കൊച്ചി: ഹോട്ടലിൽ ബോണ്ടയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഹോട്ടലുടമയെ നടുറോഡിൽ വെട്ടി കൊന്ന പ്രതി പൊലീസ് പിടിയിൽ. കൊച്ചി വൈറ്റിലയിൽ ഹോട്ടലുടമയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പുളിയന്മല കമ്പനിപ്പടി പരുത്തിക്കാട്ടിൽ പി.എസ്. രതീഷ് (27) കട്ടപ്പന വാഴവരയിൽ വച്ചാണ് പിടിയിലായി. കട്ടപ്പന സിഐ വി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ടാക്‌സി ഡ്രൈവറാണ് രതീഷ്.

വൈറ്റില ജനതയിലെ സിബിൻ ഹോട്ടലുടമ ജോൺസണിനെ കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ രതീഷ് സമീപത്തെ വീടിന്റെ ടെറസിലും പടുതയ്ക്കടിയിലുമായി ഒളിച്ചിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ രണ്ടരയോടെ ബസിൽ അടിമാലിയിൽ എത്തി. വാഴവരയിലുള്ള സഹോദരന്റെ വീട്ടിലെത്തിയ ശേഷം കീഴടങ്ങാനുള്ള സന്നദ്ധത പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത ഇയാളെ എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ സംഘത്തിനു കൈമാറി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

ബുധനാഴ്ച ഉച്ചയ്ക്കു ജോൺസന്റെ ഹോട്ടലിലെത്തിയ രതീഷിനു നൽകിയ ബോണ്ടയുടെ പഴക്കത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ചീത്ത പറയാൻ തുടങ്ങിയതോടെ ബോണ്ടയ്ക്കു പണം നൽകേണ്ടന്നും ശല്യം ചെയ്യാതെ കടയിൽ നിന്ന് ഇറങ്ങിപ്പോകണമെന്നും ജോൺസൺ പറഞ്ഞതായാണു പൊലീസിനു ലഭിച്ച സാക്ഷി മൊഴി. രതീഷ് ബഹളം വച്ച് ഇറങ്ങിപ്പോയി. രണ്ടരയോടെ, പഴം വാങ്ങാനായി ബൈക്കിൽ പുറത്തിറങ്ങിയ ജോൺസൺ തിരിച്ചു വരുമ്പോൾ ഹോട്ടൽ കെട്ടിടത്തിന് എതിർവശം രതീഷ് ബൈക്ക് തടഞ്ഞു നിർത്തുകയായിരുന്നു.

സമീപത്തെ ബീയർ പാർലറിൽ പോയി മദ്യപിച്ച ശേഷം കത്തിയുമായി കാത്തു നിന്ന പ്രതി ബൈക്കിൽ നിന്ന് ഇറങ്ങിയ ജോൺസന്റെ കഴുത്തിൽ കത്തികൊണ്ടു വെട്ടി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മദ്യലഹരിയിലാണു പ്രതി കൃത്യം നിർവഹിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഹോട്ടലിനു സമീപം പാരഡൈസ് റോഡിൽ വാടകയ്ക്കു താമസിച്ചിരുന്ന ടാക്‌സി ഡ്രൈവർ കൂടിയായ രതീഷുമായി ജോൺസണു മുൻപരിചയവും ഉണ്ടായിരുന്നു.