- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം ബുക്ക് ചെയ്യാൻ നാട്ടിലേക്ക് അയച്ച പണത്തിന്റെ ഉറവിടം തേടി റിസർവ്വ് ബാങ്കിന്റെ തട; ലണ്ടനിൽ ഇല്ലാത്ത ചികിൽസ തേടി പ്രവാസി യുവാവുമായി നാട്ടിലേക്ക് വരാനുള്ള നീക്കം അവസാന നിമിഷം റദ്ദാക്കി; നേരിട്ട് പണം നൽകി ബുക്കിങ് ഉറപ്പുവരുത്തി സുഹൃത്തുക്കൾ; ജോമിയെ ഇനി ചൊവ്വാഴ്ചയെ എത്തിക്കാൻ സാധിക്കൂ
ലണ്ടൻ: എല്ലാ ഒരുക്കങ്ങളും പൂർത്തിയായതാണ്. അവശ്യത്തിൽ അധികം പണവും യുകെയിലെ മലയാളികൾ നൽകി. എന്നിട്ടും നിശ്ചയിച്ചത് പോലെ ഇന്നലെ അപൂർവ്വ രോഗം ബാധിച്ച് ലണ്ടനിൽ ചികിൽസയിലുള്ള ജോമിയെ നാട്ടിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞില്ല. വിമാന ടിക്കറ്റിനും മറ്റുമായി യുകെയിൽ നിന്ന് അയച്ച 20 ലക്ഷം രൂപയുടെ ഉറവിടത്തെ കുറിച്ച് റിസർവ്വ് ബാങ്കിന് സംശയം തോന്നി
ലണ്ടൻ: എല്ലാ ഒരുക്കങ്ങളും പൂർത്തിയായതാണ്. അവശ്യത്തിൽ അധികം പണവും യുകെയിലെ മലയാളികൾ നൽകി. എന്നിട്ടും നിശ്ചയിച്ചത് പോലെ ഇന്നലെ അപൂർവ്വ രോഗം ബാധിച്ച് ലണ്ടനിൽ ചികിൽസയിലുള്ള ജോമിയെ നാട്ടിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞില്ല. വിമാന ടിക്കറ്റിനും മറ്റുമായി യുകെയിൽ നിന്ന് അയച്ച 20 ലക്ഷം രൂപയുടെ ഉറവിടത്തെ കുറിച്ച് റിസർവ്വ് ബാങ്കിന് സംശയം തോന്നിയതാണ് കാര്യങ്ങൾ നീളാൻ ഇടയായത്. ഹേവാർഡ്ഹീത്ത് ആശുപത്രിയിൽ നിന്നും ഹീത്രൂവിലും, നെടുമ്പാശ്ശേരിയിൽ നിന്നും വൈക്കത്തേയക്കുമുള്ള ആംബുലൻസുകൾ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഒരുങ്ങിയ ശേഷം അവസാന നിമിഷമാണ് യാത്ര മുടങ്ങിയത്.
ജോമിയെ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ചുമതല ഏറ്റെടുത്ത ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് കമ്പനിയായ ഗുഡ്‌സ്മാൻ റസ്‌ക്യുവിന് നൽകിയ ഇരുപത്തിയൊന്ന് ലക്ഷത്തോളം രൂപ(22,000 പൗണ്ട)് അവരുടെ അക്കൗണ്ടിൽ എത്താതിരുന്നതാണ് യാത്ര മുടങ്ങാൻ കാരണമായത്. ഓൺലൈൻ വഴി ജോമിയുടെ ഭാര്യ ജിൻസി നടത്തിയ ട്രാൻസ്ഫർ പൂർത്തിയാകാതെ പോയതാണ് അവസാന നിമിഷത്തെ ഒരുക്കങ്ങൾ പാളിയതിന് കാരണമായത്. ട്രാൻസ്ഫർ ചെയത് തുക വലുതായതിനാൽ ബാങ്കിൽ നിന്നും വിളിച്ചപ്പോൾ ജിൻസിക്ക് ഫോൺ ലഭിക്കാതെ പോയതാവാം കാരണം എന്ന് കരുതുന്നു. ആശുപത്രിയിൽ റേഞ്ച് ഇല്ലാത്തതുകൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആകാം എന്നാണ് തോന്നൽ. മാത്രമല്ല താൽക്കാലികമായി ബാങ്ക് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതും ഒരു പക്ഷേ കാരണമാകാം.
ഇത്രയും വലിയ തുക നാട്ടിൽ എത്തിയപ്പോൾ സംശയം തോന്നിയതുകൊണ്ട് തടഞ്ഞു വച്ചതാകാനും ഇടയുണ്ട്. എന്നാൽ ടെലിഫോൺ കൺഫർമേഷൻ ലഭിക്കാത്തതുകൊണ്ടാണ് പണം മുടങ്ങിയതെന്നാണ് ജിൻസിയും ഹീവാർഡ്ഹീത്തിലെ മലയാളികളും കരുതുന്നത്. പണം ലഭിച്ചില്ല എന്ന വിവരം വെളുപ്പിന് നാല് മണിക്ക് അറിഞ്ഞപ്പോൾ മുതൽ നിരാശയായ ജിൻസിയെ ആശ്വസിപ്പിച്ചു പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു സുഹൃത്തുക്കളും നാട്ടുകാരും. അവസാനം യുകെയിലെ ചില മലയാളികൾക്ക് പൗണ്ട് കൈമാറി നാട്ടിൽ നിന്നും തതുല്യമായ പണം ശേഖരിച്ച് എയർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ ഓഫീസിൽ എത്തിച്ച് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ഇന്നലെ നാട്ടിൽ ബാങ്ക് പ്രവർത്തിക്കാതെ പോയതും ഇതിന് കാരണമായി. പണം കിട്ടി കൈപ്പറ്റിയ കമ്പനി വീണ്ടും നടപടികൾ ആരംഭിച്ചെങ്കിലും ഇന്നലത്തെ ഫ്‌ളൈറ്റിന് കൊണ്ടുവരിക അസാധ്യമായി. ഇനി ചൊവ്വാഴ്ചയെ യാത്ര നടക്കു എന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരത്തെ എയർ ഇന്ത്യ ഫ്‌ലൈറ്റിലെ 12 ബിസിനസ് ക്ലാസ് സീറ്റുകൾ മാറ്റി ആംബുലൻസ് സൗകര്യം ഒരുക്കിയാണ് ജോമിയെ കൊണ്ട് വരാൻ ഉദ്ദേശിച്ചിരുന്നത്്. യാത്ര മുടങ്ങിയതിനെ തുടർന്ന് ഹോസ്പ്പിറ്റലിൽ നിന്നും എയർപോർട്ടിലേക്ക് ബുക്ക് ചെയ്തിരുന്ന ആംബുലൻസ് സമയം റീ ഷെഡ്യൂൾ ചെയ്തു. എന്നാൽ പണം നഷ്ടമായിട്ടില്ല. ജോമിക്കൊപ്പം യാത്രക്ക് ഒരുങ്ങിയിരുന്ന 5 നഴ്‌സ് മാർക്കും ടിക്കറ്റ് മാറ്റേണ്ടതായി വന്നിട്ടുണ്ട്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ സബ് അക്ക്യൂട്ട് സ്‌കെലെറോസിങ് പാൻഎൻസഫലിറ്റിസ് (എസ്എസ്‌പിഇ) എന്ന രോഗം ബാധിച്ച ഹേവാർഡ് ഹീത്തിലെ പ്രിൻസസ്സ് റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ജോമി ജോണിന്റെ നില ഇപ്പോഴും മാറ്റമില്ലാതെ തന്നെ തുടരുകയാണ്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനാണ് ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തി നൽകാൻ മുൻകൈ എടുത്തത്. മൂന്ന് ദിവസം കൊണ്ട് 35 ലക്ഷത്തിൽ അധികം രൂപയാണ് ശേഖരിച്ചു നൽകിയത്. ഏതാണ്ട് അത്രയോളം രൂപ യുകെയിലെ വിവിധ സംഘടനകളും ജോമിയുടെ സുഹൃത്തുക്കളും ചേർന്ന് ശേഖരിച്ച് ജിൻസിയെ ഏൽപ്പിച്ചു കഴിഞ്ഞു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടഷന്റെ ട്രിസ്റ്റിമാർ ജോമിയുടെ കുടുംബത്തെ സന്ദർശിച്ച് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
എറണാകുളം കിഴക്കമ്പലം സ്വദേശി ആയ ജോമി നാലര വർഷം മുൻപാണ് യുകെയിൽ എത്തിയത്. ചേച്ചിയും ഇളയ സഹോദരനും രോഗികളായ മാതാപിതാക്കന്മാരും അടങ്ങുന്നതാണ് കുടുംബം. ബാങ്ക് ലോൺ വഴിയും പണം സംഘടിപ്പിച്ച് വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിയ ജോമി ഗ്ലോട്ടൻഹാം മാനർ നഴ്‌സിങ് ഹോമിൽ ജോലി ചെയ്തു വരിക ആയിരുന്നു. ജോമി മാസം മാസം അയച്ചു നൽകി വരുന്ന പണത്തിലാണ് ഈ കുടുംബം ജീവിച്ചു വന്നിരുന്നത്. പിറവം സ്വദേശിനിയ ആയ ജിൻസിയാണ് ജോമിയുടെ ഭാര്യ. ഇതിനിടെയാണ് അപൂർവ്വ രോഗം ജോമിയുടെ ജീവിതത്തിൽ വില്ലനായെത്തുന്നത്.
ജോമിയുടെ രോഗാവസ്ഥയെക്കുറിച്ച് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു ഇതോടെയാണ് സഹായങ്ങൾ പ്രവഹിക്കാൻ തുടങ്ങിയത്. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും ശേഖരിച്ച 35 ലക്ഷം രൂപ അടക്കം നാട്ടുകാരിൽ നിന്നും ശേഖരിച്ച 75 ലക്ഷത്തോളം രൂപയുടെ സഹായത്തോടെയാണ് അത്യാധുനിക മെഡിക്കൽ സൗകര്യത്തോടെ ജോമിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത്. 17 വർഷം മുമ്പാണ് ബ്രിട്ടനിൽ ഇങ്ങനെ ഒരു രോഗം ഒടുവിൽ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ആ രോഗത്തിന് ചികിത്സിക്കാൻ അവിടെ മരുന്നില്ല. ഉപയോഗിക്കാൻ ലഭ്യമായ മരുന്ന് അവിടെ നിയമവിധേയവുമല്ല എന്നതാണ് സാഹചര്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേയ്ക്ക് കൊണ്ടു പോകാൻ തീരുമാനിച്ചത്.
ബംഗളൂരുവിലെ നിംഹാൻസ് അടക്കമുള്ള ആശുപത്രികൾ പരിഗണിച്ച ശേഷമാണ് വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത്. നാട്ടിൽ 75,000 മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിദിനം ചെലവാകുമെന്നാണു ഡോക്റ്റർമാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനകൾക്ക് ശേഷം ജോമി യാത്രക്ക് ഫിറ്റാണെന്നാണ് യുകെയിലെ ആശുപത്രി അറിയിച്ചിരിന്നു.