- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹോദരനെ കൊണ്ട് കോടാലിക്ക് വെട്ടിച്ചു; പിതാവിന്റെ അന്ത്യ ചുംബനം പോലും തടയാൻ ശ്രമിച്ചു; സഭയെ എതിർത്തതിന് ഒരു പാട് അനുഭവിച്ചു; എനിക്ക് ഭാര്യയും മക്കളുമില്ല; അഭയ കേസാണ് എനിക്ക് എല്ലാം; ജീവിക്കുന്നത് ആളുകളുടെ സംഭാവന വഴി; പ്രതികളെ സുപ്രീംകോടതി ശിക്ഷിക്കുന്നതുവരെ വിശ്രമമില്ല; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് ജോമോൻ പുത്തൻപുരയ്ക്കൽ
അഭയകേസിന്റെ ചരിത്രം എന്നു പറയുന്നത് ജോമോൻ പുത്തൻപുരയ്ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ ജീവിതം കൂടിയാണ്. വെറും 24 വയസ്സുള്ളപ്പോൾ ജോമോൻ ഏറ്റെടുത്ത പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി. 28 വർഷത്തിൽ കൂടുതൽ നീണ്ട് ഒരു നിയമപോരാട്ടത്തിൽ സിസ്റ്റർ അഭയക്ക് നീതി കിട്ടിയിരിക്കുന്നു. അഭയയെ കൊന്ന വൈദികനും കന്യാസ്ത്രീയും ശിക്ഷക്കപ്പെട്ടിരിക്കുന്നു. ഈ നിയമപേരാട്ടത്തിന് ചുക്കാൻ പിടിച്ച ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ
മലയാളിയുടെ 'ഷൂട്ട് അറ്റ് സൈറ്റ്' പരിപാടിയിൽ പങ്കെടുത്ത് മനസ്സുതുറക്കുകയാണ്. മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയുമായി അദ്ദേഹം നടത്തിയ പ്രത്യേകം അഭിമുഖം ഇങ്ങനെ.
ഷാജൻ സ്ക്കറിയ: 28 വർഷത്തിനുശേഷം വന്ന ചരിത്ര വിധി. ഈ വിധി കേൾക്കുമ്പോൾ എന്തു തോന്നുന്നു?അഭയക്ക് നീതി കിട്ടിയെന്ന് തോനുന്നുണ്ടോ?
ജോമോൻ പുത്തൻപുരയ്ക്കൽ: ഈ വിധി നീതിന്യായ വ്യവസ്ഥിതിയോടുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാൻ ഇടയാക്കും. ഇവിടെ ഒരു പാവപ്പെട്ട കന്യാസ്ത്രീയുടെ കുടുംബത്തിന് നീതി ലഭിച്ചു എന്നതാണ് പ്രധാനം. ജനങ്ങളുടെ പുർണ്ണ പിന്തുണയോടെയാണ് ഞങ്ങൾ ഈ പോരാട്ടം നടത്തിയത്. ഈ നാട്ടിലെ മാധ്യമങ്ങളുടെ, മറുനാടൻ മലയാളി അടക്കമുള്ളവയുടെയൊക്കെ, പിന്തുണ വലിയ തോതിൽ ഞങ്ങൾക്ക് ഉണ്ടായിരുന്നു. വിചാരണ ഘട്ടത്തിൽ മറുനാടനിൽ എല്ലാ ദിവസവും ഈ വാർത്തകൾ വലിയ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ഇത് മാധ്യമ പ്രവർത്തകർ ഉൾപ്പെടുയുള്ള എല്ലാവരുടെയും വിജയമായാണ് ഞാൻ കാണുന്നത്.
ചോദ്യം: എങ്ങനെയാണ് ഈ വിഷയത്തിൽ ഇടപെടുന്നത്. നിങ്ങൾ അന്ന് ഒരു പൊതുപ്രവർത്തകൻ ആയിരുന്നില്ല. ആണോ?
ഞാൻ പിച്ചവെച്ച് നടക്കുന്നു ഒരു പൊതുപ്രവർത്തകൻ ആയിരുന്നു. 24 വയസ്സുമാത്രമാണ് അന്ന് ഉണ്ടായിരുന്നത്.
ചോദ്യം: നിങ്ങൾ ഒരു ക്നാനായ സമുദായത്തിലെ അംഗമാണ്. ക്നാനായ സമുദായത്തിലെ ഒരു കന്യാസ്ത്രീയാണ് കൊല്ലപ്പെട്ടത്. ആ സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇതിൽ ഇടപെടാൻ കാരണം?
ഞാൻ കോട്ടയത്ത് കെ ഇ മാമ്മൻെ സാറിന്റെ മുറിയിൽ ഇരിക്കുമ്പോഴാണ് സംഭവം അറിഞ്ഞത്. അന്നത്തെ മുൻസിപ്പൽ കൗൺസിലർ ആയ ടി ജി സാമുവലാണ് വിവരം പറഞ്ഞത്. രാവിലെ കോൺവന്റിൽ ഒരു കന്യാസ്ത്രീ മരിച്ചു. പൊലീസ് അവിടെയുണ്ട്. ബോഡി പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയിരിക്കയാണ് എന്നതൊക്കെ. ഞാൻ നാട്ടിൽനിന്ന് സാമൂഹിക പ്രവർത്തനുമായി കോട്ടയത്ത് എത്തിയതാണ്. അതിനുമുമ്പ് രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു നാട്ടിൽ. അതെല്ലാം നിർത്തി, കോട്ടയത്തെത്തി ജില്ലാ പൗരസമിതിയുമായൊക്കെ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലത്താണ് ഈ സംഭവം. അപ്പോൾ, മാമ്മൻ സാർ എന്നോടു പറഞ്ഞു ജോമോന് ഒന്ന് പോയി നോക്കാമോ എന്ന്. ഈ സംഭവം നടക്കുന്നത് 98 മാർച്ച് 27നാണ്. ഒരു 2 മണിക്ക് ഞാൻ അവിടെ പോകുന്നുണ്ട്. രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. അത് പൊലീസ് കൊണ്ടുപോകുന്നു. മരിച്ച സമയം പ്രോസിക്യൂഷൻ കോടതിയിൽ കൊടുത്തിരിക്കുന്നത് 4.15 ആണ്.
ചോദ്യം: പക്ഷേ അന്ന് ചാനലുകൾ ഒന്നുമില്ലാത്തതിനാൽ ഈ വിവരം ആരും അറിഞ്ഞില്ല.
അതെ. മാത്രമല്ല 21 വയസ്സുള്ള സിസ്റ്റർ അഭയ നിര്യാതയായെന്ന് പടം പോലും ഇല്ലാതെ ചരമ പേജിലാണ് പിറ്റേ ദിവസം വാർത്ത വന്നത്. കിണറ്റിൽ വീണു എന്നൊന്നുമില്ല.
ചോദ്യം: കിണറ്റിൽ വീണു എന്നൊന്നുമില്ല. നിര്യാതയായി എന്നോ?
അതെ ചരമപേജിൽ സിസ്റ്റർ അഭയയുടെ പടം പോലുമില്ല. ചില പത്രങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്നുണ്ട്. ഇപ്പോൾ പല ഓൺലൈൻ പത്രങ്ങളിലെയും മാധ്യമ പ്രവർത്തകർ എന്നോട് ചോദിക്കും. അഭയക്ക് ഈ ഒരുപടം മാത്രമേയുള്ളോ എന്ന്. ഞാൻ പറയും ഈ ഒരു പടം ഉള്ളതുതന്നെ ഭാഗ്യം. ഇത് എടുത്തില്ലായിരുന്നെങ്കിൽ ഈ ഒരു പടം പോലും കിട്ടില്ലായിരുന്നു.
അങ്ങനെ വിവരമറിഞ്ഞ് ഞാൻ മഠത്തിൽ ചെല്ലുന്നു. അവിടുത്തെ മദർ സുപ്പീരിയറിനെ എനിക്ക് അറിയാം. എന്റെ വീടിനടുത്താണ് അവരുടെ സഹോദരിയെ കെട്ടിച്ചത്. സ്ഥലം എല്ലാം എന്നെ കാണിച്ചു. അപ്പോൾ കൊട്ട മറിഞ്ഞുകിടക്കുന്നു, അതെല്ലാം കാണിച്ചു. അവർ പറയുകയാണ് ഒരു മൽപ്പിടുത്തം ഇവിടെ നടന്നിട്ടുണ്ട്, ദുരൂഹതയുണ്ട്, കൊലപാതകം പോലെ ആണെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞു. അതാണ് എന്നെ അത്ഭുദപ്പെടുത്തിയത്. ആത്മഹത്യയാണെന്ന് അവർ പറയുന്നില്ല. സിബിഐ പിന്നെ എന്നെ സാക്ഷിയാക്കി വിസ്രിച്ചപ്പോൾ, ഞാൻ ഇക്കര്യം പറഞ്ഞിട്ടുണ്ട്.
ചോദ്യം: മദർ പിന്നെ ഈ മൊഴിയിൽ ഉറച്ചു നിന്നോ?
അത് അവർ തിരിച്ചും മറിച്ചും പറഞ്ഞു. സമ്മർദം വരുമ്പോൾ ആണെല്ലോ അത്. പുലർച്ചെ നാലു മണിക്ക് പഠിക്കാൻ എഴുനേറ്റപ്പോൾ വെള്ളം കുടിക്കാനാണ് അഭയ അടുക്കളയിൽ എത്തിയത്. അലാറം വെച്ച് ഉണരുകയായിരുന്നു. അങ്ങനെ ഒരാൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ല. ചെരിപ്പ് ഒരു സ്ഥലത്ത് കിടക്കുന്നു, ശിരോവസ്ത്രം വേറൊരിടത്ത് കിടക്കുന്നു. ആ മുറിയോട് ചേർന്നാണ് സിസ്റ്റർ സെഫി താമസിക്കുന്നത്. അപ്പോൾ പ്രതികൾ തമ്മിലുള്ള അവിഹിത ബദ്ധം ഈ കുട്ടി കണ്ടതിന്റെ പേരിലാണ് കൊന്നത്. ഇത് ഒന്നും അപ്പോൾ തോന്നിയിട്ടില്ല. പക്ഷേ ഒരു കൊലപാതകമാണെന്ന് തോന്നിയിരുന്നു. മറ്റുകാര്യങ്ങളൊക്കെ പിന്നീടാണ് വരുന്നത്.
ചോദ്യം: മദറിനോട് കൊലപാതകമാണെന്ന് നിങ്ങൾ പറഞ്ഞോ?
പറഞ്ഞു. സംശയം ഉണ്ടെല്ലോ. ദുരൂഹതയുണ്ടെന്ന് അവരും പറഞ്ഞു. കൊലപാതകം എന്ന് എടുത്തു പറഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരാൾ പുലർച്ചെവരെ കിടന്ന് ഉറങ്ങുകയില്ല. അതുപോലെ ആകെ തട്ടിമറിച്ച് ഇട്ടിരിക്കുന്നതുപോലുള്ള ഈ സീൻ ഉണ്ടാക്കേണ്ട കാര്യമില്ല. അന്ന് തിരിച്ചുപോയിട്ട് ഞങ്ങൾ എല്ലാവരും ചേർന്ന് ആലോചിച്ചു. അന്ന് മാമൻ സാർ കോട്ടയത്ത് സജീവമാണ്. പിന്നെയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് മാറുന്നത്. മൂന്നു ദിവസം കഴിഞ്ഞാണ് അഭയയുടെ സംസ്ക്കാരം നടക്കുന്നത്. അന്ന് ഞങ്ങൾ ആക്ഷൻ കൗൺസിൽ ഉണ്ടാക്കി. അന്നത്തെ മുൻസിപ്പൽ ചെയർമാൻ, കോട്ടയം എം പി രമേശ് ചെന്നിത്തല, കോട്ടയം എംഎൽഎ ടി കെ രാമകൃഷ്ണൻ, അങ്ങനെ ഒരുപാട്പേർ ഈ കമ്മറ്റിയിൽ ഉണ്ടായിരുന്നു. രമേശ് ചെന്നിത്തലയൊക്കെ അന്നായാലും ഇന്നായാലും രാഷ്ട്രീയത്തിന് അതീതമായി ഈ വിഷയത്തിൽ നമ്മൾക്കൊപ്പം നിന്നവരാണ്.
ചോദ്യം: ആക്ഷൻ കൗൺസിൽ രൂപീകരിച്ച സമയത്ത് നിങ്ങൾക്ക് സമ്മർദം ഉണ്ടായോ?
ആ സമയത്ത് ഒന്നും ഉണ്ടായില്ല. ക്നാനായ സഭയിലെ അന്നത്തെ ബിഷപ്പ് കുന്നശ്ശേരി തിരുമേനി അടക്കമുള്ളവരുടെ നേതൃത്വത്തിൽ മൗജാഥ നടത്തിയിരുന്നു. അഭയയുടെ മരണത്തിൽ ദുരൂഹതയുണ്ട് പ്രതികളെ കണ്ടെത്തണം എന്നായിരുന്നു അവരുടെയും ആവശ്യം. അന്ന് ഞാനും കൂടെയുണ്ടായിരുന്നു. അതു കഴിഞ്ഞ അവർ മുങ്ങി. ഞങ്ങൾ മുങ്ങിയില്ല. ഞങ്ങൾ ഉറച്ചു നിന്നു. അന്നത്തെ കുന്നശ്ശേരി ബിഷപ്പ് 54ാമത്തെ സാക്ഷിയാണ്. പുള്ളി പറയുന്നത്, കൊലപാതകമാണെന്നാണ്. അന്ന് അദ്ദേഹം സിബിഐക്ക് കൊടുത്ത മറുപടി അങ്ങനെയാണ്. ഇവർ ആത്മഹത്യ വാദം അവിടെ ഉയർത്തിയപ്പോൾ, ഞാൻ അത് ക്വാട്ട് ചെയ്തിട്ടുണ്ട്.
അന്ന് വി വി അഗസ്റ്റിനൊക്കെയാണെല്ലോ പൊലീസ് ഉദ്യോഗസ്ഥർ. വെസ്ററ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്നു അയാൾ. അയാൾ ക്രിതൃമം കാണിച്ച് സിബിഐ പിടിക്കുമെന്നായപ്പോൾ ആത്മഹത്യ ചെയ്തു. കെ എസ് ജോൺ എന്നൊരാളായിരുന്നു എസ്ഐ. അയാൾ ലീവ് ആയതുകൊണ്ടാണ് വി വി അഗസ്റ്റിന് ചുമതല വന്നത്. ജോൺ എന്നോട്
പറഞ്ഞിട്ടുണ്ട് ഞാൻ ഭാഗ്യത്തിനാണ് അന്ന് ലീവായയെന്നും അല്ലായിരുന്നെങ്കിൽ ഈ കേസിൽ പെടുമായിരുന്നെന്നും. പിന്നീട് പ്രതികളെ അറ്സറ്റ് ചെയ്തശേഷം
അഗസ്റ്റിനെ ചോദ്യം ചെയ്തു. അങ്ങനെയാണ് അയാൾ അത്മഹത്യ ചെയ്യുന്നത്.
ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറുക്കുമ്പോൾ ലൊ ആൻഡ് ഓർഡറുമായി ഒരു ബന്ധവുമില്ലാത്ത കെ ടി മൈക്കിൾ വന്നു. അന്ന് പുള്ളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. ക്രൈം ബ്രാഞ്ചും ഇത് ആത്മഹത്യയാണെന്നാണ് പറഞ്ഞത്. ക്രൈംബ്രാഞ്ച് എസ്പിയെ നമ്മൾ കാണാൻ പോയിരുന്നു. അഭയയുടെ വീട്ടുകാർക്ക് മാനസിക രോഗമാണെന്നും ഇത് ആത്മഹത്യതാണെന്നും പറഞ്ഞാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കൊടുത്തത്.
ചോദ്യം: ലോക്കൽ പൊലീസിന്റെ അന്വേഷണം പുർത്തിയാവുന്നത് മുമ്പ് ക്രൈം ബ്രാഞ്ചിന് കൊടുത്തു
അതെ. 17 ദിവസമാണ് ലോക്കൽ പൊലീസ് അന്വേഷിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് 1992 മെയ് 15ന് കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് എല്ലാവരും ഒപ്പിട്ട നിവേദനം നൽകി. ഞാൻ വൈഎംസിഎയിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രി ടിബിയിൽ എത്തിയത് അറിഞ്ഞത്. എനിക്കന്ന് 24 വയസ് മാത്രമാണ് പ്രായം.മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി. എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിസ്റ്റർ അഭയകേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള നിവേദനമാണെന്ന് ഞാൻ പറഞ്ഞു. അഭയാകേസോ എന്ന് കരുണാകരൻ ചോദിച്ചു. നിവേദനം മേടിച്ചു വായിച്ചു. എന്നിട്ട് അഭയകേസ് സിബിഐയ്ക്ക് വിടാൻ ഗവൺമെന്റ് തീരുമാനിച്ചു എന്ന് പറഞ്ഞു.അതാണ് അത്ഭുതം.
ചോദ്യം: മുഖ്യമന്ത്രിക്ക് അറിയാമായിരുന്നോ അഭയാ കേസ്?
പത്രങ്ങളിലൂടെ വായിച്ച് അറിഞ്ഞിരുന്നു.
ചോദ്യം:നിങ്ങൾ നിവേദനം കൊടുത്തപ്പോൾ തന്നെ, അതാണ് കരുണാകരൻ, ആലോചിച്ചു നിൽക്കാതെ?
ഇത് നേരാണോ എന്ന് എനിക്ക് വിശ്വാസം തോന്നിയില്ല, അപ്പോൾ മറ്റൊന്നുകൂടിയുണ്ടായി. മനോരമയുമായി എനിക്ക് നല്ല ബന്ധമാണ്. അന്നത്തെ ഫിലിപ്പ് ജോസഫും ജോസഫ് വാഴയ്ക്കനും ഇവിടെയെത്തി. അവരും നിവേദനം കൊടുത്തു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട്. അതുകഴിഞ്ഞ് മൂന്നാംപക്കം ആ ഓർഡർ പുറത്തിറങ്ങി.
ചോദ്യം: ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ ഒമ്പതരമാസക്കാലമാണ് തെളിവെല്ലാം നശിപ്പിക്കപ്പെട്ടത്?
അതെ. തെളിവെല്ലാം നശിപ്പിക്കപ്പെട്ടു.
ചോദ്യം: കെ ടി മൈക്കിൾ ആണെല്ലോ ഈ കേസിലെ തെൽവുകൾ അട്ടിമറിച്ചത്. അത് ഒന്ന് വിശദീകരിക്കാമോ?
പ്രതികളെ രക്ഷിക്കാൻ കള്ളരേഖകൾ ഉണ്ടാക്കി. ഇപ്പോൾ അടക്കാ രാജുവിന്റെ വെളിപ്പെടുത്തൽ വന്നിട്ടുണ്ടാല്ലോ. അത് സത്യമാണ്. സാക്ഷികളെയെല്ലാം എടുത്ത് ഇവരുടെ വീട്ടുകാർക്ക് ഭ്രാന്താണെന്ന് സ്ഥാപിക്കയായിരുന്നു അദ്ദേഹം ചെയ്തത്. സംശയമുള്ള സെഫിയെയോ, കോട്ടൂരിനൊയോ, പുതൃക്കെയിലെയോ ഒന്നും ചോദ്യം ചെയ്തിട്ടില്ല. മുൻവിധിയോടു കൂടിയായിരുന്നു അന്വേഷണം.
പൊലീസ് നായയെ കൊണ്ടുവന്നില്ല, വിരലടയാള വിദഗ്ധരെ കൊണ്ടുവന്നില്ല. അഭയയുടെ ചെരിപ്പും പേഴ്സും ഒന്നും കാണാനില്ല. അഭയയുടെ ഡയറി കാണാനില്ലായിരുന്നു. അന്ന് കണ്ടതുപോലുള്ള സംഭവം മുമ്പും കണ്ടിട്ടുണ്ടായിരുന്നെങ്കിൽ അഭയ അത് ഡയറിയിൽ എഴുതുമായിരുന്നു. ആ ഡയറി പോയത് മൈക്കിൾ വഴിയാണ്. ആർഡിഒകോടതിയിൽ നിന്ന് മേടിച്ചിട്ട് തിരിച്ചുകൊടുത്തില്ല. അങ്ങനെ തെളിവുകൾ എല്ലാം നശിപ്പിച്ചു. അതെല്ലാം പോട്ടെ. 2018ൽ ഈ പ്രതികളെ അറസ്റ്റ് ചെയ്തു. കുറ്റപത്രം കൊടുത്തു. അപ്പോൾ ഈ കെ ടി മൈക്കിൾ പ്രതികൾ നിരപരാധികൾ ആണെന്ന് പറഞ്ഞ്, ഹരജി കൊടുത്തു. സിബിഐ അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയ ഒരു കേസിൽ, ഒരു ഉദ്യോഗസ്ഥൻ ഹരജി കൊടുക്കുമോ.
ചോദ്യം: എന്നിട്ട് എത്രവർഷം കഴിഞ്ഞാണ് സിബിഐ കേസ് എടുക്കുന്നത്.
ഒരു വർഷം കഴിഞ്ഞ്. 93 മാർച്ച് 29ന് എഫ്ഐആർ ഇട്ടു.
ചോദ്യം: പിന്നെ എങ്ങനെയാണ് കേസ് ഇത്രയും വൈകിയത്?
നല്ല ചോദ്യമാണ്. സത്യസന്ധനായ ഒരു ഡിവൈഎസ്പി വർഗീസ് പി തോമസ്, ഉണ്ടായിരുന്നു. ചുരുങ്ങിയത് ആറുമാസം കൊണ്ട് ഇതുകൊലപാതകമാണെന്ന് അദ്ദേഹം കണ്ടെത്തി. കേരളത്തിൽ ഒരുപാട് കേസുകൾ തെളിയിച്ച ആളാണ് അദ്ദേഹം. പോളക്കുളം കേസ്, പാനൂർ എസ്ഐ സോമൻ കേസ്, ഇതാണ് സിബിഐ കേരളത്തിൽ ആദ്യമായി ഏറ്റെടുക്കുന്നത്. ഇത് ആത്മഹത്യതല്ല കൊലയാണെന്ന് അസന്നിഗ്ധമായി കണ്ടെത്തിയത് വർഗീസ് പി തോമസ് ആണ്.
എന്നാൽ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥൻ സിബിഐ എസ്പി ത്യാഗരാജൻ, ഇത് ആത്മഹത്യയാണെന്ന് എഴുതി കൊടുക്കണം എന്ന് പറഞ്ഞു. വർഗീസ് പി തോമസ് പറ്റില്ലെന്നും പറഞ്ഞു. സമ്മർദ്ദത്തെ തുടർന്ന് 93 ഡിസംബർ 31ന് അദ്ദേഹം രാജിവെച്ചു. 94 മാർച്ച് ഏഴാം തീയതി എറണാകുളത്ത് ഒരു പത്രസമ്മേളനം നടത്തി, അഭയകേസ് ആത്മഹത്യയാക്കാൻ ശ്രമിച്ചു എന്ന് വെളിപ്പെടുത്തി. ഇത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പാർലമെന്റിലും ഈ വിഷയങ്ങൾ വന്നു. അന്ന് നരസിംഹ റാവു ആയിരുന്നു പ്രധാനമന്ത്രി. പിന്നീട് ഡൽഹിയിൽ പോയി സിബിഐ ഡയറക്ടറെയും എംപി മാരായ ഒ രാജഗോപാൽ, പിസി തോമസ്, ഇ ബാലാനന്ദൻ എന്നിവരെ ഞാൻ കണ്ടു നിവേദനം നൽകി. അപ്പോത്തന്നെ ത്യാഗരാജനെ മദ്രാസിലേക്ക് ട്രാൻസ്ഫർ ചെയ്തു. എം എൽ ശർമ്മ എന്ന ഉദ്യോഗസ്ഥനെ കേസ് ഏൽപ്പിച്ചു. അദ്ദേഹം വന്ന് ഡമ്മി ടെസ്റ്റൊക്കെ നടത്തി.
അതുകൂടാതെ, ത്യാഗരാജനെ മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു ഹർജി കൊടുത്തിരുന്നു. ഉദ്യോഗസ്ഥനെ മാറ്റിയെന്ന് സിബിഐ അറിയിച്ചതോടെ കേസ് തീർപ്പാക്കി. അപ്പോൾ കൊലപാതകമാണെന്നും, പക്ഷേ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എല്ലാം തെളിവ് നശിപ്പിച്ചതിനാൽ പ്രതിയെ പിടിക്കാൻ കഴിയില്ലെന്ന് കാട്ടി അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ റിപ്പോർട്ട് നൽകി. കെ ടി മൈക്കിൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുക്കണമെന്നും സിബിഐയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
സിബിഐയുടെ ആ റിപ്പോർട്ട് സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് എന്ന് കാട്ടി 97 മാർച്ച് 20ന് ഞാൻ കേസ് നൽകി. തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. 99ൽ വീണ്ടും അന്വേഷണം അവസാനിപ്പിച്ചു. അന്നിരുന്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആന്റണി ടി മോറിസ് 2000 ജൂൺ 23ന് അന്വേഷണത്തിന് ഉത്തരവിട്ടു.അദ്ദേഹം കത്തോലിക്കനായ നല്ലൊരു മനുഷ്യനായിരുന്നു. അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാൻ ഒരു കത്തോലിക്കനായിട്ടും ഇത് ചെയ്തുവെന്ന്. എന്റെ മനസാക്ഷിക്ക് നിരക്കാത്തത് ആയതുകൊണ്ടാണ് ഞാൻ സിബിഐയുടെ റിപ്പോർട്ട് തള്ളി വീണ്ടും അന്വേഷണം ആവശ്യപ്പെട്ടതെന്ന്. അദ്ദേഹം ഇപ്പോൾ എവിടെയാണെന്ന് അറിയില്ല.
2005ൽ അന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ വീണ്ടും ആവശ്യപ്പെട്ടു. 2006 ഓഗസ്റ്റ് 20ന് ശാർങ്ധരൻ എന്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സിബിഐയെ രൂക്ഷമായി വിമർശിച്ച് തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഞാൻ 2007 മെയ് 18ന് സിബിഐ ഡയറക്ടറായ വിജയ് ശങ്കറിനെ നേരിട്ട് കണ്ടു. അന്നത്തെ മന്മോഹൻ സിങ് സർക്കാരിന്റെ കീഴിൽ കോൺഗ്രസിന്റെ ഏറ്റവും സീനിയറായ നേതാവ് പി ജെ കുര്യൻ സാർ എന്റെ ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തെ കൂട്ടി രണ്ട് പ്രാവശ്യം ഡയറക്ടറെ കണ്ടു. അപ്പോൾ തന്നെ യുപിയിൽ മായവതിക്കെതിരായ താജ് ഇടനാഴി കേസ് അന്വേഷിച്ച ആർ എം കൃഷ്ണ എന്ന എസ്പിയെ വച്ചാൽ താത്പര്യമാണോ എന്ന് ഡയറക്ടർ ചോദിച്ചു. സമ്മതിച്ചു. അങ്ങനെ സ്പെഷ്യൽ ടീമിനെ വെച്ചു. അവർ ഇവിടെ കോട്ടയം ടിബിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം. ആ ടീമാണ് ഈ പ്രതികളെയെല്ലാം നാർക്കോ അനാലിസിസ് ടെസ്റ്റ് നടത്തിയത്.
ചോദ്യം: പ്രതികളെ ആരാണ് തിരിച്ചറിയുന്നത്?
നാർക്കോ അനാലിസിസ് ടെസ്റ്റ് കഴിഞ്ഞിട്ടാണ് പ്രതികളെ കണ്ടെത്തിയത്. സംശയമുള്ളവരെയാണ് നാർക്കോ അനാലിസിസ് ടെസ്റ്റിന് കൊണ്ടുപോയത്. വാദിയാകുന്നവരെയും സംശയിക്കാമല്ലോ. ഇപ്പോ ഞാൻ ആക്ഷൻ കൗൺസിൽ കൺവീനറാണ്. കൊന്നിട്ട് കൺവീനറാകുന്നവരും ഉണ്ടല്ലോ. നാർക്കോ അനാലിസിസിന്റെ റിസൽട്ടും വെച്ചുകൊണ്ടിരുന്നു. അപ്പോ വീണ്ടും ഞാൻ കേസ് കെടുത്തു. അപ്പോ റിസൽട്ട് ഹാജരാക്കി.
ചോദ്യം: നാർക്കോ അനാലിസിസിൽ അവർ സമ്മതിച്ചു?
കൺസെന്റോട് കൂടിയാണ് ചെയ്തത്. അതിന് ശേഷം പിന്നീട് ഡൽഹി യൂണിറ്റിലെ സിബിഐ സംഘത്തെ മാറ്റി തിരിച്ച് കൊച്ചി യൂണിറ്റിലുള്ള സംഘത്തെ കേസ് ഏൽപ്പിച്ച് ഉത്തരവായി. 2008 സെപ്റ്റംബർ ഒന്നാം തീയതിയാണ് ഇത് ഓർഡറാകുന്നത്. നവംബർ ഒന്നാം തീയതി പുതിയ ടീം ചാർജ്ജെടുത്തു. നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം എത്തി. ഇവർ 17 ദിവസം കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. നാർക്കോ അനാലിസിസിനെ സപ്പോർട്ടിങ് തെളിവായി കണ്ടു. അത് വച്ചാണ് നൈറ്റ് വാച്ച്മാനെയും അടയ്ക്കാ രാജുവിനെയും മെഴിയെടുത്തത്. അറസ്റ്റ് ചെയ്തതിന് ശേഷം 2009ൽ കുറ്റപത്രം കൊടുത്തു. കേസ് പിന്നീട് വിചാരണ നടത്താതെ നീട്ടിക്കൊണ്ട് പോയി.
ചോദ്യം: അതെന്താണ് നീണ്ടുപോയത്?
പ്രതികൾ തടസ്സ ഹർജി കൊടുത്തു. പ്രതികൾ ഇവരാണോ എന്ന് ചോദിച്ചല്ലോ, ഇവർ നിരപരാധികളാണെങ്കിൽ വിചാരണ നേരിട്ട് നിരപരാധികളാണെന്ന് തെളിയിച്ചൂടെ. എന്തുകൊണ്ട് ഇവർ വിചാരണ നീട്ടിക്കൊണ്ട് പോയി.
ചോദ്യം: ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകൾ കൊടുത്തിട്ടുണ്ടായിരിക്കും?
ഒരുപാട്. ഒരു നൂറ് കേസെങ്കിലും കൊടുത്തിട്ടുണ്ട്. സുപ്രീം കോടതി മുതൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരെ. ഇതിൽ കൂടുതൽ നടക്കാൻ പറ്റുമോ. മടുത്തു. ജീവിതം മുഴുവൻ എന്തെല്ലാം പീഡനങ്ങളാണ് അനുഭവിച്ചത്.
ചോദ്യം: ഇത്രയധികം കേസുകൾ കൊടുക്കാൻ നിങ്ങൾക്ക് ഒരുപാട് ചെലവായി കാണും. അതെങ്ങനെ കൈകാര്യം ചെയ്തു? നിങ്ങൾക്ക് തൊഴിലൊന്നും ഇല്ലായിരുന്നല്ലോ?
സ്വാഭാവികമായും, ഇപ്പോ എന്റെ 6 സെന്റ് സ്ഥലം കോട്ടയം സബ്കോടതിയിൽ കെട്ടിവെച്ചിരിക്കുകയാണ്. ഈ അഭയ കേസിനായി ഒന്നര ലക്ഷം രൂപ കൊടുക്കേണ്ടി വന്നതിന്. അഭയ കേസുമായി ബന്ധപ്പെട്ട് അപകീർത്തി കേസിൽ. സാമ്പത്തികം ഇല്ലാത്ത ഒരാൾ മകളെ പഠിപ്പിക്കാനോ അല്ലെങ്കിൽ മകളുടെ കല്യാണത്തിനോ സ്വരൂപിച്ച് വെക്കാമല്ലോ. എനിക്ക് ഈ കേസാണ് ഭാര്യയും പിള്ളേരുമെല്ലാം. ഞാൻ കല്യാണം കഴിച്ചിട്ടില്ല. എനിക്ക് വ്യക്തിബന്ധമുള്ളവർ സഹായിക്കുന്നു. ഷാജൻ തന്നെ സഹായിച്ചിട്ടുണ്ടല്ലോ? 10,000 രൂപ 2014ൽ തന്നില്ലേ? ഓർമ്മയില്ലേ. അല്ല, ആളുകൾ തെറ്റിദ്ധരിക്കും ലക്ഷങ്ങൾ തന്നെന്ന്. പ്രതികളെ പിടിക്കാൻ ഷാജന് എന്താണിത്ര ഇൻട്രസ്റ്റെന്നും.
ഷാജൻ സ്കറിയ: പ്രേക്ഷകരോട് ഞാനൊന്ന് പറഞ്ഞോട്ടെ, ജോമോന്റെ പോരാട്ടത്തിന് ഒരു പിന്തുണ എന്ന നിലയിൽ ഒരിക്കൽ ചെറിയൊരു സംഭാവന നൽകിയതാണ്.
ജോമോൻ: മനോരമ ചീഫ് എഡിറ്റർ കെ എം മാത്യു സാർ 10,000 രൂപ എനിക്ക് തന്നിട്ടുണ്ട്. അത് സുപ്രീംകോടതിയിൽ കൊടുത്ത അഫിഡവിറ്റിൽ കാണിച്ചു. അങ്ങനെ ഒരുപാട് പേര് തന്നിട്ടുണ്ട്. അതെല്ലാം ഞാൻ സ്വന്തം കാര്യത്തിന് ഉപയോഗിക്കാതെ ഇതിനായി ഉപയോഗിച്ചു.
ചോദ്യം: നിങ്ങൾക്കെതിരെ ഒരുപാട് ആക്ഷേപങ്ങളുണ്ട്. നിങ്ങൾക്കെന്താണീ കേസിൽ ഇത്ര താത്പര്യം?
എന്നെ പറ്റിയുള്ള ആക്ഷേപമെല്ലാം കെ ടി മൈക്കിൾ പറഞ്ഞ് സിബിഐ അന്വേഷിച്ചിരുന്നു. അത് ഹൈക്കോടതിയിൽ കൊടുത്തു. ഇത് ആത്മഹത്യയാക്കാൻ നമ്മൾ ശ്രമിച്ചെന്നായിരുന്നു ആരോപണം. കെ ടി മൈക്കിൾ ആദ്യം സിബിഐ കോടതിയിൽ പരാതി കൊടുത്തപ്പോൾ അവർ തള്ളി. ഹൈക്കോടതിയിൽ കൊടുത്തപ്പോൾ ഓർഡറിട്ടു. നമ്മൾ എതിർക്കാൻ പോകേണ്ട കാര്യമില്ലല്ലോ. അന്വേഷിച്ചിട്ട് മൈക്കിളിനെയും മൈക്കിളിന്റെ കൂടെയുള്ള ഡിവൈഎസ്പി സാമുവലിനെയും പ്രതിയാക്കി സിബിഐ റിപ്പോർട്ട് കൊടുത്തു.
ചോദ്യം: നിങ്ങൾ ശല്യക്കാരനെന്ന് ഒരു ഹർജിയുണ്ടായില്ലേ?
ഉത്തരം: അത് പറയാം. 2008ൽ നാർക്കോ പരിശോധനയുടെ സമയം. വാദിയായ എന്റെ ഭാഗം കേൾക്കാതെ എനിക്കെതിരെ 23 കാര്യങ്ങളാണ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്. എന്റെ വിദ്യാഭ്യാസം എത്രയുണ്ടെന്നും, ഞാൻ മനുഷ്യാവകാശ പ്രവർത്തകൻ ആകാനുള്ള ഗുണങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കണമെന്നും. കെ രാംകുമാർ എന്ന ജഡ്ജാണ് ഉത്തരവിട്ടത്. അദ്ദേഹത്തിനെതിരെ ഞാൻ ഒരു കേസ് പണ്ട് ഹൈക്കോടതിയിൽ കൊടുത്തിരുന്നു. അതിൽ കാര്യമൊന്നുമില്ല. ഒരു കോടതിയലക്ഷ്യ കേസാണ്. അദ്ദേഹത്തിന്റെ സീനിയറായിട്ടുള്ള പി പി മോഹൻ കുമാർ എന്ന ഹൈക്കോടതി ജഡ്ജിയെ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനാക്കി. ചീഫ് ജസ്റ്റിസായി ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത ആളെയെ വെക്കാൻ പറ്റു. ഞാൻ കൊടുത്ത ഹർജിയിന്മേൽ അങ്ങേരെ അയോഗ്യനായി പ്രഖ്യാപിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവും ഹർജി കൊടുത്തിരുന്നു. ആ വൈരാഗ്യത്തിനാണ്. ക്നാനായ സഭയിൽ പെട്ട ഒരു സുപ്രീംകോടതി ജഡ്ജി അന്നുണ്ടായിരുന്നു. ഇന്ത്യാ മാഹാരാജ്യത്ത് മറ്റൊരാൾക്കെതിരെയും ഇല്ലാത്ത കാര്യമാണ് നടന്നത്. എന്നെ ആരെങ്കിലും തല്ലിയാൽ കേസെടുക്കരുതെന്ന് വരെയുണ്ട് ഈ 23 കാര്യങ്ങളിൽ.
ചോദ്യം: എന്തൊക്കെയാണ് ഈ 23കാര്യങ്ങളിൽ ഉണ്ടായിരുന്നത്?
ഇനി ജോമാൻ പുത്തൻ പുരയ്ക്കൽ ഏത് കോടതിയിൽ എന്ത് കേസ് കൊടുത്താലും എടുക്കാൻ പാടില്ല. അങ്ങനെ എഴുതിവച്ചു. അത് സുപ്രീം കോടതി റദ്ദ് ചെയ്തു. 2008 ഓഗസ്റ്റ് 26 പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പാണ്. മനുഷ്യാവകാശ പ്രവർത്തകനാകുന്നതിന് ഗുണങ്ങളുണ്ടോ എന്ന്ചോദിച്ചിരിക്കുന്നത്. ഐജി അന്വേഷിച്ച് കണ്ടെത്തണം. 23 കാര്യങ്ങളെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞു. അത് ഉത്തരവിട്ടപ്പോൾ തന്നെ സുപ്രീം കോടതി സ്റ്റേ ചെയ്തു. 23 കാര്യങ്ങളെക്കുറിച്ചും പെറ്റീഷണർ തന്നെ ഒരു മറുപടി ഫയൽ ചെയ്യാൻ പറഞ്ഞു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. കേരളാ ഗവർണറായിരുന്ന സദാശിവൃുമുണ്ട് ബെഞ്ചിൽ. സാറ്റിസ്ഫൈഡാണെങ്കിൽ റദ്ദ് ചെയ്യാമെന്ന് പറഞ്ഞു. 23 കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞു. മനുഷ്യാവകശ പ്രവർത്തകനാണോ എന്നതിൽ എനിക്ക് യോഗ്യതയുണ്ടോ എന്നത് ഇന്ത്യയിൽ നിശ്ചയിച്ചിട്ടില്ല,. അതിന് യോഗ്യത മാനദണ്ഡമില്ല. അത്പോലുമറിയാതെയാണ് അവർ നീങ്ങിയത്. എന്റെ സ്വത്ത് വിവരങ്ങൾ, പത്ര പ്രവർത്തകരുമായി എനിക്ക് ബന്ധമുണ്ടോ, പൊലീസുകാരുമായി ബന്ധമുണ്ടോ, ജഡ്ജിമാരുമായി ബന്ധമുണ്ടോ, മന്ത്രിമാരുമായി ബന്ധമുണ്ടോ ഇതൊക്കെ അന്വേഷിച്ചിട്ട് എന്തു കാര്യം. സുപ്രീം കോടതി ഇതൊക്കെ റദ്ദ് ചെയ്ത് ദൂരെക്കളഞ്ഞു.
ചോദ്യം: അന്വേഷണം ഉണ്ടായിരുന്നോ?
ഇല്ല അന്വേഷിക്കാതെ ഇത് റദ്ദ് ചെയ്ത് ദൂരെക്കളഞ്ഞു. അന്വേഷണത്തിന് ഓർഡർ ഇടുന്നത് 2008 ഓഗസ്റ്റ് 28നാണ്. ആ ഓർഡറിൽ ജഡ്ജ്മെന്റ് ഇറക്കണമെങ്കിൽ എത്രദിവസം വേണമെന്ന് അറിയാമല്ലോ. കോടതിയിൽ അന്ന് തന്നെ ആ ജഡ്ജ്മെന്റ് ഒപ്പിട്ട്, ടൈപ്പ് ചെയ്ത് ക്ലിയർ ആക്കണ്ടെ. നെടുമ്പാശേരി എയർപോർട്ട് വഴി തിരുവനന്തപുരത്ത് എത്തിയാലും പിറ്റെ ദിവസം ഇവിടെ എത്തിയില്ല. 29ന് അന്നത്തെ ഡിജിപി രമൺ ശ്രീവാസ്തവ. എനിക്കെതിരെ ഐജി ഹരിനാഥ് മിശ്ര - പിന്നീട് ഐബിയുടെ ഡയറക്ടറായി പിന്നിട് പോയി. ടി കെ വിനോദ് കുമാർ ഇപ്പോഴുമുണ്ട്. ഇന്റലിജൻസ് മേധാവിയാണ്. രണ്ട് പേരും കൂടി സ്പെഷ്യൽ ടീമിനെ അന്ന് തന്നെ നിയമിച്ചു. എനിക്ക് നോട്ടീസ് വന്നു. ഞാൻ സുപ്രീം കോടതിയിൽ പോയി സ്റ്റേ ചെയ്തിട്ട് പുള്ളിക്ക് കൊണ്ടുപോയി കൊടുത്തു. നിങ്ങൾക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. എനിക്ക് പ്രശ്നമുണ്ടായിട്ടല്ല എന്ന് പറഞ്ഞു.
ചോദ്യം: നിങ്ങൾക്ക് എന്ത് സ്വത്തുണ്ട്?
ആറു സെന്റ് സ്ഥലമാണ് എനിക്കുള്ളത് അതാണ് ഇപ്പോൾ കോടതിയിൽ വച്ചിരിക്കുന്നത്.
ചോദ്യം: ബിനാമി സ്വത്തുണ്ടോ?
ഒന്നുമില്ല, ആ ചോദ്യം നന്നായി. ഞാൻ ഇതുവരെ പറയാത്തത് പുതുതായി മനസിൽ തോന്നിയത് പറയാം. ജോമോൻ പുത്തൻപുരക്കൽ എന്ന ഞാൻ ഇന്നുവരെ ഒരു രൂപയുടേയും ഇൻകം ടാക്സ് കൊടുക്കേണ്ടിവന്നിട്ടില്ല. അപ്പോൾ എനിക്ക് സ്വത്തുണ്ടോ. ഇനി സ്വത്തുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ ഒരു പരാതി ഇൻകം ടാക്സിൽ നൽകിയാൽ മതി. ടാക്സ് കാടുക്കേണ്ട ആവശ്യം വന്നിട്ടില്ല. ഇപ്പോൾ ജിഎസ്ടി വന്നല്ലോ, രണ്ട് ലക്ഷം രൂപയിൽ കൂടുതൽ വന്നാൽ ടാക്സ് കൊടൂക്കേണ്ടെ. എന്റെ എല്ലാം അക്കൗണ്ട് വഴിയാണ്. ഇന്നുവരെ ഒരു രൂപ പോലും ഇൻകംടാക്സ നൽകേണ്ടി വന്നിട്ടില്ല. ഇൻകംടാക്സുകാരന്നെ അന്വേഷിച്ച് വന്നിട്ടില്ല. ഓണക്കൂർ എന്ന മനോരമയിൽ എഴുതുന്ന ഒരു ഓഡിറ്ററുണ്ട്. എറണാകുളത്ത്. സുപ്രീം കോടതിയിൽ ഇത്രയും പേർ സംഭാവന നൽകി എന്ന പേര് ഞാൻ കൊടുത്തു. 2010ലാണ് എല്ലാവരുടേയും പേര് വന്നാൽ ഇൻകംടാക്സ് കൊടുക്കേണ്ടി വരും എന്ന് ഓഡിറ്റർ പറഞ്ഞു. എനിക്കല്ലലോ. ആക്ഷൻ കൗൺസിലിനല്ലേ എന്ന് ഞാൻ പറഞ്ഞു. പലതവണയായല്ല. ചെലവാക്കിയതല്ലെ എന്ന് ഞാൻ പറഞ്ഞു. കുഴപ്പമാകുമെന്ന് ഓഡിറ്റർ പറഞ്ഞു. സത്യം പറയുന്ന സ്വഭാവമാണ് എന്റേത് എന്ന് പറഞ്ഞു. നേരാണോ എന്ന് അറിയാൻ വേണ്ടി രമേശ് ചെന്നിത്തല നേരാണോ എന്ന് അറിയാൻ വേണ്ടി പതിനായിരം അല്ല 20000 രൂപ തന്നു. പുള്ളി കെപിസിസി പ്രസിഡന്റ് ആയിരന്നപ്പോൾ. ഞാൻ തന്നത് മറന്നുപോയല്ലോ എന്ന് പറഞ്ഞു. ഞാൻ 20000 രൂപയെന്ന് പറഞ്ഞു. ശ്രീധരൻ പിള്ള, ഇപ്പോഴത്തെ ഗവർണർ. പതിനായിരം രൂപ തന്നത് അതിനകത്തുണ്ട്. അങ്ങനെ കുറേ പേർ. ഒരു ഇൻകംടാക്സുകാരും വന്നില്ല
ചോദ്യം: നിങ്ങൾക്കെതിരെ എവിടെയെങ്കിലും കേസുണ്ടോ?
അത് നന്നായി. സുപ്രീം കോടതി എനിക്ക് ക്രിമിനൽ കേസുണ്ടോ എന്ന് ചോദിച്ചിരുന്നു. അപ്പോൾ എന്നെക്കുറിച്ച് എനിക്ക് സന്തോഷം തോന്നി. ഇന്നുവരെ ഒരു ക്രിമിനൽ കേസിലും ഞാൻ പ്രതിയല്ല. നിയമപരമായാണ് മുന്നോട്ട് പോകുന്നത് എന്ന് മനസിലായില്ലെ. ചുമ്മാതാണെങ്കിലും ഒരു കേസ് വേണമെങ്കിൽ കൊടുക്കുന്നവരില്ലെ.
ചോദ്യം: ഭീഷണിയുണ്ടായിട്ടുണ്ടോ?
പലരീതിയിലുണ്ടായിട്ടുണ്ട്. പിള്ളേരും കുടുംബവും ഒന്നും ഇല്ലാത്തതുകൊണ്ട് വരുന്നിടത്തുവച്ച് കാണമെന്ന് തീരുമാനിച്ച് രണ്ടും കൽപിച്ച് മുന്നോട്ടുപോകുന്നു. നമ്മൾ ഭയപ്പെട്ടാൽ അതിനെ സമയം കാണുകയുള്ളു. ഭയപ്പെട്ടാൽ ഈ ജോലി ചെയ്യാൻ കഴിയുമോ?
ചോദ്യം: കല്യാണം കഴിക്കാത്തതെന്താണ്?
ഞാൻ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്റെ ഭാര്യയെ സ്വാധീനിച്ച് എന്നെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചേനെ. അതിനൊക്കെ സമയം കിട്ടാത്തതുകൊണ്ടാണ്. എന്റെ അച്ഛൻ 2012 ൽ മരിച്ചുപോയി. മകനായി ഞാൻ മാത്രമേയുള്ളു. തൂവാലയിട്ട് മുത്തുന്നത് ഒരു ഇടവക വികാരിക്ക് അറിയാഞ്ഞിട്ടല്ലല്ലോ. ഞാൻ മുത്താൻ നോക്കിയപ്പോൾ വികാരി പെട്ടിയടച്ചു. ഇനിയാരെങ്കിലും മുത്താനുണ്ടോ എന്ന് ചോദിച്ചിട്ട് മകൻ മുത്താനുണ്ട് എന്ന് പറയുമ്പോൾ വികാരി ബലമായി പെട്ടിയടച്ചു. സഭയോട് കളിച്ചാൽ അപ്പന്റെ അടക്കിന് പോലും മുത്തിക്കാൻ സഭ സമ്മതിക്കില്ലഎന്ന് വരുത്തിക്കാൻ. സഭയോട് കളിച്ചാൽ ഇങ്ങനെയായിരിക്കും എന്നാണ് വികാരിയുടെ മനസിൽ. അപ്പോൾ തന്നെ. അച്ചൻ ഈ വെള്ള ളോഹയിട്ടിട്ട് ചെറ്റത്തരം കാണിക്കരുത് എന്ന് പറഞ്ഞു. മകൻ എന്ന നിലയിൽ തൂവാലയിട്ട് മുത്തേണ്ട അവകാശം എനിക്കുണ്ട് എന്ന് പറഞ്ഞു. എന്ത് അധികാരത്തിലാണ് നിങ്ങൾ നിഷേധിച്ചത് എന്ന് ചോദിച്ചു. എല്ലാവരും ഞെട്ടിപ്പോയി.ക്ഷമിക്കണം ഞാൻ അറിഞ്ഞില്ല എന്നായിരുന്നു വികാരിയുടെ മറുപടി. വെരി വെരി സോറി എന്ന് പറഞ്ഞു. പിന്നെ പെട്ടി തുറന്നു തന്നു.
ചോദ്യം: അച്ഛനെയും അമ്മയേയും നോക്കിയില്ല എന്ന വാർത്ത കേട്ടിരുന്നു? അമ്മയേയും അപ്പനേയും അനാഥാലയത്തിലാക്കി എന്ന് പറയുന്നത്
അതല്ലെ ഇപ്പോൾ പറഞ്ഞത്. നോക്കിയതിന്റെ തെളിവല്ലെ ഈ മുത്തിയതിന്റെ കാര്യം പറഞ്ഞത്.അതൊക്കെ ചുമ്മാ പറയുന്നതല്ലെ. കഥയുള്ള കാര്യമല്ല. ഇവരങ്ങനെ എന്തൊക്കെ പറയുന്നുണ്ട്.
ചോദ്യം: അഭയയുടെ മാതാപിതാക്കൾ നിങ്ങളെ തള്ളിപ്പറഞ്ഞിരുന്നോ?
തള്ളിപ്പറയേണ്ട കാര്യമില്ലല്ലോ. അവർക്കത് പിന്നീട് മനസിലായല്ലോ. നമ്മൾ അല്ലേ കേസുമായി മുന്നോട്ട് കൊണ്ടുനടന്നത്. ഈ സഭക്കാർ എല്ലാവരേയും വെട്ടിലാക്കും. ഞാൻ കല്യാണം കഴിച്ചാൽ എന്റെ ഭാര്യയെ സ്വാധീനിച്ച് എന്നെ വെട്ടിലാക്കും. സഭക്കെതിരെ നിൽക്കുന്നവരെ മോശമാക്കാൻ ശ്രമിക്കും. ആ കത്തോലിക്ക സഭക്കെതിരെ സിപിഎമ്മിനു കളിക്കാൻ പേടിയാണ്. ബിജെപിക്ക് പേടിയാണ്. ആർക്കെങ്കിലും സാധിക്കുമോ. ഈ കേസുമായി ബന്ധപ്പെട്ട് ഇത്രയും കാലം നടന്നാണ് പോകുന്നത്. സൈക്കിൾ പോലുമില്ല. യാത്ര ബസിലാണ്. ബസിലും ട്രെയിനിലും. എന്റെ സ്വത്ത് വിവരങ്ങൾ എവിടെയൊക്കെയുണ്ടെന്ന് എനിക്ക് തെളിയിക്കാം. വരവിൽ കവിഞ്ഞ ഒരു സ്വത്തും ഞാൻ സമ്പാദിച്ചിട്ടില്ല.
ചോദ്യം: നിങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടോ?
ആർക്കും പറയാൻ പറ്റാത്ത കാര്യങ്ങൾ നിർഭയത്വത്തോടെ പറയുമ്പോൾ ആളുകൾക്കിടയിൽ കിട്ടുന്ന അംഗീകാരം. ഞാൻ തുക പറയാൻ ഇന്നുവരെ നിന്നുകൊടുത്തിട്ടില്ല. വെട്ടൊന്ന് മുറി രണ്ട് എന്നതായിരുന്നു എന്റെ നിലപാട്
ചോദ്യം: സഭാ കേന്ദ്രങ്ങളിൽ നിന്നും എന്തെല്ലാം പ്രഷർ വന്നിട്ടുണ്ട്.
സഹോദരനെക്കൊണ്ട് എന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഉണ്ടായി. വെട്ടിക്കൊലപ്പെടുത്താനായിരുന്നു നീക്കം. പത്രത്തിൽ വന്നിരുന്നു. എല്ലാ ഭീഷണിയും വന്നിട്ടുണ്ട്. എന്റെ സ്വന്തം സഹോദരനെക്കൊണ്ട് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ നോക്കി.ഞാൻ അത് കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. അഭയയെ കൊന്ന അതേ കോടാലികൊണ്ടാണ് കൊലപ്പെടുത്തുമെന്നാണ് പറഞ്ഞപ്പോൾ, രാമൻ പിള്ള എന്ന ഇത്രയും സീനിയറായ അഭിഭാഷകൻ പറയുകയാണ്. അഭയയെ കൊന്ന കോടാലി വേറെയാണെന്ന്. ജോമോനെ വെട്ടിയത് വേറെ കോടാലിയാണ്. ജഡ്ജി ചിരിച്ചു. എന്നിട്ട് ആ സഹോദരൻ മരിച്ചപ്പോൾ. ഒരു ബന്ധവുമില്ലാത്ത ഈ സഹോദരന്റെ കുടുംബത്തിന് ഇടവക വികാരി പത്ത് ലക്ഷം രൂപ കൊടുത്തു. ക്നാനായ സഭയിൽ നിന്നും പുറത്ത് കല്യാണം കഴിച്ച് സഭയിൽ നിന്ന് ഔട്ടായ ആളാണ് അദ്ദേഹം. 2014ൽ സഹോദരൻ മരിച്ചതിന് ശേഷം പത്ത് ലക്ഷം രൂപ കൊടുത്തു. ഔട്ട്ലുക്കിലൊക്കെ അത് വന്നിരുന്നു. സഭ ആരേയും ഉപയോഗിക്കും.
ചോദ്യം: നിങ്ങൾ എന്തിനാണ് ഇത്രയും യാതനകൾ സഹിച്ചത്.
എനിക്ക് കേരളം മുഴുവൻ എന്റെ പേരിൽ എഴുതി തന്നാലും മക്കളില്ലാത്തതുകൊണ്ട് ഉണ്ണാൻ പറ്റത്തില്ല. നമ്മുടെ ജീവിതത്തിൽ ആർക്കും സത്യസന്ധമായി നല്ലത് ചെയ്യാൻ കഴിഞ്ഞാൽ പൊതുസമൂഹത്തിൽ നമ്മളോട് കാണിക്കുന്ന സ്നേഹമുണ്ടല്ലോ. നമ്മൾ എവിടെ ചെന്നാലും തുറക്കാത്ത വാതിൽ തുറക്കും.
ചോദ്യം: നിങ്ങൾ താൽപര്യങ്ങളുടെ ഭാഗമായി മറ്റുള്ളവർക്കെതിരെ പരാതി കൊടുക്കുകയുണ്ടായോ?
ഒരു താൽപര്യത്തിനും പിന്നാലെ പോയിട്ടില്ല.
ചോദ്യം: ഐഎഎസുകാരും ഐപിഎസുകാരും ദുരുപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
ഒന്നുമില്ല. കേരളാ സർവീസിലുള്ള ഐപിഎസ് ഐഎഎസുകാരുടെ ലിസ്റ്റ് എടുക്കു. സ്വത്ത് വിവരം പുറത്തുവിടാൻ ഒരാൾക്കും ധൈര്യമില്ല.പിന്നെ സ്വത്ത് വിവരം വിവരാവകാശ കമ്മീഷൻ നൽകിയപ്പോൾ വിവരങ്ങൾ നൽകാൻ ആദ്യം തയ്യാറായില്ല. ചീഫ് സെക്രട്ടറിക്ക് ഞാൻ പരാതി കൊടുത്തു. സ്വത്ത് വിവരങ്ങൾ പുറത്തുവിടാത്തവരുണ്ടെന്ന് കാണിച്ച്. അന്നത്തെ ഡിജിപിയായിരുന്ന ബാലസുബ്രഹ്മണ്യം. സ്വത്ത് വിവരം പുറത്തുവിടാൻ കമ്മീഷൻ ഉത്തരവിട്ടപ്പോൾ അയാളെ മാവോയിസ്റ്റുകൾ വെടിവച്ചുകൊല്ലുമെന്ന് ഭയന്ന് വിവരം വെളിപ്പെടുത്തില്ലെന്ന് പറഞ്ഞു.
ചോദ്യം: നിങ്ങളെ ഏറ്റവും കൂടുതൽ സഹായിച്ച ആളാരാണ്.
ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്.ഏറ്റവും കൂടുതൽ കടപ്പാട് ഗാന്ധാരിയമ്മൻ കോവിലിന്റെ ഭാഗത്ത് മൂന്ന് വർഷമായിട്ട് മധു എസ് നായർ ഒരു റൂം തന്നതുകൊണ്ട് അവിടെ ഫ്രീയായിട്ട് താമസിക്കുകയാണ്. പല ആളുകളും സഹായിക്കുന്നതുകൊണ്ടല്ലെ മുന്നോട്ട് പോകുന്നത്.
ചോദ്യം:ഗസ്റ്റ് ഹൗസിൽ താമസിച്ചതുമായി ബന്ധപ്പെട്ട് സിബിഐയുമായി കേസില്ലെ?
അത് സിബിഐയ്ക്ക് എതിരെ നൽകിയതാണ്. അത് വ്യാജമാണെന്ന് തെളിഞ്ഞു. സുധാകരന് ഞാൻ പരാതി കൊടുത്തു. വിജിലൻസ് എൻക്വയറിക്ക് സുധാകരൻ ഓർഡർ ഇട്ടു. പിണറായി വിജയന്റെ പരിഗണനയിലാണ്. ഗസ്റ്റ് ഹൗസിൽ പൈസ അടച്ചതിന്റെ ബിൽ എന്റെ കൈയിൽ ഇരിക്കുകയാണ്. അപ്പോൾ ഞാൻ കൊടുത്തില്ലെന്ന് പറഞ്ഞാലോ. ഞാൻ എല്ലാ രേഖകളും സൂക്ഷിച്ചുവയ്ക്കും. 2000 മുതൽ താമസിച്ചതിന്റെ രേഖകളുണ്ട്.
ചോദ്യം: നിങ്ങളെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ആരാണ്?
എന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കെ എം എബ്രഹാമാണ്. വിരോധത്തിന് കാരണം അയാൾക്കെതിരായ വിജിലൻസ് എൻക്വയറിയുണ്ടെന്നതാണ്. പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ഒന്നും കൊടുത്തിട്ടില്ല. ഭാര്യക്ക് നൂറ് പവന്റെ സ്വർണമുണ്ട് ലോക്കറിൽ. വിജിലൻസ് പോയി റെയ്ഡ് ചെയ്തിരുന്നു. കെ എം എബ്രഹാമിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് ആരാണ് മുൻകൈ എടുത്തത്. ജേക്കബ് തോമസിനെതിരെയും കേസുണ്ട്. ഒരേ സമയത്ത്. ഇവരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സഹായിക്കുന്നവരാണ്.സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. സഹാറ ഗ്രൂപ്പ് കോർപ്പറേറ്റുകൾക്ക് വേണ്ടി സഹായിച്ചവരാണ് കെ എം എബ്രഹാം എന്ന്. നമ്മളാരും ചരിത്രം പരിശോധിക്കുന്നില്ല.
ചോദ്യം: ഇനിയെന്ത് ചെയ്യാനാണ് പ്ലാൻ, അഭയാ കേസിന്റെ വിധി കഴിഞ്ഞല്ലോ.
അത് നല്ല ചോദ്യമാണ്. ഇവിടെ തീരുന്നില്ല. ഇവരെ ശിക്ഷിച്ചെങ്കിലും ഇവർ അപ്പീലിന് പോകും. പോകുമ്പോൾ അവിടെയും പോകും. സുപ്രീം കോടതി വരെ പേകേണ്ടി വന്നാൽ പോകും.
ചോദ്യം: മൈക്കിളിനെ ഒക്കെ പ്രതിയാക്കണ്ടെ
അത് സ്വാഭാവികമായും വരും നമ്മളുടെ ജോലി തീർന്നിട്ടില്ല. തുടരും. അതാണ് ഒരു കേസിൽ ഇടപെട്ടാൽ നൂറ് ശതമാനം സത്യസന്ധമായി തുടരണം. ഇവിടം കൊണ്ട് അങ്ങ് വിട്ടുകളയുകയല്ല. അന്തിമ വിധി എന്നത് ജയിൽ വരെ എത്തണം.
മറുനാടന് ഡെസ്ക്