വാഷിങ്ടൺ: യുഎസ് ബഹിരാകാശ ഇതിഹാസം ജോൺ ഗ്ലെൻ(95) അന്തരിച്ചു. ബഹിരാകാശത്ത് ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരൻ ഇദ്ദേഹമാണ്. നാസയാണ് മരണ വിവരം പുറത്തുവിട്ടത്.

1962ൽ ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലാണ് ഗ്ലെൻ ഭൂമിയെ വലംവച്ചത്. അഞ്ച് മണിക്കൂർ കൊണ്ട് മൂന്ന് തവണയാണ് അദ്ദേഹം ഭൂമിയ വലംവച്ചത്. ബഹിരാകാശ സഞ്ചാരം നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും ഇദ്ദേഹത്തിനാണു സ്വന്തം. തന്റെ 77-ാം വയസിൽ 1998 ഒക്ടോബറിലായിരുന്നു ആ യാത്ര.

അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റായി സേവനമനുഷ്ടിച്ച ഗ്ലെൻ രണ്ടാംലോക മഹായുദ്ധത്തിലും കൊറിയൻ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. തുടർന്നാണ് ബഹിരാകാശ ഏജൻസിയായ നാസയിൽ ചേർന്നത്.

1974 ഒഹായിയോ സംസ്ഥാനത്തുനിന്ന് ഡെമോക്രാറ്റിക് പ്രതിനിധിയായി യുഎസ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 24 വർഷം സെനറ്ററായി സേവനം അനുഷ്ഠിച്ചു. യുഎസിലെ പരമോന്നത ബഹുമതിയായ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ അടക്കമുള്ള പുരസ്‌കാരങ്ങൾക്ക് അർഹനായിരുന്നു. ജോൺ ഗ്ലന്നിന്റെ വിയോഗത്തിൽ പ്രസിഡന്റ് ബറാക് ഒബാമയും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും അനുശോചനം അറിയിച്ചു.