- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ മാപ്പു പറയണം.. ഒപ്പം കേസും പിൻവലിക്കണം....; ഒത്തുതീർപ്പ് ചർച്ചകളിൽ ജോജുവിനെ പ്രകോപിതനാക്കിയത് ഈ ഏകപക്ഷീയ വ്യവസ്ഥ; പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിംഗുകൾ തടസ്സപ്പെടുത്താൻ യൂത്ത് കോൺഗ്രസ്; നേതാക്കൾക്കെതിരെ കടുത്ത നിയമം ചുമത്തി സർക്കാരും; ടോണി ചമ്മിണിക്ക് അഞ്ചു കൊല്ലം ജയിലിൽ കിടക്കേണ്ടി വരുമോ?
കൊച്ചി: ഇന്ധനവില പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത നിയമം ചുമത്തുകയാണ് പൊലീസ്. ജോജു ജോർജുമായുള്ള ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെയാണ് ഇത്. അതിനിടെ ഏകപക്ഷീയ ഒത്തുതീർപ്പ് വ്യവസ്ഥയാണ് കോൺഗ്രസുകാർ ജോജുവിന് മുമ്പിലേക്ക് വച്ചതെന്നാണ് സൂചന. നടൻ മാപ്പു പറയുക... ഒപ്പം കേസും പിൻവലിക്കുക-ഇതായിരുന്നു ആ ഫോർമുല. ഇവിടെ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടതും കേസ് ജോജു കടുപ്പിച്ചതും.
അതിനിടെ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്. എറണാകുളം ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമ ഷൂട്ടിങ്ങുകൾ തടയുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെയും പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. സിനിമാ മേഖലയെ ആകെ പ്രതിസന്ധിയിലാക്കാനാണ് ഈ നീക്കം. മറ്റ് ജില്ലകളിലും സമാന പ്രതിഷേധം ഉയരും. അങ്ങനെ വന്നാൽ സിനിമാ ചിത്രീകരണം പോലും മുടങ്ങും. സ്റ്റുഡിയോകൾക്കുള്ളിലെ സെറ്റിലേക്ക് ഷൂട്ടിങ് മാറേണ്ടിയും വരും. കേസിൽ നിന്ന് ജോജു ജോർജിനെ പിന്തിരിയിപ്പിക്കാനുള്ള സമ്മർദ്ദമാണ് ഇതിന് പിന്നിൽ. ടോണി ചമ്മണി അടക്കമുള്ളവർ ജയിലിലായ സാഹചര്യത്തിലാണ് ഇത്.
സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും വാഹനഗതാഗതം തടസപ്പെടുത്തിക്കൊണ്ടുമുള്ള സിനിമ ചിത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം. സർക്കാർ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിക്കൊണ്ടുള്ള ചിത്രീകരണവും തടയും. ലൊക്കേഷനുകളിൽ ബൗൺസർമാരെയും ഗുണ്ടകളെയും ഉപയോഗിച്ച് ഷൂട്ടിങ്ങ് നടത്തുന്നത്. ഇതിനെതിരെ പരാതികൾ വ്യാപകമാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിങ്ങുകൾ മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രചാരണവും പ്രക്ഷോഭവും ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനഗതാഗതം തടഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂട്ടിങ് തടസപ്പെടുത്തിയിരുന്നു. ജോജു ജോർജ് വിഷയത്തിന്റെ തുടർച്ചയാണ് ഇതെല്ലാം. കൊച്ചിയിലെ കോൺഗ്രസ് സമരത്തിനെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയ നടന്റെ കാർ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ തകർക്കുകയായിരുന്നുവെന്നാണ് കേസ്. ഇവർക്കെതിരെ സ്വകാര്യസ്വത്ത് സംരക്ഷണ നഷ്ടപരിഹാര നിയമം ചുമത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒരു രാഷ്ട്രീയ പാർട്ടിയുടെ സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമസംഭവത്തിൽ ഇതാദ്യമായാണ് ഈ നിയമം ചുമത്തുന്നത്.
പൊതുമുതൽ സംരക്ഷണ നിയമത്തിനു സമാനമായ നിയമമാണ് കെപിഡിപിപിപി - 2019 അഥവാ കേരള പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേയ്‌മെന്റ് ഓഫ് കോംപൻസേഷൻ ആക്ട്. കേരളത്തിലെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഈ കടുത്ത നിയമം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും പിഴയും അനുഭവിക്കേണ്ടി വരും. പൊട്ടിത്തെറി, തീപിടുത്തം തുടങ്ങിയവ വഴിയാണ് നാശനഷ്ടം ഉണ്ടാകുന്നതെങ്കിൽ ശിക്ഷ പത്ത് വർഷം കഠിനതടവായി ഉയരും. കൂടാതെ പിഴയും ഒടുക്കേണ്ടി വരും.
പൊലീസ് നിയോഗിക്കുന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണ് കോടതി തെളിവായി സ്വീകരിക്കുന്നത്. കൂടാതെ ഈ നിയമം ചുമത്തി കേസെടുത്താൽ ജാമ്യ വ്യവസ്ഥകളും കർശനമാണ്. ജാമ്യം ലഭിക്കണമെങ്കിൽ കേടുപാട് സംഭവിച്ച സ്വകാര്യ സ്വത്തിന്റെ വിലയുടെ പകുതിയിൽ കുറയാത്ത തുക കോടതിയുടെ മുൻപാകെ ബാങ്ക് ഗ്യാരണ്ടിയായും തുല്യതുകയ്ക്ക് രണ്ടാളുടെ ഉറപ്പും ബോണ്ടും നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. കൂടാതെ പൊലീസിന്റെ അനുബന്ധ റിപ്പോർട്ട് കൂടി ലഭിച്ചാൽ ജാമ്യവ്യവസ്ഥകളിൽ കോടതിക്ക് തീരുമാനമെടുക്കാനാകും.
ജോജുവിന്റെ കാർ തകർത്ത കേസിൽ ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കളാണ് പ്രതികൾ. കൊച്ചി മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ളവർ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ നേതാക്കളെ പൊലീസ് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഇന്ന് എറണാകുളം സിജെഎം കോടതി പരിഗണിക്കുന്നുണ്ട്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനായിരുന്നു തീരുമാനമെങ്കിലും കീഴടങ്ങുന്നതാണ് ഉചിതമെന്ന നിയമപോദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കൾ പൊലീസിനു മുൻപാകെ ഹാജരായത്.
പ്രവർത്തകരോടൊപ്പം പ്രകടനമായാണ് നേതാക്കൾ എത്തിയത്. ജോജുവിന്റെ ചില സുഹൃത്തുക്കൾ വഴി കേസുകൾ ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും നടൻ മുന്നോട്ടു വെച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കാനാകാതെ വന്നതോടെ അനുരഞ്ജനശ്രമം പാളുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ