ഇടുക്കി: വാക്‌സിൻ കിട്ടണമെങ്കിൽ ആധാർ കാർഡ് നിർബന്ധമാണ്. അല്ലാത്തവർക്ക് ആർക്കും വാക്‌സിൻ ഇന്ത്യ നൽകില്ല. ഇതു കാരണം വെട്ടിലാകുന്നത് കേരളത്തെ പ്രണയിച്ച വിദേശിയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശിഷ്ടകാലം ചെലവഴിക്കാനെത്തിയ ജോണി പിയേഴ്‌സിന് വാക്‌സിനേഷനുമില്ല, തിരികെ മടങ്ങാൻ വിമാനവുമില്ല. ഇതാണ് അവസ്ഥ.

അമേരിക്കൻ പൗരനായ ജോണി കഴിഞ്ഞ 14 മാസമായി വാഗമണ്ണിൽ താമസിക്കുകയാണ്. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയ ജോണി പിയേഴ്‌സ് (75) അമേരിക്കയിൽ കോവിഡ് രൂക്ഷമായതിനാൽ കേരളത്തിൽ തുടരാൻ തീരുമാനിച്ചു. കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടെന്ന തിരിച്ചറിവിലാണ് ഇത്. എന്നാൽ കോവിഡ് വ്യാപനം ഇവിടെയും വർധിച്ചത് എല്ലാം തകിടം മറിച്ചു. ഇത്തരത്തിൽ ഇന്ത്യയിൽ വ്യാപനം ഉണ്ടാകുമെന്നും ഈ അമേരിക്കക്കാരൻ കണക്കു കൂട്ടിയില്ല.

അതിനിടെയാണ് വാക്‌സിൻ എത്തുന്നത്. വാക്‌സിൻ എടുത്ത് പ്രതിസന്ധികളെ മറികടക്കാൻ ആഗ്രഹമുണ്ട്. എന്നാൽ നിലവിൽ വിദേശ പൗരൻ ആയതിനാൽ ഇവിടെ ആശുപത്രികളിൽ നിന്നു വാക്‌സീൻ ലഭിക്കുന്നില്ല. വാക്‌സീൻ സ്വീകരിക്കുന്നതിനായി മൂന്ന് ആശുപത്രികളിലെത്തിയെങ്കിലും ഇന്ത്യക്കാർക്കു മാത്രമേ വാക്‌സീൻ നൽകൂ എന്ന നിലപാടിലാണ് അധികൃതർ. വാക്‌സിനേഷന് കേന്ദ്ര മാനദണ്ഡ പ്രകാരം ആധാറും നിർബന്ധമാണ്. ഇന്ത്യയിലെ തിരിച്ചറിയിൽ രേഖകൾ ഇല്ലാത്ത വ്യക്തിക്ക് വാക്‌സിൻ നൽകാനാകില്ലെന്ന് ആശുപത്രികൾ പറയുന്നു. ഇതോടെ ഈ അമേരിക്കക്കാരൻ പ്രതിസന്ധിയിലായി.

കാൻസർ രോഗിയായ ജോണി അതുകൊണ്ട് തന്നെ ആശങ്കയിലാണ്. നാട്ടിലേക്കു പോകാൻ മെയ്‌ ഏഴിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് മാറ്റിവച്ചതിനാൽ ജോണി ഇപ്പോൾ വാഗമണ്ണിലെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്നു. അമേരിക്ക ഇന്ത്യയുമായുള്ള യാത്ര വിലക്ക് മാറ്റാൻ ഇനിയും സമയം എടുക്കും. ഇന്ത്യയിലെ കോവിഡ് വ്യാപനം ഇടിഞ്ഞാൽ മാത്രമേ ഇനി യാത്ര സാധ്യമാകൂവെന്ന് ജോണി പിയേഴ്‌സിനും അറിയാം.

വീണ്ടും കേരളത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന വാർത്തയും ജോണിയെ ആശങ്കപ്പെടുത്തുന്നു. വീസ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് തന്റെ ആരോഗ്യസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തി വീസ കാലാവധി പുതുക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തനിക്ക് കോവിഡ് വാക്‌സീൻ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ജോണിയുടെ അഭ്യർത്ഥന. ഇതിനും കോടതിയെ സമീപിക്കേണ്ടി വരുമോ എന്ന ചിന്തയും ജോണിയെ അലട്ടുന്നുണ്ട്.