തിരുവനന്തപുരം: ഒരു പെണ്ണിനെ കൂട്ടിന് കിട്ടിയാൽ ഏതുകൊലകൊമ്പനെയും മുട്ടുകുത്തിക്കാനും കൈയിലുള്ളതെല്ലാം കവരാനും ജോമോനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല. രോഗികളുടെയും വയോധികരുടെയും പരിചരണത്തിന് ആളെ ആവശ്യമുള്ളവർ ബന്ധപ്പെടുകയെന്ന് റോഡരികിൽ കണ്ട ബോർഡ് സ്ഥാപിച്ച് ലക്ഷങ്ങളാണ് തട്ടിയെടുത്തത്. പെൺവാണിഭത്തിന്റെ സാധ്യതകളും ഗുണ്ടാ സംഘങ്ങളുടെ കരുത്തുമെല്ലാം ഉപയോഗിച്ചായിരുന്നു തട്ടിപ്പ. നിരവധി പേരെ ചതിയിൽ വീഴ്‌ത്തി പണവും സ്വർണവും തട്ടിയെടുത്ത സംഘത്തിന്റെ തലവൻ പിടിയിലായതോടെ തലസ്ഥാനത്ത് ഏറെ നാളായി തുടർന്നുവന്ന നിരവധി തട്ടിപ്പുകളുടെ ചുരുളഴിഞ്ഞു.

വഴുതയ്ക്കാട് വിഘ്‌നേഷ് നഗർ എ.എം ഹൗസിൽ ജോമോനാണ് (23) സ്ത്രീകളെ ഉപയോഗിച്ച് യുവാക്കളെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി പണവും സ്വർണവും മൊബൈൽഫോണുകളും തട്ടിയെടുത്തത്. പത്താം ക്‌ളാസിൽ പഠിപ്പൊക്കെ നിറുത്തി ചില്ലറ ചുറ്റിക്കളികളുമായി കറങ്ങി നടന്ന ജോമോൻ തട്ടിപ്പിന്റെ ഉസ്താദാണ്. ഇതിനായി വലിയതുറ , പൂന്തുറ സ്വദേശികളുമായ രഞ്ജിത്ത്, അൻവർ, ജെയ്‌സൺ എന്നിവരുടെ സഹായവും കിട്ടി. നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു ഇവർ. പൂന്തുറ, വലിയതുറ, ബീമാപ്പള്ളി ഭാഗങ്ങളിൽ കുഴൽപ്പണം വിതരണവുമായി ബന്ധപ്പെട്ട് സ്ഥിരമായി വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ചിലരെ വിരട്ടി പണം തട്ടി.

അനധികൃത പണം ഇടപാടായതിനാൽ പണം നഷ്ടപ്പെട്ടാലും പരാതിക്കാരായി ആരും രംഗത്തുവരില്ലെന്ന് ഉറപ്പിച്ചായിരുന്നു നീക്കം. പണം കൈപ്പറ്റേണ്ടവരുടെ ഫോൺനമ്പരുകൾ ചെറിയ തുണ്ടുപേപ്പറുകളിൽ നോക്കി വിളിക്കുകയും വഴി അന്വേഷിക്കുകയും ചെയ്ത യുവാവിനെ ആഴ്ചകളോളം നിരീക്ഷിച്ചശേഷം ഇവർ വളഞ്ഞു. ആ ഓപ്പറേഷനിൽ ആറര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവാവിനെ മർദ്ദിച്ച് ഓടിക്കുകയും ചെയ്തു. ജോ മോനും കൂട്ടാളികളും കവർച്ചാ മുതൽ തുല്യമായി പങ്കിട്ടെടുത്ത് അടിച്ചുപൊളിച്ചു. പണം നഷ്ടപ്പെട്ട യുവാവ് പൂന്തുറ പൊലീസിൽ പരാതി നൽകിയെങ്കിലും ആരും പിടിക്കപ്പെട്ടില്ല. ഇതിന് ശേഷം പുതുവഴികളിലൂടെ നീങ്ങി.

നഗരത്തിൽ മുമ്പ് അനാശാസ്യമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുള്ള സ്ത്രീകളുമായി ജോമോനും സുഹൃത്തുക്കളും അടുത്തു. അവരേയും സംഘത്തിൽ അംഗങ്ങളാക്കി. കുഴൽപ്പണ കവർച്ച കേസിൽ കൂട്ടാളികളായിരുന്ന രഞ്ജിത്ത്, അൻവർ, ജെയ്‌സൺ എന്നിവരുടെ സ്ത്രീ സുഹൃത്തുക്കളായിരുന്നു ഉഷ , ലത , മഞ്ജു എന്നിവർ. നഗരത്തിന്റെ പലസ്ഥലങ്ങളിലുള്ള ഇവരെ കവടിയാർ നന്തൻകോട് നളന്ദ ജംഗ്ഷനു സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിപ്പിച്ചാണ് തട്ടിപ്പ് വിപുലമാക്കി. റോഡരികിൽ ഹോം നഴ്‌സിങ് സർവീസെന്ന ബോർഡ് കണ്ട് വരുന്നവരുടെ പേരും വിലാസവും ഫോൺ നമ്പരുമെഴുതി രജിസ്‌ട്രേഷൻ ഫീസും ഈടാക്കും. വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കും.

അസുഖക്കാരായ മാതാപിതാക്കളെ പരിചരിക്കാനും മറ്റും ഹോംനഴ്‌സുമാരെ തേടിവന്നവർ പണവും പ്രതാപവുമുള്ളവരാണെന്ന് കണ്ടാൽ ജീവനക്കാരെന്ന വ്യാജേനയിരിക്കുന്ന തട്ടിപ്പുകാരികൾ ഉടൻ അവരെ കൈയിലെടുക്കും. അവിവാഹിതരോ സ്ത്രീ വിഷയത്തിൽ തൽപ്പരരോ ആണെങ്കിൽ അവരെ ചതിക്കുഴിയിൽ വീഴ്‌ത്തും. മദ്യം നൽകി വശീകരിച്ച ശേഷം മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തും. അവരുടെ പക്കലുള്ള പണവും സ്വർണവും തട്ടിയെടുക്കും. അപ്പോൾ എതിർക്കാൻ ശ്രമിച്ചാൽ മട്ട് മാറും. നഗ്‌ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. അതിൽ വഴങ്ങില്ലെന്ന് കണ്ടാൽ സംഘത്തിലുള്ളവർക്ക് സൂചന നൽകും. ഉടൻ ജോമോനും ടീമും പ്രത്യക്ഷപ്പെട്ട് വിരട്ടും.വേണ്ടി വന്നാൽ ക്രൂരമായി മർദ്ദിക്കും. മർദ്ദനത്തിനും കവർച്ചയ്ക്കും ഇരകളാകുന്ന പലരും മാനക്കേട് ഭയന്ന് ചോദിക്കുന്നതെല്ലാം കൊടുത്ത് സ്ഥലം വിടും.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നഗരത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധിപേരുടെ പണവും സ്വർണവും മൊബൈൽഫോണുകളും കവർന്ന സംഘത്തെ കുടുക്കിയത് ഇരകളിലൊരാളുടെ പരാതിയിലാണ്. തന്റെ പേരും വിലാസവും പുറത്തുവിടില്ലെന്ന് പൊലീസ് നൽകിയ ഉറപ്പ് വിശ്വസിച്ച് തലസ്ഥാനവാസിയായ ഒരാൾ നൽകിയ പരാതിയിലാണ് വാടക വീട് റെയ്ഡ് ചെയ്ത് പൊലീസ് ആഴ്ചകൾക്ക് മുമ്പ് ജോമോൻ ഒഴികെയുള്ളവരെ പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഒളിത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ജോമോനെ പൊലീസ് പൊക്കിയത്.