തിരുവനന്തപുരം : വിവാദ ക്രിമിനൽ നടപടി ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് നിരവധി ഭേദഗതികൾ നിർദ്ദേശിച്ച രാജ്യസഭയിലെ സി പി എം അംഗം ജോൺ ബ്രിട്ടാസ് ബിൽ പാസാക്കുന്ന വേളയിൽ ഹാജരാകാതെ മുങ്ങിയത് വിവാദമായി. ബില്ലിനെ എതിർത്തു വോട്ട് ചെയ്യാതെ സി പി എം അംഗങ്ങൾ സഭയിൽ നിന്ന് വിട്ട് നിന്നതിന്റെ കാരണമൊന്നും പുറത്തു പറയുന്നുമില്ല. കണ്ണൂരിൽ പാർട്ടി സമ്മേളനത്തിന് പോയ എളമരം കരീമും സി പി എം നവാഗത എം പി റഹീമും അടക്കം ആരും തന്നെ എതിർത്ത് ചെയ്യാൻ സഭയിൽ എത്തിയതുമില്ല.

ഭേദഗതികൾ അവതരിപ്പിക്കാൻ ഏഴ് തവണ ബ്രിട്ടാസിന്റ പേര് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് വിളിച്ചെങ്കിലും ബ്രിട്ടാസ് സഭയിൽ ഹാജരാകാൻ കൂട്ടാക്കിയില്ല. വിവാദമായ ക്രിമിനൽ നടപടി (തിരിച്ചറിയൽ ഭേദഗതി) ബിൽ 2022 നെതിരെ സഭയിൽ ഘോര ഘോരം എതിർത്തു സംസാരിച്ചു എന്ന പ്രതീതി സൃഷ്ടിക്കുകയും അതിനെതിരെ വോട്ട് ചെയ്യെണ്ട സമയത്ത് മുങ്ങുകയും ചെയ്യുന്ന തന്ത്രമാണ് സി പി എം പയറ്റിയത്. ഇനി മുതൽ തങ്ങൾ ക്രിമിനൽ ഭേദഗതി നിയമത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർ ത്തുവെന്ന് അണികളോടും നാട്ടുകാരോടും പറഞ്ഞു നടക്കും. വോട്ട് ചെയ്യാതെ മുങ്ങിയ കാര്യം ചോദിച്ചാൽ മുട്ടാപ്പോക്ക് തർക്കങ്ങൾ പറഞ്ഞ് രക്ഷപ്പെടാൻ നോക്കും.

അതിനിടെ കെ റെയിലിൽ ചർച്ച പുതിയ തലത്തിലാണ്. കെ റെയിൽ യാഥാർത്ഥ്യമാകാൻ സിപിഎമ്മിന് മോദി സർക്കാരിന്റെ പിന്തുണ വേണം. അതിന് വേണ്ടിയാണ് രാജ്യസഭയിലെ ഒളിച്ചു കളിയെന്നും വിമർശനമുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 59 പ്രതിപക്ഷ അംഗങ്ങളാണ് രാജ്യസഭയിൽ വിവാദ ക്രിമിനൽ നടപടി ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത്. സി പി എം പാർലമെന്റിൽ ഇത്തരം ഇരട്ടത്താപ്പ് നയങ്ങൾ സ്വീകരിക്കുന്നത് ഇതാദ്യമല്ല. ലോക്‌സഭയിൽ സി പി എമ്മിന്റെ സ്വതന്ത്ര അംഗമായിരുന്ന ഡോ. സെബാസ്റ്റ്യൻ പോൾ പാർട്ടിയുടെ ചതി യെക്കുറിച്ച് ഈയടുത്ത കാലത്ത് തുറന്നടിച്ചിരുന്നു - അദ്ദേഹത്തിന്റെ 'എന്റെ കാലം എന്റെ ലോകം' എന്ന ആത്മകഥയിൽ പാർട്ടിയുടെ നിലപാടില്ലായ്മയെക്കുറിച്ചും വഞ്ചനയെക്കുറിച്ചും തുറന്നെഴുതിയിട്ടുണ്ട്.

'2008 ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ആഭ്യന്തര മന്ത്രി പി. ചിദംബരം അവതരിപ്പിച്ച യുഎപിഎ (നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം) ദേദഗതി ബില്ലിനെ സെബാസ്റ്റ്യൻ പോൾ ഉൾപ്പടെയുള്ള സി പി എം അംഗങ്ങൾ അതിശക്തമായി വിമർശിക്കുകയും എതിർത്തു കൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ, വോട്ടെടുപ്പിൽ സി പി എം യു എ പി എ ദേദഗതിയെ അനുകൂലിച്ച് വോട്ടും ചെയ്തു. പാർട്ടിയുടെ ഇരട്ടത്താപ്പിനെ ക്കുറിച്ച് സെബാസ്റ്റ്യൻ പോൾ ആത്മകഥയിലിങ്ങനെയാണ് എഴുതിയിട്ടുള്ളത് -

'സെൻട്രൽ ഹാളിൽ നമ്പാടൻ മാഷ് പതിവ് പോലെ ഒഴിച്ചു തന്ന കട്ടൻ ചായ കുടിച്ചിരിക്കു മ്പോഴാണ് സഭയിൽ വോട്ടെടുപ്പിനുള്ള മണി മുഴങ്ങിയത്. എല്ലാവരും സഭയിലേക്ക് ഓടിപ്പോയപ്പോൾ ഞാൻ സെൻട്രൽ ഹാളിൽത്തന്നെ ഇരുന്നു. ആ അസുലഭ മുഹൂർത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. സിപിഐ നേതാവ് ഗുരുദാസ് ഗുപ്തയും സഭയിലേക്ക് പ്രവേശിക്കാതെ സെൻട്രൽ ഹാളിൽത്തന്നെ ഇരുന്നു. മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിനുള്ള വിട്ടു നിൽക്കൽ ഞാൻ വാർത്തയാക്കിയില്ല. മാധ്യമങ്ങൾ അത് ശ്രദ്ധിച്ചതുമില്ല. സി പി എം കക്ഷി നേതാവ് ബസുദേബ് ഭട്ടാചാര്യയിൽ നിന്ന് അതേ ദിവസം എനിക്ക് ഒരു കാരണം കാണിക്കൽ കത്തു കിട്ടി. വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതിന്റെ കാരണം ബോധിപ്പി ക്കാനായിരുന്നു കത്ത്. ' കതിരുർ മനോജ് വധക്കേസിൽ പി. ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ എതിർത്തവർക്ക് പന്തീരങ്കാവിലെ താഹയ്ക്കും അലനുമെതിരെ യുഎപിഎ ചുമത്തിയപ്പോൾ ന്യായീകരിക്കേണ്ടി വന്നുവെന്നും സെബാസ്റ്റ്യൻ പോൾ പരിഹസിക്കുന്നുണ്ട്. ഇതേ ഇരട്ടത്താപ്പാണ് ക്രിമിനൽ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും സി പി എം അവലംബിച്ചിരിക്കുന്നത്.

കുറ്റവാളികളുടെ വിരലടയാളം, കാലടയാളം, ഫോട്ടോ, കണ്ണുകൾ, ഡിഎൻഎ ഉൾപ്പെടെ ജീവശാസ്ത്രപരമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് അനുമതി നൽകുന്ന നിയമമാണിത്. കൈയക്ഷരം, ഒപ്പ് എന്നിവയ്ക്കൊപ്പം സിആർപിസി നിയമത്തിന്റെ 53, 53 എ വകുപ്പുകൾ അനുശാസിക്കുന്ന കുറ്റവാളികളെ സംബന്ധിക്കുന്ന തെളിവുകൾ കോടതിയുടെ അനുമതി ഇല്ലാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ശേഖരിക്കാൻ കഴിയും. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന തീയതി മുതൽ 75 വർഷത്തേക്ക് ഇവ സൂക്ഷിച്ചുവയ്ക്കാനാകും. കുറ്റവാളികളായവരുടെ സമഗ്ര വിവരങ്ങൾ പൊലീസിന് ഇനിമുതൽ അവരുടെ ഡാറ്റാ ബേസിൽ ഉൾപ്പെടുത്താനും അന്വേഷണം വേഗത്തിലാക്കാനും പുതിയ നിയമം മൂലം കഴിയുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.

ക്രിമിനൽ നിയമ ഭേദഗതിയിലൂടെ പൗരന്റെ സ്വകാര്യത അടക്കമുള്ള അവകാശങ്ങളെ സർക്കാർ കുഴിച്ചുമൂടുകയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ അതിന്റെ എല്ലാ ശക്തിയും സൗന്ദര്യവും സർക്കാർ ചോർത്തുകയാണ്. സിപിഐ യിലെ ബിനോയ് വിശ്വം ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തിരുന്നു.