- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വർഷം മുമ്പുണ്ടാക്കിയ ആക്ഷൻ കൗൺസിലിലെ ഏറെക്കുറെ എല്ലാവരും മരിച്ചിരിക്കുന്നു; ഏറ്റവുമൊടുവിൽ ഉഴവൂർ വിജയനും; രമേശ് ചെന്നിത്തലയും ഞാനും മാത്രം അവശേഷിക്കുന്നു; എനിക്ക് അഭയയെ അറിയില്ല; യാതൊരുവിധ രക്തബന്ധവും എനിക്ക് അവരോടില്ല; ഈ കേസ്സുമായി മുന്നോട്ടുപോകുന്നത് ഈശ്വര നിശ്ചയം കൊണ്ടും; അച്ചന്മാരായ കോട്ടൂരിനേടും പുതൃക്കയിലിനേയും സിസ്റ്റർ സെഫിയേയും അഴിക്കുള്ളിലാക്കിയ ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടനോട്
കൊച്ചി: 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. ഇപ്പോൾ കാൽ നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. അഭയയുടെ മാതാപിതാക്കളും മരിച്ചുപോയിട്ട് വർഷങ്ങളായി. അഭയ കേസ്സ് കൊലപാതക അന്വേഷണത്തിന്നും കാൽ നൂറ്റാണ്ടിന്റെ കാലപ്പഴക്കമായി. അഭയയുടെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ആക്ഷൻ കൗൺസിലും കാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ രാജ്യത്ത് ആ കേസ്സുമായി ബന്ധപ്പെട്ട് ഇനിയും മരിച്ചിട്ടില്ലാത്തവരിൽ ഒരാൾ മാത്രം ബാക്കിയാവുന്നു. ശ്രീ. ജോമോൻ പുത്തൻപുരക്കൽ. പിന്നെ കേസ്സിൽ പ്രധാന പ്രതികളായി ജീവിച്ചിരിക്കുന്ന മൂന്ന് പേരും. ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പൂതൃക്കയിൽ പിന്നെ സിസ്റ്റർ സെഫിയും. ചരിത്രത്തിൽ ചരിത്രമാവുന്ന അഭയ കേസ്സ് ഇപ്പോഴും സിബിഐ.യുടെ സജീവ പരിഗണനയിൽ തന്നെ. ഡോ. സുകുമാർ അഴീക്കോട് പറഞ്ഞതുപോലെ ''നിയമപാലന ചരിത്രത്തിൽ ഈ കേസ് തുല്യതയില്ലാത്ത ഒരു സംഭവമായി രേഖപ്പെട്ടു കിടക്കാതിരിക്കില്ല.'' എവിടെയും എത്താത്ത ഈ കേസ്സ് സുകുമാർ അഴീക്കോടിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നു. ചരിത്രത്തിന് ഒഴിവാക്കാനാവാത്ത ആ കേസ്സിന്റെ ചുക
കൊച്ചി: 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. ഇപ്പോൾ കാൽ നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. അഭയയുടെ മാതാപിതാക്കളും മരിച്ചുപോയിട്ട് വർഷങ്ങളായി. അഭയ കേസ്സ് കൊലപാതക അന്വേഷണത്തിന്നും കാൽ നൂറ്റാണ്ടിന്റെ കാലപ്പഴക്കമായി. അഭയയുടെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ആക്ഷൻ കൗൺസിലും കാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ രാജ്യത്ത് ആ കേസ്സുമായി ബന്ധപ്പെട്ട് ഇനിയും മരിച്ചിട്ടില്ലാത്തവരിൽ ഒരാൾ മാത്രം ബാക്കിയാവുന്നു. ശ്രീ. ജോമോൻ പുത്തൻപുരക്കൽ. പിന്നെ കേസ്സിൽ പ്രധാന പ്രതികളായി ജീവിച്ചിരിക്കുന്ന മൂന്ന് പേരും. ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പൂതൃക്കയിൽ പിന്നെ സിസ്റ്റർ സെഫിയും. ചരിത്രത്തിൽ ചരിത്രമാവുന്ന അഭയ കേസ്സ് ഇപ്പോഴും സിബിഐ.യുടെ സജീവ പരിഗണനയിൽ തന്നെ.
ഡോ. സുകുമാർ അഴീക്കോട് പറഞ്ഞതുപോലെ ''നിയമപാലന ചരിത്രത്തിൽ ഈ കേസ് തുല്യതയില്ലാത്ത ഒരു സംഭവമായി രേഖപ്പെട്ടു കിടക്കാതിരിക്കില്ല.'' എവിടെയും എത്താത്ത ഈ കേസ്സ് സുകുമാർ അഴീക്കോടിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നു. ചരിത്രത്തിന് ഒഴിവാക്കാനാവാത്ത ആ കേസ്സിന്റെ ചുക്കാൻ പിടിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനായ ശ്രീ. ജോമോൻ പുത്തൻപുരക്കലുമായി മറുനാടൻ മലയാളി പ്രതിനിധി സി.ടി. വില്യം നടത്തിയ സംഭാഷണത്തിന്റെ കേട്ടെഴുത്ത്.
അഭയ കേസ്സിന്റെ സ്വഭാവമനുസരിച്ച് ഇങ്ങനെ നീണ്ടുപോകുന്നതിൽ ആശങ്കപ്പെടെണ്ടതില്ല. ഈ കേസ്സ് ഇങ്ങനെയൊക്കെത്തന്നെ പോവൂ. നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവർക്കാണ് ആശങ്ക. ഈ കേസ്സിനെക്കുറിച്ച് ഇപ്പോഴും പലർക്കും ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. മാധ്യമങ്ങൾ പറയുംപോലെയല്ല കാര്യങ്ങൾ. അഭയ കേസ്സിന്റെ സ്ഥിതി എന്താ. പശുവും ചത്തു മോരിലെ പുളിയും പോയി. അതല്ലേ. അഭയ കേസ്സിൽ ഇനിയൊരു നാർക്കോ അനാലിസിസ്സും ആവശ്യമില്ല. എന്നിട്ടും ഏതൊക്കെയോ മാധ്യമങ്ങൾ എഴുതി, അഭയ കേസും നാർക്കോ അനാലിസിസ്സുമായി ബന്ധപ്പെട്ട അഞ്ഞൂറ് കോടിയുടെ അഴിമതി. ഇതിനെ ഊളത്തരം എന്നല്ലാതെ മറ്റെന്താ വിളിക്കുക. ഇതുമായി ബന്ധപ്പെട്ടു ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനിൽ കുറ്റം ആരോപിക്കുന്നതിൽ കാര്യമില്ല.
2008 ഓഗസ്റ്റ് മാസത്തിൽ വിചിത്രവും നിർണ്ണായകവുമായ രണ്ടു ഹൈക്കോടതി വിധികൾ വന്നു. 25 വർഷമായി ഈ കേസ്സിലെ പ്രധാന ഹരജിക്കാരനായ ജോമോൻ പുത്തൻപുരക്കൽ എന്ന എനിക്ക് അഭയ കേസ്സുമായി നിയമപരമായി ഇടപെടാനുള്ള യാതൊരു അവകാശവുമില്ലെന്ന വിധിയായിരുന്നു അത്. ഇന്ത്യാരാജ്യത്ത് ഒരു ഹൈക്കോടതിക്കും പറയാനാകാത്ത വിധിയായിരുന്നു അത്. ഈ വിധിയെയാണ് ഞാൻ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത്. 2008 ഓഗസ്റ്റ് മാസത്തിലെ ആ വിധി അങ്ങനെയാണ് തിരുത്തിയെഴുതിയത്. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബഞ്ചിൽ നിന്നുതന്നെയാണ് നിയമം തിരുത്തിയെഴുതപ്പെട്ടത്. ഈ വിധിയാണ് പിന്നീട് എനിക്ക് അഭയ കേസ്സിൽ മുന്നോട്ടുപോകാനുള്ള ഊർജ്ജമായത്.
ഈശ്വരൻ എനിക്ക് തന്ന ആ ഗതികോർജ്ജമാണ് 2008 ൽ പ്രതികളായ ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരുടെ അറസ്റ്റിലേക്കും 2009 ൽ ടി പ്രതികൾക്കെതിരെയുള്ള സിബിഐ. കുറ്റപത്രത്തിലേക്കും വഴിമരുന്നിട്ടതും. അഭയ കേസ്സുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകളും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും കൊടുക്കുന്നവർക്ക് സിബിഐ. പത്ത് ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 20 കൊല്ലം മുമ്പാണ് ഈ പ്രതിഫലം പ്രഖ്യാപിക്കുന്നത്. പിന്നീട് സിബിഐ. തെളിവുകൾക്കും സൂചനകൾക്കുമായി വർഷങ്ങൾ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. അവസാനം ഞാൻ കൊടുത്ത തെളിവുകളുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതും കുറ്റപത്രം സമർപ്പിക്കപ്പെട്ടതും. അപ്പോൾ സിബിഐ. പ്രഖ്യാപിച്ച ആ പ്രതിഫലത്തിന്ന് എനിക്ക് അർഹതയില്ലേ. എനിക്ക് മാത്രമേ ആ പ്രതിഫലത്തിന്ന് അർഹതയുള്ളൂ. അല്ലെങ്കിൽ അവർ പറയട്ടെ ആരാണ് അവർക്ക് തെളിവുകളും സൂചനകളും കൊടുത്തതെന്ന്. ഞാൻ അവർക്ക് കൊടുത്ത ഈ കേസ്സുമായി ബന്ധപ്പെട്ട തെളിവുകളും സൂചനകളും കൊടുത്തതിന് രേഖകളുണ്ട്.
ഇത്തരത്തിൽ അന്വേഷണ ഏജൻസികൾ പ്രഖ്യാപിക്കുന്ന പ്രതിഫലങ്ങൾ ഇന്ത്യയിൽ ആർക്കും ലഭിക്കാറില്ല. എന്നെപ്പോലെയുള്ളവരിൽ നിന്നോ മറ്റുചിലപ്പോൾ പ്രതികൾ തന്നെ നേരിട്ടോ നൽകുന്ന തെളിവുകളും സൂചനകളും ശേഖരിക്കുകയും അവസാനം പ്രതികളെ ഓടിച്ചിട്ടുപിടിച്ചുവെന്ന് വാർത്തകൾ ബ്രെയ്ക്ക് ചെയ്യുകയാണ് പതിവ്. അതുകൊണ്ട് ഞാൻ എനിക്ക് മാത്രം അവകാശപ്പെട്ട ആ പ്രതിഫലത്തിന്നായി കേരള ഹൈക്കോടതിയിൽ ഹരജി കൊടുക്കാൻ പോവുകയാണ്. മൂന്നുകോടി നാൽപ്പത്തഞ്ചു ലക്ഷം ജനങ്ങളുള്ള കേരളത്തിൽ ആരോരുമില്ലാത്തവർക്കായി, ഇന്നും സജീവമായി, ഈ കേസ്സിന്നൊപ്പം നിൽക്കാൻ കഴിയുന്നത് ഈശ്വരൻ കൂടെയുള്ളതുകൊണ്ടാണ്. ദൈവം വാദിയാവുന്ന കേസ്സാണിത്. ദൈവത്തിന്റെ സ്വന്തം വക്കീലാവുക മാത്രമാണ് ഞാൻ ചെയ്തത്. എനിക്ക് അഭയയെ അറിയില്ല. അവരുടെ മാതാപിതാക്കളേയും അറിയില്ല. യാതൊരുവിധ രക്തബന്ധവും എനിക്ക് അവരോടില്ല. എന്നിട്ടും ഞാൻ ഈ കേസ്സുമായി മുന്നോട്ടുപോകുന്നത് ഈശ്വര നിശ്ചയം കൊണ്ടാണ്.
അഭയ കേസ് ഡയറി 2009 ൽ പുസ്തകമാക്കിയപ്പോൾ ഞാൻ ആ പുസ്തകത്തിന്നിട്ട പേര് 'ദൈവത്തിന്റെ സ്വന്തം വക്കീൽ' എന്നാണ്. ഒരു കൊലപാതകത്തിന്റെ ആത്മകഥയാണ് ആ പുസ്തകം. ഞാൻ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്റെ ലാഭനഷ്ടങ്ങളും നോക്കിയിട്ടില്ല. ഇവിടെ എന്റെ ലാഭനഷ്ടങ്ങൾ ഈശ്വര നിശ്ചയം മാത്രമാണ്. ഞാൻ ഈശ്വരന്റെ വെറും ഉപകരണം മാത്രം. ഞാൻ കേവലം ഒരു നിമിത്തം മാത്രം. ഹൃദയത്തിൽ തൊട്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. 25 വർഷത്തിനുശേഷവും ഇന്നലെ നടന്ന ഒരു കൊലപാതകം ഇന്ന് നടന്നതുപോലെയാണ് ഞാൻ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അത്രയ്ക്ക് കൃത്യതയോടെയാണ് ഞാൻ ഇന്നും കാര്യങ്ങൾ പറയുന്നത്.
അഭയയുടെ മാതാപിതാക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. ഇന്നും ജീവിച്ചിരിപ്പുള്ള അഭയയുടെ വിദേശത്തുള്ള സഹോദരൻ കഴിഞ്ഞ 23 വർഷമായിട്ടും ഈ കേസ്സുമായി ബന്ധപ്പെട്ടോ ഞാനുമായോ ഒരു ഇടപെടലുകളും താൽപ്പര്യങ്ങളും കാണിച്ചിട്ടില്ല. ഒരു മണിക്കൂർ പോലും അയാൾ ഈ കേസ്സിന്നുവേണ്ടി ചെലവഴിച്ചിട്ടില്ല. അതാണ് യഥാർഥത്തിൽ എന്റെയൊരു ദുഃഖം. അഭയയുടെ മാതാപിതാക്കൾ മരണപ്പെട്ടതിൽ ഏറെ ദുഃഖിക്കുന്നത് ഈ കേസ്സിലെ വിശുദ്ധരായ പ്രതികളാണ്. കാരണം ഒരിക്കൽ പ്രതിഭാഗം വിലയ്ക്കെടുത്ത അവർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരിക്കൽകൂടി കൂറുമാറ്റാനായില്ലല്ലോ, പ്രയോജനപ്പെടുത്താനായില്ലല്ലോ എന്ന ആശങ്കയും ദുഃഖവും അവർക്കുണ്ടാവാം.
എന്നെ ഇല്ലാതാക്കാൻ പലരും ശ്രമിച്ചിരുന്നു. ലോകശക്തികൂടിയായ കത്തോലിക്കാസഭ അതിന്റെ സർവ്വശക്തിയും പ്രയോഗിച്ചുകൊണ്ട് എനിക്കെതിരെ നിലകൊണ്ടിരുന്നു. മാർപ്പാപ്പയുടെ പോലും പിന്തുണയോടെയാണ് അവർ ഈ കേസ്സിലെ പ്രതികളെ സംരക്ഷിക്കാൻ അന്നും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ശക്തിയെപോലും അതിജീവിച്ചുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യിക്കാൻ എനിക്ക് കഴിഞ്ഞത് ചില്ലറ കാര്യമല്ല. എന്നിട്ടും ഞാൻ പിടിച്ചുനിൽക്കുന്നത് സർവ്വേശ്വരൻ എന്റെ കൂടെ നിൽക്കുന്നതുകൊണ്ടാണ്.
ഇപ്പോൾ കണ്ടില്ലേ ഇന്ത്യ ഗവർമ്മെണ്ട് പണിപ്പെട്ടുകൊണ്ട് മോചിപ്പിച്ചെടുത്ത ഫാദർ ടോം ഉഴുന്നാലിൽ വരെ അവസാനം എത്തിയത് വത്തിക്കാനിലാണ്. അതാണ് റോമിന്റെ ശക്തി. ലോകം ഉറ്റുനോക്കിയ മോചനമായിരുന്നു ഫാദർ ടോമിന്റെത്. മോചനദ്രവ്യം ആരുകൊടുത്താലും, സഭ കൊടുത്താലും ഇന്ത്യരാജ്യം കൊടുത്താലും അത് എന്റെകൂടി പണമാണ്. മോചനദ്രവ്യമായി കൊടുത്ത കോടികൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാൻ കൂടി കൊടുത്ത പണമല്ലേ. ഫാദർ ടോം പറയുന്നതും അതല്ലേ. ഭീകരർ അദ്ദേഹത്തെ വേദനിപ്പിച്ചില്ല, പീഡിപ്പിച്ചില്ല. അവർ അദ്ദേഹത്തിന്ന് നല്ല ചികിത്സയും മരുന്നും ആഹാരവും കൊടുത്തു.
ഭീകരരെ ഇങ്ങനെ മഹത്വവൽക്കരിക്കുന്നതും ശരിയല്ല. അപ്പോഴും ഫാദർ ടോം പറയുന്നു, ഒരേയൊരു മുണ്ടിലാണ് ഒരുവർഷത്തിലെറെക്കാലം അവിടെ കഴിഞ്ഞുകൂടിയതെന്ന്. ഉടുതുണിക്ക് മറുതുണി കൊടുക്കാത്ത ഭീകരവാദികൾ എങ്ങനെ നന്മ നിറഞ്ഞവരാകും. അതേസമയം ഒമാൻ വസ്ത്രങ്ങൾ അണിഞ്ഞാണ് ഫാദർ ടോം അവിടെ വിമാനമിറങ്ങുന്നത് എന്നതും ആശ്ചര്യം ജനിപ്പിക്കുന്നു. എന്നിട്ടും നാളിതുവരെയായും ഫാദർ ടോമിന്ന് ഇന്ത്യയിലെത്താൻ കഴിഞ്ഞിട്ടില്ല. നാം എന്തൊക്കെ വിശ്വസിക്കണം. എന്തൊക്കെ കാണണം. എവിടെയൊക്കെയോ പൊരുത്തക്കേടുകൾ കാണുന്നുണ്ട്.
എനിക്കെതിരെ അഭയ കേസുമായി പലരും ഒരുപാട് ആരോപണങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ഒരൊറ്റ ആരോപണം പോലും നാളിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. നിലനിന്നിട്ടുമില്ല. എല്ലാം കളവായിരുന്നു. ഞാൻ സിബിഐ. കോടതിയിൽ വാദത്തിന്നിടെ പറഞ്ഞൊരു കാര്യമുണ്ട്. അതിങ്ങനെ; ജോമോൻ പുത്തൻപുരക്കൽ എന്ന ഞാൻ ഏറ്റവും വലിയ ഒരു തട്ടിപ്പുകാരൻ എന്ന് കോടതി പറയുകയാണെങ്കിൽ അതാണ് എനിക്ക് വളരെ സന്തോഷം. കാരണം, ഞാൻ ഒരു ഹരിശ്ചന്ദ്രൻ ആണെന്ന്, രേഖകളും തെളിവുകളും സഹിതം കോടതിയിൽ സമർപ്പിച്ചുകൊണ്ട് അപ്പോൾ മാത്രമാണ് എനിക്ക് സമർഥിക്കാൻ കഴിയുക. അല്ലാതെ എനിക്ക് അതിന് അവസരം ഉണ്ടാവില്ല. ആരെങ്കിലും ചായക്കടയിൽ ഇരുന്നുകൊണ്ട് ആരോപണം ഉന്നയിച്ചാൽ എനിക്ക് ഞാൻ ക്ലീൻ ആണെന്ന് നിയമപരമായി സമർഥിക്കാൻ സാധ്യമല്ല.
യാതൊന്നും പ്രതീക്ഷിക്കാതെ നീണ്ട 25 വർഷം സത്യം തെളിയിക്കാനുള്ള ഈ ധർമ്മസമരം ചരിത്രമാവുകയാണ്. ഇവിടെ പലരും ശ്രമിക്കുന്നതുപോലെ ഞാനും പണിയെടുത്താൽ ഗിന്നസ്സ് റെക്കോഡ് പോലും എനിക്ക് തരേണ്ടിവരും. ഈശ്വരൻ എന്നെ ഏൽപ്പിച്ച പണിയെന്നുപറയുന്നത് ഈ കേസ്സിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ വാങ്ങി കൊടുക്കലാണ്. അല്ലാതെ ഗിന്നസ്സ് റെക്കോഡിനുവേണ്ടി പണിയെടുക്കലല്ല. എന്നാൽ എന്റെ ലക്ഷ്യവും മാർഗ്ഗവും അതല്ല. അതെല്ലാം എനിക്ക് താനേ വന്നുചേരുമെന്നും ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ടൊക്കെയാണ് ഔട്ട് ലുക്ക് മാസിക എന്നെക്കുറിച്ച് എഴുതിയത്. അഭയ കേസ്സ് ഒരു ചരിത്ര സംഭവമാണ്. ഞാൻ ചരിത്രത്തിന്റെ ഭാഗവും. ഇരയുടെ വേദന ഒരുപക്ഷെ ഏതാനും നിമിഷങ്ങളോ മണിക്കൂറുകളോ മാത്രമായിരിക്കാം, എന്നാലിവിടെ എന്റെ വേദന കാൽ നൂറ്റാണ്ടിന്നപ്പുറവും തുടരുകയാണ്. എന്നെ ഇപ്പോഴും വറചട്ടിയിൽ ഇട്ടുകൊണ്ട് പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ കേസ്സും ഞാനും ചരിത്രത്തിന്റെ ഭാഗമാവുന്നത്.
അഭയ കൊല്ലപ്പെടുമ്പോൾ എനിക്ക് 24 വയസ്സായിരുന്നു. അരമന രഹസ്യം അങ്ങാടിപ്പാട്ടായ തരത്തിലുള്ള ഒരു കൊലപാതകമായിരുന്നു അത്. എന്നിരുന്നാലും അരമന രഹസ്യം പുറത്തുപറയാൻ അന്ന് ആരും ധൈര്യപ്പെട്ടില്ല. ആർക്കുമില്ലാതെ പോയ ആ ധൈര്യമാണ് ഞാൻ അഭയ കേസ്സിൽ കാണിച്ചത്. ഒന്നും നേടാനും ഒന്നും നഷ്ടപ്പെടാനുമില്ലെന്നു വിശ്വസിക്കുന്നവർക്കെ ഇതൊക്കെ സാധിക്കൂ. അന്ന് കോട്ടയം വൈഎംസിഎയുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. പിന്നീട് എല്ലാം മറന്നും പരിത്യജിച്ചും ജീവിക്കുകയായിരുന്നു. വിവാഹവും വിദ്യാഭ്യാസവും പോലും ഉപേക്ഷിക്കേണ്ടിവന്നു. തൊഴിലും സ്വത്ത് സമ്പാദനവും ഒന്നും നടന്നില്ല. ഒരു രാഷ്ട്രീയത്തിന്റെയോ ബിസിനസ്സിന്റെയോ പുറകെ ഞാൻ പോയില്ല. അതൊന്നും എന്റെ ലക്ഷ്യമായിരുന്നില്ല.
25 വർഷം മുമ്പുണ്ടായിരുന്ന ആ ആക്ഷൻ കൗൺസിലിലെ ഏറെക്കുറെ എല്ലാവരും മരിച്ചിരിക്കുന്നു. ഏറ്റവുമൊടുവിൽ ഉഴവൂർ വിജയനും. ഇപ്പോൾ അന്നത്തെ കോട്ടയം എംപി.യും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും ഞാനും മാത്രം അവശേഷിക്കുന്നു. മുമ്പെപ്പോഴോ ഒരു ജഡ്ജ് പറഞ്ഞതുപോലെ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് കാണാനുള്ള ആയുസ്സ് എനിക്കുണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ അനുഭവങ്ങളാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ആത്മധൈര്യത്തോടെ മനുഷ്യാവകാശ രംഗത്തേക്ക് കടന്നുവന്ന ഞാൻ, എന്റെ മാത്രം അനുഭവങ്ങളുടെ സർവ്വകലാശാലയിലൂടെ ജൈത്രയാത്ര തുടരുന്നു. അതിൽ ഞാൻ സംതൃപ്തനുമാണ്.-ജോമോൻ പറയുന്നു.