ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ(ഫാഡ) പ്രസിഡന്റായി പോപ്പുലർ വെഹിക്കിൾസിന്റെ മാനേജിങ് ഡയറക്ടർ ജോൺ കെ പോൾ തിരഞ്ഞെടുക്കപ്പെട്ടു.

1964-ൽ സ്ഥാപിതമായ ഫാഡയുടെ ആദ്യത്തെ കേരളീയ പ്രസിഡന്റുകൂടിയാണ് ജോൺ പോൾ. 2014 മുതൽ 16 വരെ ഫാഡയുടെ വൈസ് പ്രസിഡന്റായും 2012-14 കാലയളവിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

റീട്ടെയിൽ വാഹന വിപണിയിൽ മാരുതിയുടെ രാജ്യത്തെ ഏറ്റവും വലിയ വിപണന ശൃംഖലകളിലൊന്നാണ് പോപ്പുലർ വെഹിക്കിൾസ്. കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ മാനേജിങ് ട്രസ്റ്റി കൂടിയാണ് ജോൺ കെ പോൾ.

കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിൽ നിന്നു എൻജിനീയറിങ് ബിരുദമെടുത്ത ജോൺ സംരഭക വികസനം പ്രോത്സാഹിപ്പിക്കുന്ന ആഗോള തലത്തിൽ തന്നെ പ്രശസ്ത സ്ഥാപനമായ ടൈ ഗ്ലോബലിന്റെ ട്രസ്റ്റി ബോർഡ് അംഗവും മുൻ പ്രസിഡന്റുമാണ്. കേരള ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ കേരള ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമാണ്.

കാർ, യൂട്ടിലിറ്റി വാഹനങ്ങൾ, വാൻ, ബസ്, ട്രക്ക്, ട്രാക്ടർ, 2,3 വീലർ വാഹനങ്ങൾ എന്നിവയുടെ വിൽപ്പന, സർവീസ്, സ്‌പെയർ പാർട്ട്‌സ് വിൽപ്പന തുടങ്ങിയ നടത്തുന്ന വാഹന ഡീലർമാരുടെ അപെക്‌സ് ബോഡിയാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ എന്ന ഫാഡ. നാല് പ്രാദേശിക അസോസിയേഷനുകളുമായി 1964 ൽ സ്ഥാപിതമായ ഫാഡയുടെ സ്ഥാപക പ്രസിഡന്റ് ടിവി എസ് ഗ്രൂപ്പിന്റെ ടി.എസ്. സന്താനം ആയിരുന്നു. ഇന്ത്യയിലെ റീട്ടെയ്ൽ വാഹന വിപണിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംഘടന പ്രവർത്തനമാരംഭിച്ചത്. രാജ്യത്തെ വാഹന വിപണിയുടെ 90 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന ഫാഡയിൽ രാജ്യത്തുടനീളമുള്ള 10,000 ത്തിലധികം വാഹന ഡീലർമാർ അംഗങ്ങളാണ്.