പത്തനംതിട്ട: ആർ.ടി.ഓഫീസിന്റെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുമെന്നു പറഞ്ഞപ്പോൾ റാന്നിയിലെ ജനങ്ങൾ ഇത്ര കണ്ടു പ്രതീക്ഷിച്ചില്ല. സേവനങ്ങൾ എല്ലാം പെട്ടെന്നു കിട്ടണമെങ്കിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിയോഗിച്ചിരിക്കുന്ന ഇടനിലക്കാരന്റെ കൈയിൽ പണം ഏൽപ്പിക്കണമെന്ന് വന്നതോടെ നാട്ടുകാർ വിജിലൻസിൽ പരാതി നൽകി. പരിശോധന നടത്തിയെങ്കിലും വിജിലൻസിനു പിടികൂടാനായത് ഇടനിലക്കാരനെ മാത്രം.

തെളിവുകളുടെ അഭാവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് സംഘം അറസ്റ്റിൽ നിന്നൊഴിവാക്കിയപ്പോഴും പിരിവ് നിർത്താൻ എം വിഐ തയാറായില്ല. ഇതേ കേസിൽ പിന്നീട് ശേഖരിച്ച സകല തെളിവും ഉപയോഗിച്ച് എം വിഐയെ വിജിലൻസ് അറസ്റ്റ് ചെയ്ത പാടേ ആൾ കുഴഞ്ഞു വീണു. പിന്നീട് നടന്നത് തകർപ്പൻ അഭിനയം. ഉദ്യോഗസ്ഥനു കുഴപ്പമൊന്നുമില്ലെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ തന്നെ വിധിയെഴുതിയപ്പോൾ പുതിയ പുതിയ രോഗങ്ങളുമായി ഉദ്യോഗസ്ഥൻ അവിടെത്തന്നെ കിടപ്പും പിടിച്ചു.

അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്യാൻ കഴിയാതെ വിജിലൻസ് ഉദ്യോഗസ്ഥർ വിയർക്കുമ്പോൾ തങ്ങളുടെ സഹപ്രവർത്തകനെ സംരക്ഷിക്കാൻ സംസ്ഥാനമാകെ മിന്നൽ പണിമുടക്ക് അടക്കമുള്ള സമരമുറകൾ പ്ലാൻ ചെയ്യുകയാണ് മറ്റ് ഉദ്യോഗസ്ഥർ. റാന്നി ജോയിന്റ് ആർ.ടി.ഒ ഓഫീസിൽനിന്നു കോഴപ്പണവുമായി ഇടനിലക്കാരൻ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തിനു ശേഷമാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ ഡിവൈ.എസ്‌പി: പി.ഡി.രാധാകൃഷ്ണപിള്ള വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി എന്നറിയിച്ചതോടെയാണ് എം വിഐ. കുഴഞ്ഞുവീണത്.

ആലപ്പുഴ കാർത്തികപ്പള്ളി പത്തിയൂർ കീരിക്കാട് പുത്തൻവീട്ടിൽ രഞ്ജിത്ത് മോനെ(33)യാണ് ഇന്നലെ രാവിലെ 11. 30 ന് അറസ്റ്റ് ചെയ്തത്. കുഴഞ്ഞു വീണ രഞ്ജിത്തിനെ ജനറൽ ആശുപത്രിയിൽ പ്രാഥമികപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ രക്തസമ്മർദത്തിലും ഇ.സി.ജിയിലും വ്യതിയാനം കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധന നടത്തിയപ്പോൾ രഞ്ജിത്തിന് ഹൃദയസംബന്ധമായ അസുഖമൊന്നുമില്ലെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി. ഇതോടെ തനിക്ക് തലവേദന സഹിക്കാൻ വയ്യേ എന്നു പറഞ്ഞ് നിലവിളിച്ച ഇയാളെ ന്യൂറോ സർജനെ കാണിച്ചു. ഇന്നലെ രാത്രി മുഴുവൻ നിരീക്ഷണത്തിലായിരുന്നു. ഇന്നു രാവിലെ 11.30 നകം ഇയാളെ വിജിലൻസ് ജഡ്ജിക്ക് മുൻപാകെ ഹാജരാക്കേണ്ടതുണ്ടെന്നും ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്തില്ലെങ്കിൽ ജഡ്ജി അവിടെ നേരിട്ടെത്തി റിമാൻഡ് ചെയ്യുമെന്നും ഡിവൈ.എസ്‌പി പി.ഡി. രാധാകൃഷ്ണപിള്ള അറിയിച്ചു.

വിജിലൻസ് പരിശോധന നടത്തിയപ്പോൾ തെളിവില്ലാതെ വിട്ടയാളെ വീണ്ടും വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തതാണ് ആർ.ടി. ഓ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പേരിലാണ് ഇവർ മിന്നൽ പണിമുടക്കിന് ഒരുങ്ങിയിരിക്കുന്നത്. വിജിലൻസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതാണ് രഞ്ജിത്ത് മോന് വിനയായിരിക്കുന്നത്. കോടതിയിൽ നിന്ന് ഊരിപ്പോരാനുള്ള പഴുതുകൾ എല്ലാം അടച്ചാണ് അറസ്റ്റ്.
ലൈസൻസടക്കമുള്ള സേവനങ്ങൾക്കു വൻതുക കോഴ നൽകേണ്ടി വരുന്നുവെന്ന് ഇട്ടിയപ്പാറ ഇമ്മാനുവേൽ ഡ്രൈവിങ് സ്‌കൂൾ ഉടമ കരിക്കുളം സ്വദേശി ഉമ്മൻ ജോർജ് വിജിലൻസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് മൂന്നിനാണ് ജോയിന്റ് ആർ. ടി. ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്. അന്നു ജോ. ആർ.ടി.ഒയുടെ ചുമതല വഹിച്ചിരുന്നത് രഞ്ജിത്ത് മോനായിരുന്നു.

എന്നാൽ, വിജിലൻസിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട്, അടയാളപ്പെടുത്തി നൽകിയ പണം നേരിട്ട് കൈപ്പറ്റാൻ ഇദ്ദേഹം വിസമ്മതിച്ചു. പകരം ആർ. ടി. ഓഫീസിന് സമീപം പ്രവർത്തിക്കുന്ന വിനായക മോട്ടോർ കൺസൾട്ടൻസിയിലെ ജീവനക്കാരനും ആർ. ടി. ഒ. ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനുമായ മണിയാർ പാലംപറമ്പിൽ വിഷ്ണുലാലാണ് (25) പണം കൈപ്പറ്റിയത്. ഇയാളെ അറസ്റ്റ് ചെയ്ത വിജിലൻസ് സംഘത്തിന് തെളിവുകളുടെ അഭാവത്തിൽ എം വിഐയെ തൊടാൻ കഴിഞ്ഞില്ല. ഇതോടെ അഹങ്കാരം വർധിച്ച എം വിഐ കൂടുതൽ ധാർഷ്ട്യത്തോടെ എല്ലാവരോടും പെരുമാറാൻ തുടങ്ങി.

താൻ തിരുവഞ്ചൂരിന്റെ അടുത്തയാളാണെന്നും തന്നെ ഒരുത്തനും ഒരു പുല്ലും ചെയ്യില്ലെന്നുമായിരുന്നു ഇദ്ദേഹം പരസ്യമായി പറഞ്ഞിരുന്നത്. ഇടനിലക്കാരൻ ആർ.ടി.ഓഫീസിൽ നിന്ന് കൈക്കൂലിപ്പണം സഹിതം പിടിയിലായിട്ടും എം വിഐക്കെതിരേ വകുപ്പുതല നടപടി ഇല്ലാതെ വന്നതോടെ മന്ത്രിബന്ധം നാട്ടുകാർ അനൗദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു ശേഷം വിജിലൻസ് സംഘം എം വിഐയും ഇടനിലക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശക്തമായ തെളിവുകൾ ശേഖരിക്കുകയായിരുന്നു. എല്ലാ പഴുതുകളും അടച്ച ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി ഒന്നു മുതൽ മാർച്ച് മൂന്നു വരെ നാൽപ്പതിൽപ്പരം തവണ രഞ്ജിത്ത് മോൻ വിഷ്ണുലാലുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് കോളുകളുടെ വിശദാംശങ്ങൾ പരിശോധിച്ചതിൽ നിന്നു വിജിലൻസ് കണ്ടെത്തി. പടി പിരിക്കുന്നതിന് 500 രൂപ ദിവസക്കൂലി നൽകി എം വിഐ തന്നെ നിയോഗിച്ചിരിക്കുകയായിരുന്നുവെന്ന് വിഷ്ണു ലാൽ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് പുറമേ ഇവരുടെ ബന്ധമറിയാവുന്ന ആർ.ടി. ഓഫീസ് ജീവനക്കാരനെ വിജിലൻസ് സംഘം പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിൽ ഒന്നാം പ്രതിയാണു രഞ്ജിത്ത്‌മോൻ. വിഷ്ണുലാൽ മൂന്നാം പ്രതിയും. രണ്ടാം പ്രതി ആർ.ടി. ഓഫീസിലെ ഡെസ്പാച്ച് ജീവനക്കാരി ഷീബയുടെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല.

സംഭവ സമയം സ്ഥലത്തുണ്ടാവാതിരുന്നതിനെ തുടർന്ന് ഇവരുടെ പങ്ക് തെളിയിക്കപ്പെടാനുള്ളതു കൊണ്ടാണ് അറസ്റ്റ് വൈകുന്നത്. മാർച്ച് മുന്നിന് റാന്നി ജോ. ആർ.ടി.ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസിന്റെ ശൗചാലയത്തിന്റെ വെന്റിലേഷനിൽ നിന്നും ചുരുട്ടിവച്ച നിലയിൽ 2250 രൂപയും ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും 4950 രൂപയും കണ്ടെടുത്തിരുന്നു. ലൈറ്റ് മോട്ടോർ വെഹിക്കിളിന് 500 രൂപ, മുച്ചക്ര വാഹനത്തിന് 350 രൂപ, ഇരുചക്ര വാഹനത്തിന് 250 രൂപ ഇങ്ങനെ ആയിരുന്നു കൈക്കൂലിയുടെ നിരക്ക്. കൈക്കൂലി നൽകാത്തവർക്ക് ടെസ്റ്റ് നടത്തി പരാജയപ്പെടുത്തുക, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തീയതി മാറ്റിക്കൊടുക്കുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായതും മുമ്പ് പലതവണയായി നൽകാനുള്ള നാലായിരം രൂപ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തതുമാണ് വിജിലൻസിനെ സമീപിക്കാൻ ഉമ്മൻ ജോർജിനെ പ്രേരിപ്പിച്ചതെന്നും പറയുന്നു.