ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോൺസൺ അപേക്ഷ നൽകിയത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

രാജ്യത്തിന്റെ വാക്സിൻ ശേഖരണം വർധിച്ചിരിക്കുന്നു. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് വാക്സിന് അനുമതി നൽകി. ഇന്ത്യക്ക് ഇപ്പോൾ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ച് ആയി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഇത് വലിയ മുന്നേറ്റം സമ്മാനിക്കും- മന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്‌സിൻ വിതരണത്തിനെത്തിക്കുക.സാധാരണ റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്ന വാക്സിൻ ആണിത്. അപേക്ഷയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷൻ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതൽ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളെച്ചൊല്ലിയുള്ള ഭിന്നതയെത്തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ ഡ്രഗ്സ് കൺട്രോളർക്കു നൽകിയ അപേക്ഷ പിൻവലിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.