തിരുവനന്തപുരം: മലയാളം കമ്യൂണിക്കേഷൻസ് എംഡിയും മാദ്ധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാദ്ധ്യമ ഉപദേഷ്ടാവായാകും ജോൺ ബ്രിട്ടാസ് ചുമതലയേൽക്കുക.

ഇന്നോ നാളെയോ ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയേക്കുമെന്നാണു പുറത്തുവരുന്ന സൂചനകൾ. ദേശാഭിമാനി ദിനപ്പത്രത്തിന്റെ റെസിഡന്റ് എഡിറ്റർ പ്രഭാവർമയെ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവായി നിയമിച്ചതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ജോൺ ബ്രിട്ടാസിന്റെ പേരും മാദ്ധ്യമ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുമ്പോൾ ഇരുവർക്കും ഏതു ചുമതലയാണു നൽകുന്നത് എന്ന കാര്യത്തിൽ അവ്യക്തതയാണുള്ളത്. അതേസമയം പ്രസ് സെക്രട്ടറി അല്ലെങ്കിൽ സ്‌പെഷ്യൽ സെക്രട്ടറി എന്ന പദവിയിലേക്കു പ്രഭാവർമയെ നിയമിക്കുമെന്ന സൂചനയാണുള്ളത്.

മാദ്ധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനവും ഇടപെടലും വളരെ നിർണായകമാണ് എന്ന തിരിച്ചറിവിനെത്തുടർന്നാണു ജോൺ ബ്രിട്ടാസിനെ കൊണ്ടുവരുന്നത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ശക്തമായി മുഴങ്ങിക്കേട്ട 'എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്ന വാചകം ജോൺ ബ്രിട്ടാസിന്റെ ബുദ്ധിയിൽ നിന്നുരുത്തിരിഞ്ഞതാണെന്നു വാർത്തകളുണ്ടായിരുന്നു. പ്രചാരണരംഗത്തു നിരവധി കാര്യങ്ങളുടെ ചുക്കാൻ പിടിച്ചതും ജോൺ ബ്രിട്ടാസായിരുന്നു. ഇത്തവണ പിണറായി വിജയന് ഒരു മികച്ച ചിത്രം ജനങ്ങൾക്കിടയിൽ സമ്മാനിക്കുന്നതിനു വലിയ പങ്കാണു ബ്രിട്ടാസ് വഹിച്ചതും. അതുകൊണ്ടു തന്നെയാണു ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ജോൺ ബ്രിട്ടാസ് എത്തുന്നതും.

നേരത്തെ തന്നെ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ചുമതലയുമായി എത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കാതെ മാറിനിൽക്കുകയായിരുന്നു ബ്രിട്ടാസ്. പിന്നീടാണു നിരവധി ചർച്ചകൾക്കുശേഷം മുഖ്യമന്ത്രിക്കൊപ്പം നിന്നു പ്രവർത്തിക്കാൻ ബ്രിട്ടാസിനു നിർദ്ദേശം നൽകിയത്.

എന്നാൽ, ഇതെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇക്കാര്യത്തിൽ തനിക്ക് ഒന്നും അറിയില്ലെന്നാണു ജോൺ ബ്രിട്ടാസ് മറുനാടൻ മലയാളിയോടു പ്രതികരിച്ചത്. 'എനിക്കിപ്പോൾ തന്നെ നിരവധി ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കാനുണ്ട്. പാതിവഴിയിൽ ഉപേക്ഷിച്ചു പോകാൻ കഴിയുന്നവയല്ല അവയൊന്നും'- ബ്രിട്ടാസ് പറഞ്ഞു.

ദേശാഭിമാനി കണ്ണൂർ ലേഖകനായി മാദ്ധ്യമപ്രവർത്തനം തുടങ്ങിയ വ്യക്തിയാണു ജോൺ ബ്രിട്ടാസ്. ദേശാഭിമാനിയുടെ ഡൽഹി ബ്യറോ ചീഫ് ആയിരിക്കെയാണ് ബ്രിട്ടാസ് കൈരളി ചാനലിന്റെ എം.ഡിയായി നിയമിതനാകുന്നത്. പിന്നീട് അദ്ദേഹം സ്റ്റാർ ടി.വി ശൃംഖലയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ ബിസിനസ് ഹെഡ് ആയി പ്രവർത്തിച്ചു. അന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയുടെ അഭ്യർത്ഥനയെ തുടർന്ന് ബ്രിട്ടാസ് കൈരളിയിൽ തിരികെ എത്തുകയും ചെയ്തു. ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പോയാൽ പകരം ചുമതലകൾ ഇപ്പോൾ കൈരളി ചാനൽ ന്യുസ് ഡയറക്ടറായ എൻ പി ചന്ദ്രശേഖരന് നൽകുമെന്നാണു സൂചന.

ബ്രിട്ടാസിനെക്കൂടി ഉൾപ്പെടുത്തുന്നതോടെ പിണറായി വിജയന്റെ ഓഫീസിനു കരുത്തേറുകയാണ്. വിവിധ രംഗങ്ങളിൽ മികവു പുലർത്തിയവരെത്തന്നെയാണ് കഴിവിന്റെ അടിസ്ഥാനത്തിൽ പിണറായി തന്റെ ടീമിൽ ഉൾപ്പെടുത്തിയത്.

തിരുവനന്തപുരം കലക്ടർ പദവിമുതൽ അഡീഷണൽ ചീഫ് സെക്രട്ടറിവരെയായ നളിനി നെറ്റോ, ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയോടെ നിർവഹിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കർ, ഇടതുപക്ഷ സഹയാത്രികനും ജനകീയ കവിയുമായ പ്രഭാവർമ, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രംഗത്തെത്തി സിപിഎമ്മിന്റെ ആശയപോരാട്ടങ്ങൾക്കു കരുത്തു പകരുന്ന പുത്തലത്തു ദിനേശൻ എന്നിവരെ തന്റെ ഒപ്പം നിർത്താൻ തീരുമാനിച്ചത് പിണറായിക്ക് ഏറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തിരുന്നു. കരുത്തുറ്റ ടീമിനെയാണു പിണറായി നിയോഗിച്ചതെന്നു കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിപ്രായം രൂപപ്പെടുകയും ചെയ്തിരുന്നു. ഈ നിരയിലേക്കാണു മാദ്ധ്യമരംഗത്തു തന്റേതായ സ്ഥാനമുറപ്പിച്ച ജോൺ ബ്രിട്ടാസിനെയും തെരഞ്ഞെടുത്തിരിക്കുന്നത്.

സുതാര്യതയും അഴിമതി രഹിത പ്രതിച്ഛായയയുമാണ് നളിനി നെറ്റോയുടെ കരുത്ത്. നിയമത്തെ കാറ്റിൽ പറത്തുന്നതൊന്നും നളിനി നെറ്റോ ചെയ്യുകയില്ല. നീതി ബോധത്തോടെ ആർക്കും വഴങ്ങാതെ പ്രവർത്തിക്കുന്ന ഐഎഎസുകാരിയാണ് അവരെന്ന് ജനത്തിനും അറിയാം. മാഫിയകളും കച്ചവടക്കാരുമെല്ലാം ഈ ഉദ്യോഗസ്ഥയിൽ നിന്ന് കൃത്യമായ അകലം പാലിക്കും. ഇതു മനസ്സിലാക്കിയാണ് നളിനി നെറ്റോയെ പേഴ്സണൽ സ്റ്റാഫിൽ പിണറായി എടുക്കുന്നതും. തന്റെ ഓഫീസിന്റെ കാര്യക്ഷമത കൂട്ടാൻ നൡനിക്കാവുമെന്ന പിണറായിയുടെ വിശ്വാസം ശരിയാകുമെന്ന് ഓരോ മലയാളിയും പ്രതീക്ഷിക്കുന്നുണ്ട്.

വലിയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുമ്പോഴും അഴിമതിയുടെ ചെറു കണിക പോലും വീഴാത്ത ഉദ്യോഗസ്ഥനാണു ശിവശങ്കർ. കടക്കെണിയിൽ ഉഴലുകയായിരുന്ന കെഎസ്ഇബിയെ കടം കൊടുക്കാനുള്ള അവസ്ഥയിലെത്തിച്ച ചെയർമാനെന്ന ഖ്യാതിയും ഈ ഉദ്യോഗസ്ഥനുണ്ട്.

ഇ കെ നയനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു പ്രഭാവർമ്മ. നയനാരുടെ സന്തത സഹചാരിയെ തന്റെ ഓഫീസിലെത്തിക്കുന്നതിലൂടെ മികച്ച മാദ്ധ്യമ ഇടപെടലുകളിലൂടെ പ്രതിച്ഛായ ഉയർത്തുകയാണ് പിണറായിയുടെ ലക്ഷ്യം. രാഷ്ട്രീയഭേദമെന്യേയുള്ള പ്രഭാവർമ്മയുടെ സൗഹൃദവും മികച്ച പ്രതിച്ഛായയും തന്നെയാണ് ഈ മുതിർന്ന മാദ്ധ്യമ പ്രവർത്തന് തുണയായത്.

താൻ വിശ്വസിക്കുന്ന ആദർശങ്ങളോടു നൂറ് ശതമാനം കൂറ് പുലർത്തുന്ന വ്യക്തിയാണു പുത്തലത്ത് ദിനേശൻ. സാധാരണ യുവ നേതാക്കളിൽ ആരോപിക്കുന്ന പ്രശ്നങ്ങളൊന്നും പുത്തലത്ത് ദിനേശനില്ല താനും. ഏവരേയും സ്നേഹത്തോടെ ഒരുമിപ്പിക്കാനും പറ്റും. അങ്ങനെ മുഖ്യമന്ത്രിക്കും സമൂഹത്തിനും ഇടയിലെ പാലമായി മാറാൻ ദിനേശന് കഴിയുന്നു. സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ പ്രചാരണത്തിൽ ദിനേശൻ പുത്തലത്തിന് വ്യക്തമായ സ്വാധീനമുണ്ടായിരുന്നു.

ഈ നാലു പ്രഗത്ഭർക്കൊപ്പം പിണറായി വിജയന്റെ ടീമിലേക്കു ജോൺ ബ്രിട്ടാസ് കൂടി ചേരുമ്പോൾ കേരളത്തിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. നേരത്തെ കേന്ദ്രമന്ത്രിമാരെ കാണാനുള്ള മുഖ്യമന്ത്രിയുടെ യാത്രയിലും ജോൺ ബ്രിട്ടാസ് അനുഗമിച്ചിരുന്നതു വാർത്തയായിരുന്നു.