തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടു കാണാനെത്തി കൗതുകം കൊണ്ട് ഒരു സമ്മേളനത്തിൽ പോയി ഇരുന്ന് പൊലീസ് പിടിച്ച് മാവോയിസ്റ്റ് ആക്കുകയും ചെയ്ത സ്വിറ്റ്‌സർലണ്ട് പൗരൻ ജോനാഥൻ ബോണ്ട് ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്യുകയും ജയിലിൽ കഴിയുകയും ചെയ്ത സ്വിസ് പൗരന് നാട്ടിൽ പോകാൻ വഴിയൊരുക്കിയത് ഹൈക്കോടതിയിയാണ്. കേരളാ പൊലീസിന്റെ 'മാവോയിസ്റ്റ് പ്രേമം' കാരണമാണ് ജോനാഥൻ വെളുത്ത മാവോയിസ്റ്റായി മാറിയത്. എന്തായാലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരളം വിടാൻ ഒരുങ്ങുന്ന ജോനാഥന് ലോകത്തോട് വിളിച്ചുപറയാൻ ഒഒരുപാട് കാര്യങ്ങളുണ്ട്. അവിചാരിതമാണെങ്കിലും മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ദുൽഖർ സൽമാന്റെ സിനിമ എബിസിഡിയിലെ കഥ പോലെയായി ജോനാഥന്റെ അനുഭവം.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ അനുഭവങ്ങളുമായി തുറന്നെഴുതി കോടികൾ സമ്പാദിക്കാൻ തന്നെയാണ് ജോനാഥന്റെ നീക്കം. കേരളത്തിൽ എത്തിയതും അറിയാതെ മാവോയിസ്റ്റ് സിനോജിന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതും തുടർന്ന് പൊലീസുകാർ മാവോയിസ്‌റ്റെന്ന് മുദ്രകുത്തി ജയിലിൽ അടച്ചത് മുതൽ ഹൈക്കോടതി ഉത്തരവിട്ട് മോചിതനാകുന്നത് വരെയുള്ള കഥകൾ പുസ്തക രൂപത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജോനാഥനെ പ്രമുഖ പ്രസാധകർ തന്നെ സമീപിച്ചതായാണ് വിവരം. തന്റെ കേരള അനുഭവങ്ങൾ വായിക്കാൻ ഇന്ത്യയിലും ആളുകൾ ഉണ്ടാകുമെന്നതിനാൽ ജോനാഥൻ എഴുതാൻ ഉറച്ചു തന്നെയാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്.

തൃപ്രയാറിൽ മാവോയിസ്റ്റ് അനുകൂല ചടങ്ങിൽ പ്രസംഗിച്ചു എന്നതിനെ തുടർന്നാണ് സ്വിസ് പൗരൻ അറസ്റ്റിലായതും നൂലാമാലകളിലേക്ക് നീങ്ങിയതും. ഹൈക്കോടതി നിരുപാധികം വിട്ടയച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി കേസ് നടപടികൾ പൂർത്തിയാക്കിയ ശേഷം പാസ്‌പോർട്ട് ഉൾപ്പടെയുള്ള രേഖകളും ജാമ്യത്തുകയും ജോനാഥൻ ബോണ്ട് കോടതിയിൽ നിന്ന് ഏറ്റുവാങ്ങി.

വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നും വസ്തുവകകൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാവിലെയാണ് ജോനാഥൻ ബോണ്ട് കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി നിരുപാധികം വിട്ടയച്ച വിധിപ്പകർപ്പും ഹാജരാക്കി. കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടി ബി ഫസീല ഹർജി തീർപ്പാക്കുകയായിരുന്നു ചെയ്തു. ഇതോടെയാണ് ജോനാഥൻ ബോണ്ടിന് തിരിച്ചുപോകാൻ അവസരം ഒരുങ്ങിയത്.

ജൂലൈ 29 നാണ് ജൊനാഥൻ ബേഡിനെ വീസ ചട്ടലംഘനത്തിനു വലപ്പാട് സിഐ ആർ. രതീഷ് കുമാർ അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് വിസയിലെത്തി മാവോയിസ്റ്റ് അനുകൂല സംഘടന തൃപ്രയാറിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു ജയിലിലാക്കിയെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീടു മനുഷ്യാവകാശ പ്രവർത്തകൻ ടി.എൻ. ജോയ് ഉൾപ്പടെ ബന്ധപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണു ജോനാഥൻ ബോണ്ട് കുറ്റവിമുക്തനാക്കപ്പെട്ടത്.

മാവോയിസ്റ്റ് മുദ്രചാർത്തപ്പെട്ട് അറസ്റ്റിലായതും ജയിൽ വാസവും അടക്കമുള്ള കാര്യങ്ങൾ പാശ്ചാത്യ മാദ്ധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. സ്വിസ്റ്റ്‌സർലണ്ടിൽ നിന്നും മാദ്ധ്യമപ്രവർത്തകർ സംഭവം അന്വേഷിക്കാൻ കേരളത്തിലെത്തുകയും ചെയ്തു. നിരപരാധിയെ അപരാധിയാക്കുന്ന കേരളാ പൊലീസ് സ്‌റ്റൈൽ അടക്കം ദൈവത്തിന്റെ നാടിനെ കുറിച്ച് ഒരുപാട് പറയാൻ ജോനാഥനുണ്ടാകും. കേരളത്തിൽ വിചിത്രമായ അനുഭവങ്ങൽ പാശ്ചാത്യ ലോകത്തിന് എന്നും കൗതുകം ഉണർത്തുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ നാട്ടിലെ ജയിലിൽ കിടന്നെങ്കിലും ജോനാഥന് നാട്ടിൽ കാത്തിരിക്കുന്നത് കോടികളുടെ കിലുക്കമാണെന്ന കാര്യം ഉറപ്പാണ്.

എന്തായാലും ഓൺലൈനിൽ എഴുതി ശീലമുള്ള ജോനാഥൻ ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ച് എന്തുപറയുമെന്നറിയാൻ മലയാളികൾക്കും ആകാംക്ഷയുണ്ടാകും. സായിപ്പിന്റെ കേരള അനുഭവങ്ങളെ കുറിച്ച് മലയാളിക്ക് അറിയാനുള്ള ആകാംക്ഷയും പുസ്തക പ്രസാദകർക്ക് ഗുണകരമാകും.