന്നെന്നാണ് മീൻപിടിത്തക്കാർ പറഞ്ഞത്. അജ്ഞാതരായ വ്യക്തികളുടെപേരിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്താനായി ഹെലിക്കോപ്റ്ററും കപ്പലും അയച്ചിരുന്നു. ദ്വീപിന് അടുത്തേക്ക് പോയാൽ ഗോത്രവർഗക്കാർ പ്രകോപിതരാകുമെന്നതിനാൽ അകലംപാലിച്ചാണ് തിരച്ചിലെന്ന് ആൻഡമാൻ-നിക്കോബാർ ഡി.ജി.പി. ദേപേന്ദ്ര പാഠക് പറഞ്ഞു.

ചൗവിനെ കൊലപ്പെടുത്തിയത് ഇങ്ങനെ

അലൻ ചൗവിനെ, ആൻഡമാനിലെ നോർത്ത് സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാർ കൊലപ്പെടുത്തിയത് രണ്ടു ദിവസം തടങ്കലിൽ പാർപ്പിച്ച ശേഷമെന്ന് പൊലീസിന്റെ വെളിപ്പെടുത്തൽ. സെന്റിനലീസ് ഗോത്രവർഗത്തിൽപ്പെട്ടവരാണ് സുവിശേഷകനെ മൃഗീയമായി കൊലപ്പെടുത്തിയത്. നവംബർ 14 ന് രാത്രി എട്ടിന് ബോട്ടിലാണ് മധ്യ ആൻഡമാനിലെ കർമതാങ് സ്വദേശികളായ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ചൗ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പുറപ്പെട്ടത്. കോസ്ററ് ഗാർഡ്, നേവി എന്നിവരുടെ കണ്ണിൽപ്പെടാതിരിക്കാനായിരുന്നു രാത്രി യാത്ര തെരഞ്ഞെടുത്തത്.

'അർദ്ധ രാത്രിയോടെയാണ് ചൗ പ്രദേശവാസികളായ സുഹൃത്തുക്കൾക്കൊപ്പം നോർത്ത് സെന്റിനൽ ദ്വീപിലെത്തിയതെന്ന് ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലെ ഡി.ജി.പി. ദീപേന്ദ്ര പഥക് ന്യൂസ് 18 നോട് പറഞ്ഞു. നവംബർ 15നു വെളുപ്പിന് 4.30ന് കയാക് യാത്രയും കഴിഞ്ഞയാണ് ഈ സംഘം പടിഞ്ഞാറൻ തീരത്തെത്തിയത്. തീരത്തെത്തിയ ഉടൻ ഗ്രോത്രവർഗക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ ചൗ ശ്രമിച്ചു. ഫുട്ബോൾ, കളിക്കാനുള്ള വളയം, ചൂണ്ട, കത്രിക, മെഡിക്കൽ കിറ്റ് എന്നിവ അവർക്ക് സമ്മാനമായി നൽകുകയും ചെയ്തു. ഇതിനിടയിലെ പരിചയമില്ലാത്ത ഒരാൾ ചൗവിനു നേരെ അമ്പെയ്യുകയായിരുന്നെന്നും ദാപേന്ദ്ര പറഞ്ഞു. നവംബർ 16നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അവസാനമായി ജീവനോടെ കണ്ടതെന്നും ഡി.ജി.പി പറഞ്ഞു.

'നവംബർ 17 ന് ചിലർ മൃതശരീരം വലിച്ചിഴച്ചുകൊണ്ടു വന്ന് കുഴിച്ചു മൂടാൻ ശ്രമിക്കുന്നത് ചൗവിന്റെ സുഹൃത്തുക്കൾ ദൂരെ നിന്നും കണ്ടു. മൃതദേഹത്തിന്റെ ഏകദേശ രൂപവും വസ്ത്രവും സാഹചര്യങ്ങളും ഒക്കെ കണക്കിലെടുത്ത് അത് ജോൺ അലൻ ചൗവിന്റെത് തന്നെയാണെന്നാണ് അവർക്ക് തോന്നിയത്. തിരികെ പോർട്ട് ബ്ലയറിലെത്തിയ ഇവർ ഇക്കാര്യം ജോണിന്റെ സുഹൃത്തായ അലക്സാണ്ടറെ അറിയിച്ചു. ഇലക്ട്രോണിക് എഞ്ചിനിയറായ അലക്സാണ്ടർ വഴിയാണ് പൊലീസ് ചൗവിന് ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ പരിചയപ്പെട്ടത്.' ഡി.ജി.പി പറഞ്ഞു.

മത്സ്യത്തൊഴിലാളികളിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അലക്സാണ്ടർ പൊലീസിനെ സമീപിച്ചു. ജോൺ ചൗ എഴുതിയ പതിമൂന്ന് പേജുള്ള ഒരു കുറിപ്പും മത്സ്യത്തൊഴിലാളികൾ കൈമാറിയിരുന്നു. പിന്നീട് അലക്സാണ്ടർ വിവരങ്ങൾ യുഎസിലുള്ള ചൗവിന്റെ സുഹൃത്തായ ബോബി പാർക്സിനെ അറിയിച്ചു. ബോബി വിവരങ്ങൾ ചൗവിന്റെ അമ്മയെ അറിയിച്ചു. നവംബർ 19ന് ചെന്നൈയിലുള്ള അമേരിക്കൻ കോൺസുലേറ്റ് ജനറൽ വൈസ് കൗൺസിൽ ഡേവിഡ് എൻ റോബർട്സിന്റെ മെയിൽ ലഭിച്ചതായും പഥക് പറയുന്നു. തന്റെ മകൻ നോർത്ത് സെന്റിനേൽ ദ്വീപ് സന്ദർശിക്കാൻ പുറപ്പെട്ടതും അവിടെ വച്ച് ആക്രമിക്കപ്പെട്ടതും ചൂണ്ടിക്കാട്ടി ജോണിന്റെ അമ്മ നൽകിയ വിവരങ്ങൾ അനുസരിച്ചായിരുന്നു ഇത്തരമൊരു ഇ-മെയിൽ സന്ദേശം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒക്ടോബർ 16 ന് ജോൺ പോർട്ട് ബ്ലെയറിൽ എത്തിയെന്നും അവിടെ ഹോട്ടൽ ലാലാജി ബേ വ്യൂവിൽ താമസിച്ചിരുന്നെന്നും വ്യക്തമായി. ഒക്ടോബർ 19 ന് അദ്ദേഹം ആൻഡമാൻ ദ്വീപിലെ ഹട്ട് ബേയിലേക്കും പോയി. നവംബർ അഞ്ചിന് പോർട്ട് ബ്ലെയറിൽ മടങ്ങിയെത്തിയ അദ്ദേഹം നവംബർ 14 ന് നോർത്ത് സെന്റിനെൽ ദ്വീപിലേക്ക് പോകുന്നതുവരെ സുഹൃത്ത് അലക്‌സാണ്ടറിനൊപ്പമായിരുന്നു.