വെറുമൊരു ജോലിയിൽ ഒതുങ്ങിക്കൂടാതെ ഇന്നത്തെ യുവാക്കൾ സംരംഭക രംഗത്തേക്ക് കൂടുതയാലി പ്രവേശിക്കുന്ന കാലമാണിത്. തൽഫലമായി യുവാക്കളായ സമ്പന്നർ ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്. അവർക്കൊക്കെ പ്രചോദനമാകുന്ന ഒരു റിപ്പോർട്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതായത് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ എട്ടാമത്തെ യുവാവായി മലയാളിയായ ജോൺ പോൾ ജോയിയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ മകനാണ് ജോൺപോൾ. യുവകോടീശ്വരന്മാരെ തെരഞ്ഞെടുക്കുന്ന പട്ടികയിൽ സ്ഥാനം പിടിച്ച ഏക ഇന്ത്യക്കാരനുമാണ് 29കാരനായ ഇദ്ദേഹം. വെൽത്ത് എക്‌സാണീ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

820മില്യൺ ഡോളറിന്റ ആസ്തിയാണ് ജോൺപോളിനുള്ളത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ജോൺ പോൾ. 1981നും 1997നും ഇടയിൽ ജനിച്ച യുവകോടീശ്വരന്മാരെയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ചൈനക്കാർക്കാണ് യുവകോടീശ്വരന്മാരുടെ ലിസ്റ്റിൽ ആധിപത്യമുള്ളത്.ലിസ്റ്റിലെ 10 പേരിൽ ഒമ്പത് പേരും ചൈനക്കാരാണ്. പത്തിൽ മൂന്ന് പേരും വനിതകളാണെന്നതും വിസ്മയകരമാണ്. ഈ മൂന്ന് കോടീശ്വരികൾക്കും കൂടി 10 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. അതായത് ലിസ്റ്റിലെ മൊത്തം സമ്പത്തിന്റെ 44 ശതമാനവും ഇവരുടേതാണെന്ന് വെൽത്ത് എക്‌സ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് 34 വയസുള്ള യാംഗ് ഹുയാൻ ആണ്. കൺട്രിഗാർഡൻ ഹോൾഡിങ്‌സിന്റെ വൈസ് ചെയർമാനാണ് ഇദ്ദേഹം. ചൈന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രോപ്പർട്ടി ഡെവലപ് മെന്റ് ആൻഡ് മാനേജ്‌മെന്റ് കമ്പനിയാണിത്. അദ്ദേഹത്തിന്റെ വ്യക്തിപര വരുമാനം 6.1 ബില്യൺ ഡോളറാണ്. ആൻഡ്രിയാൻ ചെംഗാണ് രണ്ടാംസ്ഥാനത്ത്. ഹോംഗ്‌കോംഗിലെ ന്യൂവേൾഡ് ഡെവലപ്‌മെന്റ് ഗ്രൂപ്പിന്റെ ചീഫാണ്. ആൻഡ്രിയാന്റെ നെറ്റ് വർത്ത് 4.4 ബില്യൺ ഡോളറാണ്. തുടർന്നു വരുന്നവരുന്ന സ്ഥാനങ്ങളിലുള്ളവർ ഇനി പറയുന്നവരാണ്. അവരുടെ ആസ്തി ബ്രാക്കറ്റിൽ കൊടുക്കുന്നു. കെല്ലി സോംഗ്(3 ബില്യൺ ഡോളർ), ഹീ സിതാവോ(2.7 ബില്യൺ ഡോളർ), ലിൻ ക്യു(2.2ബില്യൺ ഡോളർ), ലിയ ചെൻ(1.1 ബില്യൺ ഡോളർ), യാൻ വു(860 മില്യൺ ഡോളർ), സാംഗത് കാൻഗ്ലി(710 മില്യൺ ഡോളർ), സു യുഫെൻഗ് (660 മില്യൺ ഡോളർ). 

ഫിനാൻഷ്യൽ സർവീസുകളിലെ ക്ലൈന്റ്‌സിന് വെൽത്ത് ഇന്റലിജൻസ് പോലുള്ള വിവിധ തരം സേവനങ്ങൾ നൽകുന്ന ഗ്ലാബൽ അഥോറിറ്റിയാണ് വെൽത്ത് എക്‌സ്.