കൊച്ചി: ഹോട്ടലുടമയെ നഗരമധ്യത്തിൽ പട്ടാപ്പകൽ കുത്തിക്കൊന്നതിന് പിന്നിൽ മോശം ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കം. ജൂനിയർ ജനത റോഡിൽ മംഗലപ്പിള്ളിൽ ആൽബി എന്നു വിളിക്കുന്ന ജോൺസണാണ്(48) ഇന്നലെ ഉച്ചയ്ക്ക് രണ്ടരമണിയോടെ വൈറ്റില ജനതാ സ്റ്റോപ്പിനുസമീപം കുത്തേറ്റു മരിച്ചത്. സംഭവത്തിൽ കടവന്ത്രയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി രതീഷിനെ കണ്ടെത്താൻ പൊലീസിന് ഇനിയും ആയിട്ടില്ല.

ഉച്ചയ്ക്ക് ആൽബിയുടെ ഹോട്ടലിൽ രതീഷ് വന്നിരുന്നു. ഇയാൾ ഉഴുന്നുവടയാണ് വാങ്ങിയത്. എന്നാൽ വടയ്ക്ക് പുളിപ്പുണ്ടെന്നുപറഞ്ഞ് ഇയാൾ ആൽബിയോടു വഴക്കുണ്ടാക്കിയശേഷം പുറത്തേക്കുപോയി. മൂന്നുമണിയോടെ പഴം വാങ്ങി സ്‌കൂട്ടറിൽ തള്ളിക്കൊണ്ട് വന്ന ആൽബിയെ ഹോട്ടലിന് അടുത്തുള്ള റോഡിൽ മദ്യപിച്ചശേഷം കത്തിയുമായെത്തിയ രതീഷ് കഴുത്തിന് കുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

പൊലീസ് തിരയുന്നു. കുത്തേറ്റ് റോഡിൽ വീണ ആൽബിയെ ഓടിക്കൂടിയവർ ആദ്യം വൈറ്റില വെൽകെയർ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനതയിൽ പോളക്കുളം ബാറിനുസമീപം സിബിൻ എന്ന പേരിൽ ഹോട്ടൽ നടത്തുകയായിരുന്നു ആൽബി. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ജോൺസൺന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

മദ്യലഹരിയിലാണു പ്രതി കൃത്യം നിർവഹിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: ഹോട്ടലിനു സമീപം പാരഡൈസ് റോഡിൽ വാടകയ്ക്കു താമസിച്ചിരുന്ന ടാക്‌സി ഡ്രൈവർ കൂടിയായ രതീഷുമായി ജോൺസണു മുൻപരിചയമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഊണുസമയത്ത് ഹോട്ടലിലെത്തിയ രതീഷ് കഴിക്കാൻ വട ആവശ്യപ്പെട്ടു. വട നൽകിയെങ്കിലും കേടാണെന്നും പുളിയാണെന്നും പറഞ്ഞു രതീഷ് ബഹളം വയ്ക്കുകയും ജോൺസണെ കളിയാക്കുകയും ചെയ്തു.

കേടായ വടയ്ക്കു പണം തരേണ്ടെന്നും ശല്യം ചെയ്യാതെ കടയിൽനിന്ന് ഇറങ്ങിപ്പോകണമെന്നും ജോൺസൺ പറഞ്ഞതോടെ ഇയാൾ ബഹളം വച്ചുകൊണ്ട് ഇറങ്ങിപ്പോയി. രണ്ടരയോടെ, പഴം വാങ്ങാനായി ബൈക്കിൽ പുറത്തിറങ്ങിയ ജോൺസൺ തിരിച്ചുവരുമ്പോൾ ഹോട്ടൽ കെട്ടിടത്തിന് എതിർവശം രതീഷ് ബൈക്ക് തടഞ്ഞുനിർത്തുകയായിരുന്നു. സമീപത്തെ ബീയർ പാർലറിൽ പോയി മദ്യപിച്ചശേഷം കത്തിയുമായി ജോൺസണെ കാത്തുനിൽക്കുകയായിരുന്നു ഇയാൾ. ബൈക്കിൽ നിന്നിറങ്ങിയ ജോൺസന്റെ കഴുത്തിൽ കത്തികൊണ്ടു വെട്ടി. ആളുകൾ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു.

ഷിനിയാണു ജോൺസന്റെ ഭാര്യ. ബിരുദ വിദ്യാർത്ഥി എബിൻ, ഒൻപതാംതരം വിദ്യാർത്ഥി സിബിൻ എന്നിവർ മക്കൾ. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ. എറണാകുളം സൗത്ത് സിഐ സിബി ടോമിനാണ് അന്വേഷണച്ചുമതല.