തൊടുപുഴ: ജോജു ജോർജ്ജിനെ കോൺഗ്രസ് വെറുതെ വിടില്ല. വാഗമണ്ണിൽ നടന്ന ഓഫ് റോഡ് റൈഡിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരേ കെ.എസ്.യു. രംഗത്ത്. കൊച്ചിയിൽ വഴി തടയൽ സമരത്തിൽ കോൺഗ്രസിനെ വിമർശിച്ച ജോജു ജോർജ്ജിന്റെ ഇടപെടലിൽ നേതാക്കൾ അടക്കം ജയിലിലായിരുന്നു. അന്ന് മുതൽ ജോജു ജോർജിന് പിന്നാലെയാണ് കോൺഗ്രസ്. അതിനിടെയാണ് നടനെതിരെ പുതിയ ആയുധം കിട്ടുന്നത്.

വാഗമണ്ണിൽ നടന്ന ഓഫ് റോഡ് റൈഡിൽ മത്സരങ്ങൾ നിയമവിരുദ്ധമാണെന്നും ഇതിൽ പങ്കെടുത്ത നടനും സംഘാടകർക്കുമെതിരേ കേസെടുക്കണമെന്നും കെ.എസ്.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കളക്ടർ, ജില്ലാ പൊലീസ് മേധാവി, ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നൽകി.

വാഗമൺ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിൽ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാൽ, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയിൽ കൈവശം നൽകിയ ഭൂമിയിൽ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നാണ് കെ.എസ്.യു.വിന്റെ ആരോപണം.

ഇത് പ്ലാേന്റഷൻ ലാൻഡ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. നടൻ ജോജുവിന്റെ നേതൃത്വത്തിൽ നടന്ന ഓഫ് റോഡ് മത്സരത്തിൽ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. ഓഫ് റോഡ് മത്സരത്തിൽ ജോജു തന്റെ ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു. ഓഫ്‌റോഡ് മാസ്റ്റേഴ്‌സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇട്ടത്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെയുള്ള ട്രാക്കിൽ ആവേശത്തോടെ വാഹനമോടിക്കുന്ന ജോജുവിന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി കെഎസ്‌യു രംഗത്തെത്തിയത്.

വാഗമണ്ണിലെ എംഎംജെ എസ്റ്റേറ്റിൽ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലെ സംഘാടകരുടെ ക്ഷണപ്രകാരമാണ് ജോജു ട്രാക്കിലെത്തിയത്. ആദ്യമായാണ് ഒരു ഓഫ്‌റോഡ് ട്രാക്കിൽ മത്സരത്തിനായി താരം വാഹനമോടിക്കുന്നത്. 'പൊളി, ചെതറിക്കുവല്ലേ' എന്ന് താരം ഓഫ് റോഡ് ഡ്രൈവിന് ശേഷം പറയുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. റാംഗ്ലർ ട്രാക്കിലൂടെ നിഷ്പ്രയാസം ഓടിച്ചുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വളരെ ആവേശത്തോടെയാണ് ജീപ്പ് ജോജു ഓടിക്കുന്നത്.

റാംഗ്ലർ അൺലിമിറ്റഡിന്റെ പെട്രോൾ വകഭേദം 2018 ലാണ് ജോജു ജോർജ് വാങ്ങിയത്. 3.6 ലീറ്റർ വി6 എൻജിനാണ് വാഹനത്തിൽ. 6350 ആർപിഎമ്മിൽ 284 പിഎസ് കരുത്തും 4300 ആർപിഎമ്മിൽ 347 എൻഎം ടോർക്കും നൽകും ഈ എൻജിൻ. കാറുകളോടും ജീപ്പുകളോടും ഹരമുള്ള നടനാണ് ജോജു ജോർജ്ജ്.