- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിന്നിഷ് ഭാഷയിലെ ഒരു പാട്ടിൽനിന്നും 'യാത്ര' ഒരുക്കി; ബ്ലൂ ലഗൂണിനെ 'ഇണ'യാക്കി; ഒരു വരിയിൽനിന്ന് മൂന്നുമണിക്കൂർ സിനിമയുണ്ടാക്കുന്ന അത്ഭുതം; പരന്ന വായനയും ചിന്തയും; മമ്മൂട്ടിയും ലാലും തൊട്ട് ന്യൂജൻകാരുടെ വരെ സുഹൃത്ത്; വിട പറയുന്നത് മലയാള സിനിമയുടെ സർവവിജ്ഞാനകോശം
കോഴിക്കോട്: മലയാള സിനിമയുടെ സഞ്ചരിക്കുന്ന സർവവിജ്ഞാന കോശമായിരുന്നു അന്തരിച്ച തിരിക്കഥാകൃത്തും സംവിധായകനുമായ ജോൺപോൾ. ചലച്ചിത്ര സംബന്ധിയായ എന്ത് വിഷയത്തിനും സംശയനിവാരണം അവസാനം അദ്ദേഹത്തിന്റെ പക്കൽ എത്തും. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം സിനിമാരംഗത്ത് സജീവമായിരുന്നില്ലെങ്കിലും, അദ്ധ്യാപനവും, എഴുത്തും, സഫാരി ടിവിയിൽ അടക്കമുള്ള നിരവധി ടെലിവിഷൻ പ്രോഗ്രാമുകളുമായി അദ്ദേഹം സജീവമായിരുന്നു. പരന്ന വായനയും, ചിന്തയും, എഴുത്തിന്റെ പാതയിൽ കരുത്താക്കിയ ജോൺ പോൾ സപ്തതിക്ക് ശേഷമുള്ള കാലത്ത് എഴുത്തിലും പ്രഭാഷണങ്ങളിലുമാണ് നിറഞ്ഞുനിന്നത്.
സഫാരി ടിവിയിലെ 'ചരിത്രം എന്നിലൂടെ', 'സ്മൃതി' എന്നീ പരിപാടികളിലൂടെയാണ് താൻ പുതുതലമുറക്ക് പ്രിയങ്കരൻ ആവുന്നതെന്ന് ജോൺ പോൾ ഈയിടെയും പറഞ്ഞിരുന്നു. അനർഗള നിർഗളമായി വാക്കുകൾ അദ്ദേഹത്തിന്റെ നാക്കിലുടെ മലവെള്ളപ്പാച്ചിൽ പോലെ കുത്തി ഒഴുകുന്നത് കണ്ടാൽ ആരും അമ്പരന്നുപോകും. പുതിയ തലമുറ ഗൗരവമായി സിനിമ പഠിക്കുന്നുണ്ടെന്നും നിരവധി സംശയങ്ങൾക്കായി തന്നെ വിളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഇപ്പോൾ സംശയ നിവാരണമാണ് എന്റെ ജോലി. തിരക്കഥാകൃത്ത് എന്നതിൽ നിന്ന് മാറി അദ്ധ്യാപകൻ എന്ന നിലയിലാണ് പ്രവർത്തനം. എന്നാലും സിനിമയെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറ ഉയർന്നുവരുന്നത് ശ്രദ്ധേയമാണ്''- ജോൺപോൾ കോവിഡ് കാലത്ത് തന്നെ വിളിച്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
യാത്ര ഒരുക്കിയത് ഫിന്നിഷ് കഥയിൽ നിന്ന്
ഇന്ന് അറിയപ്പെടുന്ന പല തിരക്കഥാ കൃത്തുക്കളുടെ പല സൃഷ്ടിയും മാറ്റി എഴുതിയത് അദ്ദേഹമായിരുന്നു. ആ നിലക്ക് നോക്കുമ്പോൾ നൂറല്ല, അഞ്ഞൂറ് തിരക്കഥകൾ താൻ എഴുതിയിട്ടുണ്ട് എന്നാണ് അദ്ദേഹം രഹസ്യമായി പറയുക. കഥ എവിടെ പ്രതിസന്ധിയിൽ നിൽക്കുന്നോ അപ്പോൾ ഒക്കെ സംവിധായകർ ജോൺപോളിനെയാണ് വിളിക്കാറ്. എം ടിയാണ് തന്റെ തിരക്കഥയിലെ മാനസഗുരുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു ചെറിയ സംഭവത്തിൽ നിന്നോ കൊച്ചുകഥയിൽനിന്നോ, ഒരു വലിയ തിരക്കഥ സൃഷ്ടിക്കാൻ കഴിയുന്നത് ആയിരുന്നു ജോൺപോളിന്റെ ഏറ്റവും വലിയ കരുത്ത്. ഒരു ചെറുകഥ പോലും എഴുതാതെയാണ് താൻ തിരക്കഥാരംഗത്തേക്ക് കടന്നുവന്നതെന്ന് ഒരഭിമുഖത്തിൽ ജോൺ പോൾ പറഞ്ഞിട്ടുണ്ട്. പി.എൻ. മേനോന്റെ കഥയിൽ അസ്ത്രം, തിക്കോടിയൻ നാടകത്തിൽ ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കൊച്ചിൻ ഹനീഫയുടെ കഥയിൽ ഇണക്കിളി, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥയിൽ ഒരുക്കം, രവി വള്ളത്തോളിന്റെ രേവതിക്കൊരു പാവക്കുട്ടി, ബ്ലൂ ലഗൂൺ എന്ന അമേരിക്കൻ സിനിമയുടെ മലയാള ആവിഷ്‌കാരം ഇണ... തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതെല്ലാം ജോൺ പോൾ പൊന്നാക്കി.
ഫിന്നിഷ് ഭാഷയിലെ ഒരു പോപ്പുലർ സോങ്ങിൽ നിന്നാണ് അദ്ദേഹം യാത്ര എന്ന മമ്മൂട്ടിയുടെ ചിത്രം സൃഷ്ടിച്ചത്. 'അതെനിക്കു പരിചയപ്പെടുത്തിയതു ബാലരമയുടെ പത്രാധിപരായിരുന്ന എൻ.എം.മോഹനനാണ്. ഒരിക്കൽ ഞങ്ങൾ വഴിയരികിൽ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ 'ജോണിന് ഇതിൽനിന്നു സിനിമ ഉണ്ടാക്കാൻ പറ്റും' എന്നദ്ദേഹം പറഞ്ഞു. അതെന്റെ മനസ്സിൽ കിടന്നു വളർന്ന് 'യാത്ര'യിൽ എത്തി. അത് ഓസ്‌കർ വൈൽഡ് ചെറുകഥയാക്കിയിട്ടുണ്ടെന്നും അതിനെ ആസ്പദമാക്കി 'യെല്ലോ ഹാൻഡ്കർച്ചീഫ്' എന്ന സിനിമയുണ്ടായിട്ടുണ്ടെന്നും പിന്നീടാണ് അറിഞ്ഞത്.''- ജോൺ പോൾ ഒരു പഠനക്ലാസിൽ പറഞ്ഞു.
ഭരതൻ, പത്മരാജൻ, കെ.ജി.ജോർജ്, മോഹൻ എന്നീ നാല് സംവിധായകരുമായാണ് അദ്ദേഹത്തിന് അത്മബന്ധം കൂടുതൽ ആയി ഉണ്ടായിരുന്നത്. 'അപാരമായ കഥാ സെൻസ് ഉള്ള ആളായിരുന്ന പത്മരാജൻ. നമ്മൾ വിചാരിക്കുന്നതിന് അപ്പുറത്തേക്ക് ഒരു കഥയെ മാറ്റിമറിക്കാൻ പത്മരാജന് കഴിയും. അതുപോലയാണ് മോഹനും തിരക്കഥാവേളയിൽ പറഞ്ഞുറപ്പിക്കുന്ന ചില കാര്യങ്ങൾ ഒരിക്കലും മാറ്റാൻ മോഹൻ കൂട്ടാക്കിയിരുന്നില്ല. ഉദാഹരണത്തിന് 'മംഗളം നേരുന്നു' എന്ന സിനിമ. അതിൽ മഞ്ഞിൻ കണങ്ങൾ ഇറ്റുനിൽക്കുന്ന പൂവിനു പകരം പ്ലാസ്റ്റിക് പൂ വച്ചതിനു സ്വന്തം പ്രൊഡക്ഷന്റെ ഷൂട്ടിങ് രണ്ടു മണിക്കൂർ നിർത്തിവച്ച ആളാണു മോഹൻ. ഒറിജിനൽ പൂ വന്നിട്ടാണു ചിത്രീകരണം തുടർന്നത്. അതായത് തന്റെ സങ്കൽപത്തിൽ നിന്നു മാറാൻ അദ്ദേഹം തയാറല്ല.
എന്നാൽ, ഭരതൻ അങ്ങനെയല്ല. ഏതു ലൊക്കേഷനിലും പുതിയതു കണ്ടാൽ അതുകൂടി ഇതിലേക്കു ചേർക്കാൻ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കും. അവിടെ വച്ച് എന്തെങ്കിലും ഭ്രാന്തമായ ആശയം പറഞ്ഞാലും വളരെ റിസപ്റ്റീവായി അതു ചെയ്യും. 'സന്ധ്യമയങ്ങും നേരം' എന്ന സിനിമയിൽ ഭരത് ഗോപിയുടേത് അൽപം അബ്നോർമലായ കഥാപാത്രമാണ്. അതിൽ അദ്ദേഹം തന്നെത്താൻ സംസാരിക്കുന്ന സീക്വൻസുണ്ട്. ലൊക്കേഷനിൽ ഞാനും ഗോപിയും കൂടി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിനടുത്തായി വലിയൊരു നായയെ ചങ്ങലയ്ക്കിട്ടിരിക്കുന്നതു ശ്രദ്ധിച്ചു. അതിന്റെ നോട്ടവും ഭാവവും കണ്ടു ഭരതൻ നായയെ സിനിമയിലേക്കു കഥാപാത്രമായി സ്വീകരിച്ചു. ഗോപിയുടെ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിൽ നായയുടെ ചലനങ്ങൾ ചേർത്തുവച്ചു. കെ ജി ജോർജ് ആണെങ്കിൽ മേക്കിങ്ങിലാണ് അദ്ദേഹത്തിന്റെ മികവ്. റിയലിസ്റ്റിക്കായാണ് അദ്ദേഹം ചിത്രീകരണം നടത്തുക. ''- ജോൺപോൾ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ന്യൂജൻ സിനിമാക്കാരുമായി അടുത്ത സൗഹൃദം
മമ്മൂട്ടിയും മോഹൻലാലുമെന്ന പോലെ അധികം ആളുകളുമായി അടുക്കാത്ത തമിഴ് നടൻ ശിവാജി ഗണേശനുമായിപ്പോലും ജോൺപോളിന് അടുത്ത സൗഹൃദമായിരുന്നു. ആ ബന്ധത്തിൽനിന്നാണ് ശിവാജി അച്ഛനും മോഹൻലാൽ മകനുമായ ഒരു യാത്രാമൊഴി ഉണ്ടാവുന്നത്. അതേരീതിയിൽ ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ പുതിയ തലമുറയോടും അദ്ദേഹത്തിന് ഇടപെടാനായി.
സിനിമാരംഗത്ത് തിരക്ക് കുറഞ്ഞ ഇടവേളയിൽ സിനിമയെ പുറത്തു പഠിക്കാനും പുസ്തകങ്ങളുടെ രചനയ്ക്കും സിനിമാ വിദ്യാർത്ഥികൾക്ക് തന്റെ അറിവുകൾ പകരാനുമാണ് അദ്ദേഹം സമയം ചെലവിട്ടത്. എം ടി. വാസുദേവൻ നായർ എന്ന എഴുത്തുകാരനോട് ഏറെ ആരാധനയും ആദരവുമുണ്ടായിരുന്ന ജോൺ പോൾ എം ടി. സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു. ദേശീയ അന്തർദേശീയ തലങ്ങളിൽ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഒരു ചെറുപുഞ്ചിരി എം ടിയോടൊപ്പം പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കി.
എനിക്ക് ശേഷം പ്രളയം എന്ന നിലപാട് ഒരിക്കലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. 'ഭരതൻ-പത്മരാജൻ യുഗത്തോടെ എല്ലാം തീർന്നുവെന്ന് കരുതുന്നത് തെറ്റാണ്. പുതിയ തലമുറയിലും ഏറെ കഴിവുള്ളവർ ഉണ്ട്.
ആഷിക്ക് അബുവിന്റെ ഗ്യാങ്ങ്സ്റ്റർ എന്ന സിനിമയിൽ ഞാൻ വില്ലൻ വേഷത്തിൽ അഭിനയിക്കാൻ ഇടയായതുപോലും, നവ സിനിമാക്കുമായുള്ള എന്റെ അടുത്ത സൗഹൃദത്തെ തുടർന്നാണ്'- ജോൺപോൾ ഒരിക്കൽ പറഞ്ഞു. പല ന്യൂജൻ സിനിമക്കാരുടെ തിരിക്കഥ തിരുത്താനും പ്രെജക്റ്റുകൾക്ക് തലതൊട്ടപ്പനായി നിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരു കഥ കേട്ടാൽ അതുമായി സാമ്യമുള്ള ലോകസിനിമയിൽ ഉണ്ടായ മറ്റ് കഥകൾ പറഞ്ഞുകൊടുക്കാൻ കഴിവുള്ള അപൂർവം പേരെ ഇന്ന് കേരളത്തിൽ ഉള്ളൂ. ആ നിലക്ക് നോക്കുമ്പോൾ മലയാളത്തിലെ ന്യുജൻ സിനിമക്ക് കൂടിയുണ്ടായ നഷ്ടമാണ് ജോൺപോളിന്റെ വിയോഗം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ