തിരുവനന്തപുരം: മറുനാടൻ മലയാളി കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ മുഹൂർത്തമാണ്. വായനക്കാരുടെ പിന്തുണയിൽ ഒരു സഹജീവിയെ സഹായിക്കാൻ കഴിഞ്ഞതിന്റെ ചാരിധാർത്ഥ്യമാണ് ഞങ്ങൾക്കുള്ളത്. ലക്ഷത്തിൽ ഒരാൾക്ക് വരുന്ന അപൂർവ്വ രോഗം ബാധിച്ച ജോമി ജോൺ എന്ന മലയാളി ബ്രിട്ടനിലെ മലയാളി യുവാവിന് കേരളത്തിൽ ചികിത്സയ്ക്ക് എത്തിക്കാൻ ആവശ്യമായ പണം സ്വരൂപിക്കാൻ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് ശ്രമിച്ചത്. വായനക്കാരുടെ അകമഴിഞ്ഞുള്ള സഹായത്താൽ രണ്ട് ദിവസം കൊണ്ട് 27 ലക്ഷത്തിന് മുകളിൽ തുക പിരിഞ്ഞു കിട്ടിയിരുന്നു. എന്നാൽ, പണം നൽകുന്നതിനുള്ള അപ്പീൽ അവസാനിപ്പിച്ചു കഴിഞ്ഞിട്ടും സഹായപ്രവാഹം തുടരുകയാണ്. ഇന്നലെ വായനക്കാർ ഏഴ് ലക്ഷം രൂപ കൂടി നൽകിയതോടെ ആകെ കിട്ടിയ തുക 35 ലക്ഷമായി ഉയർന്നു.

ഇന്നലെ ഒറ്റ ദിവസം മാത്രം 7327. 34 പൗണ്ടാണ് (ഏഴ് ലക്ഷം രൂപ) എത്തിച്ചേർന്നത്. ഇതോടെ ജോമി ജോണിന് വേണ്ടി ബ്രിട്ടീഷ് മലയാളി വഴി മാത്രം 34, 909. 97 പൗണ്ട് (35 ലക്ഷം) ലഭിച്ചു. ജോമിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അഭ്യുദയകാംക്ഷികൾ നൽകിയ തുക എത്രയെന്ന് വ്യക്തമല്ലെങ്കിലും ജോമിയുടെ ചികിത്സയ്ക്കും ആ കുടുംബത്തിന്റെ ഭാവിക്കും ആവശ്യമായ തുക മുഴുവൻ തന്നെ ശേഖരിച്ചു കഴിഞ്ഞതായാണ് സൂചന. വിർജിൻ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയിഡ് ഉൾപ്പടെ 31, 661. 25 പൗണ്ട് ലഭിച്ചപ്പോൾ 3248. 72 പൗണ്ടാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കു നേരിട്ടു ലഭിച്ചത്. അസോസിയേഷനുകളും വ്യക്തികളും അടക്കം 620 പേരാണ് ഇതുവരെ പണം നൽകിയത്. ഇതോടെ നാളയെ മറ്റന്നാളോ ആയി ജോമിയെ നാട്ടിലെത്തിക്കും.

ഇന്നലെ വ്യക്തികളും ഒട്ടേറെ സംഘടനകളും പണം നൽകുകയുണ്ടായി. ഹോർഷമിലെ പ്രമുഖ മലയാളി അസോസിയേഷനായ എംസിഎച്ച് ഹോർഷം ശേഖരിച്ച 1135 പൗണ്ട് ഗിഫ്റ്റ് എയിഡായ 283. 75 പൗണ്ട് സഹിതം 1418. 75 ലഭിക്കുകയുണ്ടായിട്ടുണ്ട്. സന്ദർലാന്റിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് ഗിഫ്റ്റ് എയിഡ് ഉൾപ്പെടെ 250 പൗണ്ട് നൽകുകയുണ്ടായി. ഹരോഗെയിറ്റ് മലയാളി അസോസിയേഷൻ ഇന്നലെ 500 പൗണ്ട് ഇട്ടപ്പോൾ ഗിഫ്റ്റ് എയിഡ് ഉൾപ്പെടെ 625 പൗണ്ടായി ഉയർന്നു. ഫ്രണ്ട്‌സ് ഓഫ് ഈസ്റ്റ് ഗ്രിന്റീഡ് ഗിഫ്റ്റ് എയിഡ് അടക്കം 1300 പൗണ്ട് നൽകി. പോളി സെന്റ് ജോർജ് ജാക്കോബൈറ്റ് ചർച്ച് 125 പൗണ്ട് നൽകി.

നൂറും ഇരുന്നൂറും പൗണ്ട് വരെ ഇട്ട അനേകം വ്യക്തികൾ ഉണ്ട്. അപ്പീൽ അവസാനിപ്പിച്ചെങ്കിലും സംഘടനകൾ പിരിച്ച പണം ഇനിയും വന്നു ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. വ്യക്തികൾ ഇനി പണം ഇടേണ്ടതില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം എങ്കിലും ലഭിക്കുന്ന പണം മുഴുവൻ ജോമിയുടെ ചികിത്സക്കായി നൽകുന്നതാണ്. ഇപ്പോൾ പണം ശേഖരിച്ചു കൊണ്ടിരിക്കുന്ന സംഘടനകൾക്ക് തുടർന്നും വിർജിൻ അക്കൗണ്ട് വഴി പണം നൽകാവുന്നതാണ്. എന്നാൽ കഴിയുന്നതും രണ്ടും ദിവസത്തിനകം നൽകാൻ ശ്രമിക്കുക.

എറണാകുളം സ്വദേശിയായ ജോമി ജോൺ ആണ് അതീവ ഗുരുതരാവസ്ഥയിൽ രണ്ടാഴ്ചയായി ബ്രിട്ടണിലെ പ്രമുഖ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സബ് അക്ക്യൂട്ട് സ്‌കെലെറോസിങ് പാൻഎൻസഫലിറ്റിസ് (എസ്എസ്‌പിഇ) എന്ന രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ ജോമിയുടെ ജീവൻ രക്ഷിക്കാൻ വൈകാതെ ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് സാധിക്കും എന്ന നിഗമനത്തെ തുടർന്നാണ് ജോമിയെ നാട്ടിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമം തുടങ്ങിയത്.

വിവരം അറിഞ്ഞ് യുകെ മലയാളികൾ ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി സഹായിക്കാൻ ഇറങ്ങിയപ്പോൾ ആവശ്യമുള്ളത്ര പണം ലഭിച്ചു. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും രംഗത്തിറങ്ങിയതോടെ ജോമിക്ക് സഹായപ്രവാഹം തന്നെയായിരുന്നു. ജോമിയെ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കാൻ ആണ് ഈ പണം ആവശ്യപ്പെട്ടത്. എട്ടോ പത്തോ വിമാന ടിക്കറ്റും അത്യാവശ്യമായ മറ്റ് മെഡിക്കൽ സൗകര്യങ്ങളും ഒരുക്കി വേണം ജോമിയെ നാട്ടിൽ എത്തിക്കാൻ.

ജോമി ജോണിന്റെ ചികിത്സ സംബന്ധിച്ച് വ്യക്തത മാറുന്നത് വരെ പണം ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ജോമിയുടെ ഭാര്യ ജിൻസിയുടെ അക്കൗണ്ടിലേക്ക് നല്ലൊരു തുക സുഹൃത്തുക്കളും നാട്ടുകാരും നേരിട്ട് നൽകിയിട്ടുള്ളതിനാൽ ഇപ്പോഴത്തെ ആവശ്യങ്ങൾക്ക് തടസമില്ല എന്ന് അറിയിപ്പു ലഭിച്ചിട്ടുണ്ട്. ജോമിയെ എയർ ആംബുലൻസ് വഴി നാട്ടിലേക്കു കൊണ്ടു പോകുന്നതിനും മറ്റുമുള്ള ആവശ്യങ്ങൾക്കാണ് മറുനാടൻ മലയാളി കുടുംബം വഴി പണം ഉപയോഗിക്കുക. അതുകൊണ്ട് തന്നെ ചികിത്സ പദ്ധതിയെ കുറിച്ചു വ്യക്തമായ രൂപ രേഖ ഉണ്ടായ ശേഷം നേരിട്ടു കൈമാറാൻ ആണ് തീരുമാനം.

ഇതേ സമയം ജോമിയെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ ഒരു വശത്തും അപകട നില തരണം ചെയ്യാനുള്ള ശ്രമം മറുവശത്തും തുടരുകയാണ്. ഇപ്പോൾ നൽകി വരുന്ന ആന്റിവൈറൽ ഇൻജെക്ഷന്റെ രണ്ടാം ഘട്ടം ഇന്ന് നൽകിയതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു ഇന്നലെ കടുത്ത പനി കുഞ്ഞു എന്നത് ആശ്വാസമായിട്ടുണ്ട്. വ്യാഴാഴ്ചയോ അല്ലെങ്കിൽ വെള്ളിയാഴ്ചയോ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം ആണ് നടക്കുന്നത്. യാത്രക്ക് മുൻപായി ശരീരം കുറച്ചു കൂടി സെറ്റിൽ ആകുന്നതിനു വേണ്ടിയാണ് വ്യാഴാഴ്ച വരെ വെയിറ്റ് ചെയ്യുവാൻ ഡോക്ടേഴ്‌സ് നിർദ്ദേശം നൽകിയത്. മരുന്നുകൾ നൽകിയിട്ടും ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതി ഇല്ല എന്നതുകൊണ്ടാണ് ഇത്.

വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലെ ന്യൂറോ വിഭാഗം തലവൻ ഡോക്ടർ ഗംഗാധരനുമായി ഇവിടെ നിന്നും ഡോക്‌ടേഴ്‌സ് സംസാരിച്ചു ട്രാൻസ്ഫർ നടപടികൾ അറിയിക്കുകയും, വിവരങ്ങൾ കൈമാറുകയും ചെയ്തു. നാട്ടിലെ ജോമിയുടെ സഹോദരനുമായും, അടുത്ത ബന്ധുക്കളുമായും ഡോക്‌ടേഴ്‌സ് സംസാരിച്ചു വിവരങ്ങൾ അറിയിക്കുകയും ഡിസ്ചാർജ് നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

ഈ രോഗം കഴിഞ്ഞ 17 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് യുകെയിൽ എത്തിയത് അതിനാൽ യുകെയിലെ മാദ്ധ്യമങ്ങളും ജോമിയുടെ രോഗവിവരം വാർത്തയാക്കുകയുണ്ടായി. ജോമിയുടെ ഭാര്യ ജിൻസിയെ ഡോക്‌ടേഴ്‌സ് വിവരങ്ങൾ അറിയിക്കുകയും, ഡിസ്ചാർജ് സംബന്ധിച്ച പേപ്പറുകൾ ഒപ്പിട്ടു മേടിച്ച് നടപടികൾ ആരംഭിച്ചു.

ചാർട്ടേഡ് എയർ ആംബുലൻസിൽ ജോമിയെ ലണ്ടൻ ഹീത്രു എയർപോർട്ടിൽ എത്തിച്ചു ശേഷം അവിടെ നിന്നും നെടുമ്പാശ്ശേരിയിലേയ്ക്ക് വരാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. തുടർന്ന് പ്രത്യേക ആംബുലൻസിൽ വൈക്കം ഇൻഡോ അമേരിക്കയിൽ എത്തിക്കുവനുമാണ് നീക്കം. കഴിഞ്ഞദിവസം രാത്രിയും ഫാ. എൽദോസ് കാവുംപള്ളിയുടെ നേതൃത്വത്തിൽ മലയാളികൾ മീറ്റിങ് നടത്തി കാര്യങ്ങൾ വിലയിരുത്തി.

എറണാകുളം കിഴക്കമ്പലം സ്വദേശി ആയ ജോമി നാലര വർഷം മുൻപാണ് യുകെയിൽ എത്തിയത്. ചേച്ചിയും ഇളയ സഹോദരനും രോഗികളായ മാതാപിതാക്കന്മാരും അടങ്ങുന്നതാണ് കുടുംബം. ബാങ്ക് ലോൺ വഴിയും പണം സംഘടിപ്പിച്ച് വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിയ ജോമി ഗ്ലോട്ടൻഹാം മാനർ നേഴ്‌സിങ് ഹോമിൽ ജോലി ചെയ്തു വരിക ആയിരുന്നു. ജോമി മാസം മാസം അയച്ചു നൽകി വരുന്ന പണത്തിലാണ് ഈ കുടുംബം ജീവിച്ചു വന്നിരുന്നത്. ഇതിനിടയിൽ ആറു മാസം മുൻപ് നാട്ടിലെത്തി പിറവം സ്വദേശിനി ആയ ജിൻസി ജോമിയെ വിവാഹം കഴിച്ച് നാല് മാസം മുൻപാണ് ഇരുവരും യുകെയിൽ തിരിച്ചെത്തിയത്. ജിൻസിയും ഇതേ ഹോമിൽ കെയററായി ജോലി ചെയ്ത് വരിക ആയിരുന്നു. നാട്ടിൽ ഏകദേശം 40 ലക്ഷം രൂപയുടെ ബാധ്യത ജോമിക്കുണ്ടായിരുന്നു. തിരികെ യുകെയിൽ എത്തി ജോലി ചെയ്ത് ബാധ്യതകൾ തീർക്കുവാനുള്ള ശ്രമം നടന്നു വരവേ ജനുവരി മധ്യത്തോടെ ജോമിക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.