മേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചത് പോലെ ഇവിടേക്കുള്ള കുടിയേറ്റത്തിന് തടയിടാൻ തന്നാലാവുന്നതെല്ലാം ചെയ്യുന്ന തിരക്കിലാണല്ലോ.കോടതി ഇടപെട്ട് പിൻവലിപ്പിച്ചെങ്കിലും ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് വരുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. ട്രംപ് ഭരണകൂടത്തിന്റെ ഈ കുടിയേറ്റ വിരുദ്ധ മനോഭാവം നിലവിൽ ഇവിടുത്തെ ഔദ്യോഗിക സംവിധാനങ്ങളിലേക്കെല്ലാം പകർന്നിട്ടുണ്ട്. ഏഷ്യക്കാരുടെ ലുക്ക് ഉള്ളവരൊക്കെ അമേരിക്കയ്ക്ക് പോകുമ്പോൾ പൊരുത്തം ഉണ്ടെങ്കിലും എയർപോർട്ടിൽ കർക്കശമായതും സൂക്ഷ്മമായതുമായ പരിശോധനയ്ക്ക് വിധേയമാകുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ക്ഷണിക്കപ്പെട്ട് പോയ ബ്രിട്ടനിലെ പരമോന്നത സൈനിക മെഡൽ നേടിയ ധീരജവാനായ ജോൺസൺ ബെഹാരിക്ക് പോലും പാസ്‌പോർട്ട് ക്ലീയറൻസിനായി കാത്തിരുന്നത് മൂന്ന് മണിക്കൂറാണ്. തന്റെ ഏഷ്യൻ മുഖച്ഛായയാണ് ഇതിന് കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിനൊപ്പം ചേർന്ന് ബ്രിട്ടന് വേണ്ടി പോരാടി ഉന്നത സൈനിക മെഡലുകൾ നേടിയ ആളാണ് താനെന്ന് സെക്യൂരിറ്റി സ്റ്റാഫിനോട് പറഞ്ഞിട്ടും അവർ തന്നോട് ഒരു ഭീകരവാദിയോടെന്ന വണ്ണമാണ് പെരുമാറിയിരിക്കുന്നതെന്ന് ബെഹാരി ആരോപിക്കുന്നു. തന്റെ പാസ്‌പോർട്ടിലെ ഇറാഖി സ്റ്റാമ്പ് കണ്ട് താൻ ഇറാഖിലേക്ക് പോകുന്ന ആളാണെന്ന് സെക്യൂരിറ്റി സ്റ്റാഫുകൾ ഉറച്ച് വിശ്വസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ പേരിൽ ന്യൂയോർക്കിലെ ജെഎഫ്‌കെ എയർപോർട്ടിൽ അദ്ദേഹത്തിന് നീണ്ട മൂന്ന് മണിക്കൂറുകളാണ് കാത്ത് കെട്ടിക്കിടക്കേണ്ടി വന്നിരിക്കുന്നത്. ഇത്രയും നേരം സ്റ്റാഫ് അദ്ദേഹത്തിന്റെ പാസ്‌പോർട്ട് സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു.

ജനുവരി 27ന് നടന്ന ഒരു ചാരിറ്റി ഇവന്റിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിനെ തുടർന്നായിരുന്നു ബെഹാരി യുഎസിലെത്തിയതെങ്കിലും ആ പരിഗണന പോലും സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഈ ചാരിറ്റിയെ ഒരിക്കൽ സാക്ഷാൽ ഡൊണാൾഡ് ട്രംപ് തന്നെ പിന്തുണച്ചിരുന്നു. ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ സേനക്കൊപ്പം പോരാടി ബ്രിട്ടീഷ്,കോമൺവെൽത്ത് സേനകൾക്ക് അഭിമാനമായി മാറി ബഹുമതികൾ നേടിയ തന്നെ വിമാനത്താവളത്തിൽ വച്ച് അപമാനിക്കുകയായിരുന്നുവെന്നാണ് ബെഹാരി ഇക്കഴിഞ്ഞ ശനിയാഴ്ച പ്രതികരിച്ചിരിക്കുന്നത്. തനിക്ക് ഏഷ്യൻ മുഖച്ഛായ ഉള്ളതുകൊണ്ട് മാത്രം തന്നെ തീവ്രവാദിയായി കണക്കാക്കിയത് ശരിയായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

താൻ ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി ഇറാഖിൽ പോരാടിയ ആളാണെന്ന് പല വട്ടം പറഞ്ഞിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ അത് അവഗണിക്കുകയായിരുന്നുവെന്നും ബെഹാരി പറയുന്നു. ഏഴ് മുസ്ലിം രാജ്യക്കാർക്ക് ട്രംപ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് യുഎസ് പൗരന്മാരല്ലാത്തവർ അമേരിക്കയിലെത്തുമ്പോൾ കടുത്ത പ്രശ്‌നങ്ങളെയും അവഗണനകളെയും നേരിടേണ്ടി വരുന്നുവെന്നും ബെഹാരി തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ വിവരിക്കുന്നു. തങ്ങളെ രണ്ട് വ്യത്യസ്തമായ ക്യൂകളിലാണ് നിൽപിച്ചതെന്നും അതായത് അമേരിക്കക്കാർക്കും അല്ലാത്തവർക്കും വെവ്വേറെ വരികൾ എയർപോർട്ടിലുണ്ടായിരുന്നുവെന്നാണ് ബെഹാരി സാക്ഷ്യപ്പെടുത്തുന്നത്. അമേരിക്കക്കാരെ പെട്ടെന്ന് സുരക്ഷാ പരിശോധന നടത്തി പോകാൻ അനുവദിച്ചെങ്കിലും തങ്ങൾ മണിക്കൂറുകളോളം കാത്ത് കെട്ടിക്കിടക്കേണ്ടി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.തന്റെ വിമാനം ഗാത്വിക്കിൽ നിന്നും ജെഎഫ്‌കെ എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷം രണ്ടര മണിക്കൂർ നേരം ബെഹാരിക്ക് പരിശോധനക്കായി ക്യൂ നിൽക്കേണ്ടി വന്നു. പിന്നീട് ഒരു 30 മിനുറ്റ് കൂടി വീണ്ടുമൊരു ചോദ്യം ചെയ്യലിനായി കാത്തിരിക്കേണ്ടി വന്നു. താൻ ഇറാഖിൽ ചെലവഴിച്ചതിന്റെ വിശദാംശങ്ങൾ ഒരു ഉദ്യോഗസ്ഥൻ പ്രത്യേകമായി ചോദിച്ചറിഞ്ഞിരുന്നുവെന്ന് ബെഹാരി വെളിപ്പെടുത്തുന്നു.