കൊച്ചി: സംസ്ഥാനത്ത് ആദ്യമായി അംഗപരിമിതർക്ക് ബോധവൽക്കരണ ക്ലാസ്സും ലേണേഴ്സ് ടെസ്റ്റും നടത്തി ഡ്രൈവിങ് ലൈസൻസും നൽകാൻ മുന്നിട്ടിറങ്ങിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ. നിയമങ്ങൾ കാറ്റിൽ പറത്തുന്ന വാഹനങ്ങൾക്കും ഉടമകൾക്കും എതിരെ കർശ്ശന നിയമനടപടികൾ എടുത്തു. കെ.എസ്.ആർ.ടി.സി ബസിലെ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും റോഡിൽ തടസ്സമുണ്ടാക്കുകയും ചെയത് സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് തെറിപ്പിക്കുകയും ബസ് സ്വയം ഡ്രൈവ് ചെയത് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയും ചെയത് ഏറെ ജനകീയനായ ഉദ്യോഗസ്ഥനാണ് നോർത്ത് പറവൂർ ജോ.ആർ.ടി.ഒ ബിജു ജെയിംസ്.

നട്ടെല്ലുവളയ്ക്കാതെ മോട്ടോർ വാഹന വകുപ്പിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ശത്രുക്കളും ഏറെയാണ്. അതിലൊരാളായിരുന്നു കഴിഞ്ഞ ഏതാനം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കൈക്കൂലി നൽകാത്തതിനാൽ സി.എഫ് ടെസ്റ്റ് ചെയതു തരുന്നില്ല എന്നാരോപിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സിയാദ്. ഇയാൾ കേരള ടിപ്പർ ടോറസ് അസോസിയേഷന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് ആണ്. സിയാദിനെതിരെ നിരവധി തവണ നടപടി എടുത്തിട്ടുള്ള ആളാണ് ബിജു ജെയിംസ് ഇതിന്റെ പക പോക്കലിനാണ് വെള്ളിയാഴ്ച നോർത്ത് പറവൂർ ജോ.ആർ.ടി ഓഫീസിൽ എത്തി നാടകീയ രംഗങ്ങളുണ്ടാക്കി ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

ബിജു ജെയിംസ് 2016ൽ കൊല്ലം കുന്നത്തൂർ ജോ.ആർ.ടി.ഒ ആയിരുന്നപ്പോഴാണ് അംഗപരിമിതരായ സ്‌ക്കൂട്ടർ യാത്രക്കാർക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ തീരുമാനിച്ചത്. ഇവർ സഞ്ചരിക്കുന്ന മുച്ചക്ര സ്‌ക്കൂട്ടർ അപകടത്തിൽ പെടുമ്പോൾ കിട്ടേണ്ട ഇൻഷുറൻസ് പരിരക്ഷ ലൈസൻസ് ഇല്ലാ എന്ന കാരണത്താൽ പിൻതള്ളിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് ബിജു ജെയിംസ് ഇവർക്ക് ലൈസൻസ് നൽകാനുള്ള ശ്രമം ആരംഭിച്ചത്. ആദ്യം അംഗപരിമിതരുടെ സംഘടനയായ അംഗപരിമിത ഏകോപന സമിതിയെ സമീപിക്കുകയും ലൈസൻസ് എടുക്കാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തി അറിയിക്കണമെന്ന് നിർദ്ധേശിച്ചു.

ചട്ടങ്ങൾ അനുസരിച്ച് തന്നെ ലൈസൻസ് നൽകുവാനാണ് തീരുമാനിച്ചത്. ആദ്യപടിയായ ലേണേഴ്സ് ടെസ്റ്റ് നടത്തുവാനായി ഒരുക്കങ്ങൾ. ആരോഗ്യ മുള്ള ഒരാൾ പോലും വളരെ ബുദ്ധിമുട്ടിയാണ് കുന്നത്തൂർ ആർ.ടി.ഓഫീസിന്റെ മുകൾ നിലയിലേക്ക് കയറുന്നത്. അങ്ങനെയുള്ളപ്പോൾ അംഗപരിമിതരായവർക്ക് അതൊട്ടും സാധ്യമല്ല. ഇവരെ മുകളിലേക്ക് കൊണ്ടുവരുവാനായി സമീപത്തെ ഡി.ബി കോളേജിലെ വിദ്യാർത്ഥികളുടെ സഹായം തേടി.

അങ്ങനെ വിദ്യാർത്ഥികളുടെ സഹായത്തോടെ അൻപതിൽപരം ആളുകളെ ആർ.ടി.ഓഫീസിലെത്തിച്ച് ലേണേഴ്സ് പരീക്ഷ നടത്തി. അന്ന് തന്നെ ബോധവൽക്കരണ ക്ലാസ്സും നൽകി ഡ്രൈവിങ് ടെസ്റ്റും നടത്തി ലൈസൻസ് നൽകി. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം. അംഗപരിമിത ഏകോപനസമിതി അദ്ദേഹത്തിന് ആദരം അർപ്പിച്ചു. എന്നാൽ ഇക്കാര്യങ്ങളൊന്നും അദ്ദേഹം ഉന്നത അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നില്ല. അതിനാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരനുമോദനങ്ങളും ലഭിച്ചില്ല.

പിന്നീട് ചക്കുവള്ളി- പുതിയകാവ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് സ്വയം ഡ്രൈവ് ചെയത് യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചായിരുന്നു താരമായത്. ഈ റൂട്ടിലെ സ്ഥിരം പ്രശ്നക്കാരായ സഫ എന്ന സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിന് തടസം സൃഷ്ടിക്കുകയും അസഭ്യം പറയുന്നതും പതിവായിരുന്നു. ഈ ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെന്റ് ചെയ്തു. പിന്നീട് യാത്രക്കാരെ അദ്ദേഹം തന്നെ ഡ്രൈവ് ചെയത് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

കൂടാതെ നിരവധി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തിയും ജനങ്ങൾക്കിടയിൽ ഏറെ പ്രീതി പിടിച്ചു പറ്റുകയും ചെയ്തു. മണൽ മാഫിയയ്ക്കെതിരെ കർശന നടപടികൾ എടുത്തിരുന്നതിനാൽ ശത്രുക്കൾ ഏറെയായിരുന്നു. എ.എം വിഐ ആയിരുന്നപ്പോൾ എം വിഐ ആയിരുന്നപ്പോഴും ദൃശ്യങ്ങൾ പ്രചരിപ്പിച്ച സിയാദിന്റെ വാഹനങ്ങൾക്ക് കനത്ത പിഴനൽകിയിരുന്നു. 80,000 രൂപയ്ക്ക് മുകളിൽ ഇയാൾ പിഴയിനത്തിൽ 2011 മുതൽ മോട്ടോർ വാഹനവകുപ്പിന് നൽകാനുണ്ട്. അതേസമയം വാഹന പരിശോദനയ്ക്കെത്തിയ മറ്റു ഉടമകൾ സിയാദിനെതിരെ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം ഏജന്റുമാരില്ലാതെ വാഹനം റീ ടെസ്റ്റിനായി എത്തിച്ചതിന്റെ പേരിലാണ് ശകാരവർഷം ഉണ്ടായതെന്നാണ് ആരോപണം. ഏജന്റുമാർ വഴിയുള്ള ഇടപാടിന്റെ കൈക്കൂലി ലഭിക്കില്ലെന്നതിനാലാണ് ആർടിഒ കയർത്തതെന്ന് സിയാദ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ഏജന്റുമാരില്ലാതെ സ്വന്തം നിലയ്ക്ക് ഓൺലൈനിൽ ഫീസടച്ച് തന്റെ ടാറ്റാ 407 ലോറി റീ ടെസ്റ്റിനായി എത്തിച്ചതായിരുന്നു സിയാദ്. എന്നാൽ സമയം വൈകിയെന്ന് പറഞ്ഞ് പറവൂർ ജോയിന്റ് ആർടിഒ ബിജു ജെയിംസ്, ഇദ്ദേഹത്തെ ചീത്തവിളിച്ച് ആട്ടിയിറക്കുകയായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങൾ സിയാദ് മൊബൈലിൽ റെക്കോർഡ് ചെയ്യുകയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

ഏജന്റുമാർ മുഖേന വന്നാലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി ലഭിക്കൂ, സ്വന്തം നിലയക്ക് ഫീസടച്ചാൽ അവർക്ക് പണം കിട്ടില്ല. ഇതിന്റെ ദേഷ്യമാണ് തന്നോട് തീർത്തതെന്ന് സിയാദ് പറയുന്നു. സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.