മസ്‌കറ്റ്: നേഴ്‌സായിരുന്ന ചിക്കു റോബർട്ടിന്റെ കൊലപാതകത്തിലെ ദുരൂഹ ഇനിയും മാറിയിട്ടില്ല. ചിക്കുവിന്റെ ഭർത്താവ് ലിൻസൺ ഇപ്പോഴും ഒമാൻ പൊലീസിന്റെ കസ്റ്റഡിയിലും. മസ്‌ക്കറ്റിലെ മലയാളി സമൂഹം ആകെ നിരാശയിലും ആശങ്കയിലുമായിരുന്നു. ഇതിനിടെ അവരെ വേദനയിലാഴ്‌ത്തി മൊറ്റൊരു വാർത്ത കൂടി. പെട്രോൾ പമ്പിൽ മോഷണം ചെറുക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയ മലയാളി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി.

കോട്ടയം സ്വദേശി ജോൺ ഫിലിപ്പിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തനാമിനും ഫഹൂദിനും ഇടയിൽ മസ്രൂക്ക് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി മുതലാണ് ജോൺ ഫിലിപ്പിനെ കാണാതായത്. ഹഫീത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സുനീന പ്രദേശത്ത് പ്രവർത്തിച്ചിരുന്ന പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു ജോൺ ഫിലിപ്പ്. കടയുടെ ഉൾഭാഗത്ത് രക്തം കണ്ടെത്തിയിരുന്നു. ജോൺ ഫിലിപ്പ് ഒറ്റയ്ക്കാണ് പമ്പിൽ ജോലിക്കുണ്ടായിരുന്നത്. ഇതോടെ ഓമാനിലെ മലയാളി സമൂഹത്തിന്റെ ആശങ്ക ഉയരുകയാണ്.

സംഭവത്തിൽ ആറു പേരെ പിടികൂടിയതായി ഒമാൻ റോയൽ പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ജോൺഫിലപ്പിനെ കണ്ടെത്താൻ കേന്ദ്ര സർക്കാർ മുഖേന നാട്ടിലെ കുടുംബം ശ്രമം സജീവമാക്കിയിരുന്നു. ജോൺ ഫിലിപ്പിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയും കുടുംബത്തെ കേന്ദ്ര സർക്കാർ അറിയിച്ചു. അതിന് തൊട്ട് പിന്നാലെയാണ് മരണം സ്ഥിരീകരിച്ച വാർത്തയെത്തുന്നത്. വെള്ളിയാഴ്ച പെട്രോൾ പമ്പിലെ രാത്രി പത്തിന പ്രവർത്തനം അവസാനിപ്പിച്ച് ഓഫീസിലേക്ക് കയറിയ ജോണിനെ അക്രമിച്ച് കവർച്ച നടത്താൻ ശ്രമിക്കുകയായിരുന്നു. സിസിടിവി ക്യാമറകളും മോഷണം പോയിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന പെട്രോൾ പമ്പിൽ നിന്നു 5000 റിയാലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

ജോൺ ഫിലിപ്പന്റെ റസിഡൻസ് കാർഡും മൊബൈൽ ഫോണും ഓഫിസിൽ നിന്നു കണ്ടെത്തിയിരുന്നു. അക്രമണം നടന്ന പമ്പിലും പരിസങ്ങളിലും പൊലീസെത്തി തെളിവെടുത്തിരുന്നു. ഹഫീത് ബുറൈമി റോഡിൽ നിന്നു 20 കിലോമീറ്റർ മാറിയുള്ള പ്രദേശമാണ് സുനീന. ഇവിടുത്തെ ഈവനിങ് ഷിഫ്റ്റ് ജോലിക്കാരനായിരുന്നു ജോൺ ഫിലിപ്പ്. ജോണിന്റെ ഭാര്യ കോട്ടയത്ത് അക്കൗണ്ടന്റായ ബിനു ജോണും വിദ്യാർത്ഥികളുമായ രണ്ടു മക്കളും വേനലവധിക്ക് ഒമാനിൽ പോയിരുന്നു. അവധിയാഘോഷിച്ച് മടങ്ങിയത്തെി രണ്ടാഴ്ച തികയുമ്പോഴാണ് സങ്കടവാർത്തയത്തെിയത്.

12 വർഷമായി ഇബ്രിബുറൈമി റോഡിൽ സനീനയിലെ അൽ മഹാ പെട്രോൾ പമ്പിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു ജോൺ ഫിലിപ്പ്. മസ്‌കത്തിൽനിന്ന് 400 കി.മീ. അകലെ ഉൾപ്രദേശമാണിത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഭാര്യ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ച വീണ്ടും ഫോൺ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ചയോടെ ഫോൺ സ്വിച്ച് ഓഫായി. പിന്നീട് ടൈംസ് ഓഫ് ഒമാനിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് ജോൺ ഫിലിപ്പിന് അപകട വിവരം നാട്ടിൽ ലഭിച്ചത്.

ദക്ഷിണേന്ത്യക്കാരനായ ജോൺ പെട്രോൾ പമ്പിൽ കവർച്ചക്കിരയായെന്നും തട്ടിക്കൊണ്ടുപോയെന്നുമായിരുന്നു വാർത്ത. തുടർന്ന് ഒമാനിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ജോൺ ഫിലിപ്പിനെ കാണാതായെന്ന് സ്ഥിരീകരിച്ചത്. ഇവരാണ് നാട്ടിൽ അറിയിച്ചത്. കൊല്ലം സ്വദേശി ബാബുവും ഒരു ഒമാൻ സ്വദേശിയുമാണ് പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം ജോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശനിയാഴ്ച രാവിലെ ഡ്യൂട്ടിക്കത്തെിയ ബാബു ഓഫിസ് തുറന്നുകിടക്കുന്നത് കണ്ട് ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

ഓഫിസിനുള്ളിൽ രക്തത്തുള്ളികളും കണ്ടത്തെി. തറയിൽ വീണ രക്തത്തുള്ളികൾ ടിഷ്യുപേപ്പർ ഉപയോഗിച്ച് തുടക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. വെള്ളിയാഴ്ച രാത്രി 11ന് ശേഷമുള്ള സെയിൽസ് റിപ്പോർട്ട് അപ്ലോഡ് ചെയ്തിരുന്നില്ല. അതിനാൽ, ഇതിനു മുമ്പാണ് സംഭവം നടന്നതെന്ന് കരുതുന്നു.