- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടനാട്ടിൽ ഉപാധികളില്ലാതെ ഇടതിന് പിന്തുണ പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പിന് മുമ്പേ ജോസ് രാജ്യസഭാ സ്ഥാനം രാജിവെച്ചു കാപ്പനും നൽകി പാലാ പ്രശ്നം തീർത്താലും ജോസ് വിഭാഗം മത്സരിച്ചു തോറ്റ എൽഡിഎഫ് സീറ്റുകൾ വിട്ടു കൊടുക്കുന്നത് കീറാമുട്ടിയാകും; ജയരാജിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിൽ സിപിഐ പിടിവാശി പരിഹരിക്കും; എൽഡിഎഫ് ജോസ് നീട്ടുന്നത് ഇരിക്കൂറും പിറവവും തൊടുപുഴയും അടക്കം 15 നിയമസഭാ സീറ്റുകൾ
തിരുവനന്തപുരം: യുഡിഎഫിൽ നിന്നും ഏതാണ്ടു പൂർണമായും ജോസ് കെ മാണി വിഭാഗം പുറത്തേക്കു പോയിക്കഴിഞ്ഞിരിക്കുന്നു. ഇതോടെ ഇടതുമുന്നണിയിൽ ചേക്കാറാനുള്ള വഴികളാണ് ഇവരുടെ മുന്നിലുള്ളത്. ഇപ്പോഴുള്ള സാഹചര്യത്തിൽ സിപിഐക്കും കാര്യമായ എതിർപ്പ് നിലനിൽക്കുന്നില്ല. ഇതോടെ ജോസ് കെ മാണിക്ക് ഇടതു മുന്നണിയിലേക്കുള്ള വഴികൾ തുറക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചു കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതിന്റെ ഭാഗമാകാനുള്ള നീക്കമാണ് നടക്കുന്നത്.
ഇന്നത്തെ യുഡിഎഫ് തീരുമാനത്തിനു ശേഷം പാർട്ടി വ്യക്തമായ സൂചനകൾ നൽകിയേക്കും. തുടർനടപടികൾക്കു ചെയർമാൻ ജോസ് കെ.മാണിയെ കഴിഞ്ഞ ദിവസം പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. സിപിഐയുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസിനെ (എം) എൽഡിഎഫ് തിരക്കിട്ട് ഘടകകക്ഷിയായി പരിഗണിക്കുമോയെന്ന് ഉറപ്പില്ല. അങ്ങനെയെങ്കിൽ പുറത്തു നിർത്തി സഹകരിപ്പിക്കാനാകും ആദ്യഘട്ട തീരുമാനം. ഐഎൻഎൽ, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങി ഈയിടെ എൽഡിഎഫിലെത്തിയ കക്ഷികൾ ആദ്യം ഈ ഗണത്തിലായിരുന്നു. സിപിഎമ്മും ജോസ് കെ.മാണിയും തമ്മിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിർത്തി ജില്ലകളിൽ അനൗപചാരിക സംഭാഷണങ്ങൾ തുടങ്ങി. ഇന്നത്തെ യുഡിഎഫ് തീരുമാനത്തോടെ ഈ നീക്കങ്ങൾ ത്വരിതപ്പെട്ടേക്കും.
വിട്ടുപോകുന്നുവെങ്കിൽ മുന്നണിയിൽനിന്നു ലഭിച്ച സ്ഥാനമാനങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യം യുഡിഎഫിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് രാജിവയ്ക്കാൻ തയാറുണ്ടോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ വെല്ലുവിളി നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യമായി ഉയർത്തിയതാണ്. യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റ് അവിടം വിട്ട് എൽഡിഎഫിലെത്തിയപ്പോൾ എംപി. വീരേന്ദ്രകുമാർ രാജിവച്ച മാതൃകയാകും എടുത്തുകാട്ടുക. അതുകൊണ്ട് തന്നെ ജോസ് കെ മാണി രാജിവെക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ, പാലാ സീറ്റ് തനിക്ക് ലഭിച്ചാൽ മാത്രമേ ആ നീക്കത്തിന് മാണി തയ്യാറാകുകയുള്ളൂ. കേരളാ കോൺഗ്രസിന് ഏറെ വൈകാരികത ഈ സീറ്റുമായി ബന്ധപ്പെട്ടുണ്ടെന്ന കാര്യം ജോസ് കെ മാണി ഇടതു മുന്നണിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സീറ്റുകളുടെ കാര്യത്തിൽ വ്യക്തത വരുത്തി എൽഡിഎഫുമായി അടുക്കാനാണു കേരള കോൺഗ്രസിന് (എം) താൽപര്യം. കഴിഞ്ഞ തവണ ഒറ്റപ്പാർട്ടിയായി നിന്നപ്പോൾ യുഡിഎഫിൽ 15 സീറ്റാണു ലഭിച്ചത്. അതിൽ ജോസഫ് വിഭാഗത്തിന്റെ നാലെണ്ണമൊഴികെ പതിനൊന്നിൽ മാണി വിഭാഗം മത്സരിച്ചു. നിലവിൽ ജോസ് വിഭാഗത്തിനൊപ്പം നിൽക്കുന്ന എംഎൽഎമാരായ റോഷി അഗസ്റ്റിൻ (ഇടുക്കി), എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവർക്കു സ്വാഭാവികമായും എൽഡിഎഫ് സീറ്റ് നൽകേണ്ടി വരും. 2016 ലെ 15 സീറ്റ് തന്നെ പാർട്ടി എൽഡിഎഫിനോടും ആവശ്യപ്പെടാനാണു സാധ്യത. അതേസമയം ജയരാജിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫിൽ സിപിഐ മത്സരിക്കുന്നതാണ്. കഴിഞ്ഞ തവണ അവർ മത്സരിച്ച 7 സീറ്റുകളിൽ നിലവിൽ എൽഡിഎഫിന്റെ എംഎൽഎമാരുണ്ടു താനും.
മുമ്പ് വിജയിച്ചിരുന്നതും എന്നാൽ, ഇപ്പോൾ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളുമായ ഏറ്റുമാനൂർ അടക്കമുള്ള സീറ്റുകളാണ് ഇടതു മുന്നണിക്ക് ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ പ്രായം. പാലയിൽ മാണി സി കാപ്പന് രാജ്യസഭാ സീറ്റു നൽകി കൊണ്ട് തങ്ങൾക്ക് വിട്ടു നൽകണം എന്നാകും ജോസ് കെ മാണിയുടെ ആവശ്യം. നിലവിൽ മൂന്ന് കേരള കോൺഗ്രസുകൾ ഇടതുമുന്നണിയിലുണ്ട്. ഇവർക്കെല്ലാംകൂടി ആറുസീറ്റാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയത്. ആർ.എസ്‌പി.യും എൽ.ജെ.ഡി.യും മുന്നണിവിട്ടതിന്റെ പശ്ചാത്തലത്തിൽ അന്ന് ഇവർക്ക് സീറ്റ് അനുവദിക്കുന്നതിൽ എൽ.ഡി.എഫിന് പ്രയാസമുണ്ടായിരുന്നില്ല. എൽ.ജെ.ഡി. തിരിച്ചെത്തി. ഇതിനുപുറമേയാണ് ജോസ് കെ. മാണി വിഭാഗത്തെയും മുന്നണിയുടെ ഭാഗമാക്കേണ്ടിവരുന്നത്. ഇതിന് എല്ലാ കക്ഷികളും വിട്ടുവീഴ്ചചെയ്യണമെന്നാണ് സിപിഎമ്മിന്റെ നിലപാട്.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് കേരള കോൺഗ്രസും സിപിഐയും നേരിട്ട് ഏറ്റുമുട്ടുന്നത്. ഈ സീറ്റു വിട്ടുകൊടുക്കാൻ സിപിഐ ആദ്യം തയ്യാാകുമോ എന്നാണ് അറിയേണ്ടത്. ഇവിടെ ജോസ് കെ. മാണി വിഭാഗത്തിലെ ഡോ. എൻ. ജയരാജാണ് എംഎൽഎ. അതിനാൽ, ഈ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കേണ്ടിവരും. അതിന് ഇതുവരെ മനസ്സുകൊണ്ട് സിപിഐ. സന്നദ്ധമായിട്ടില്ല. എന്നാൽ, മുന്നണിയിലുണ്ടാകുന്ന പൊതുധാരണയനുസരിച്ച് ചിലപ്പോൾ വിട്ടുവീഴ്ചകളുണ്ടായേക്കാമെന്നാണ് സിപിഐ. നൽകുന്ന സൂചന. മലബാറിൽ പേരാമ്പ്ര സീറ്റിൽ കഴിഞ്ഞ തവണ ഇഖ്ബാൽ എന്ന കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ശക്തമായ മത്സരം കാഴ്‌ച്ചവെച്ചിരുന്നു. എന്നാൽ, ഈ സീറ്റ് സിപിഎം വിട്ടുകൊടുക്കാൻ സാധ്യത കുറവാണ്. അതേസമയം തിരുവല്ല, ഇരിങ്ങാലക്കുട സീറ്റും കിട്ടാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ജോസഫ് എം പുതുശ്ശേരി അടക്കമുള്ളവരെ തൃപ്തിപ്പെടുത്തൽ ജോസ് കെ മാണിക്ക് വെല്ലുവിൡഉയർത്തുന്ന കാര്യമാണ്.
മധ്യകേരളത്തിൽ കേരള കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിൽ സീറ്റ് വിട്ടുകൊടുക്കുന്നതിൽ എൽ.ഡി.എഫിന് നഷ്ടമുണ്ടാകില്ല. എന്നാൽ, മുന്നണിയിൽ കക്ഷികളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് അവർക്ക് ലഭിക്കുന്ന സീറ്റിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ്. അതുകൊണ്ടാണ് നിലവിലെ സീറ്റുകൾ വിട്ടുനൽകാൻ പാർട്ടികൾ വൈമനസ്യം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ തവണ 92 സീറ്റിലാണ് സിപിഎം. മത്സരിച്ചത്. സിപിഐ. 27 സീറ്റിലും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുകൂട്ടരും കൂടുതൽ സീറ്റിൽ മത്സരിച്ചിരുന്നു. സിപിഐ.ക്ക് മൂന്നും സിപിഎമ്മിന് 12-ഉം സീറ്റുകളാണ് അധികം ലഭിച്ചത്. ജോസ് കെ. മാണി വരുമ്പോൾ ഇതിൽ മാറ്റംവരുത്തേണ്ടിവരും. സി.എംപി. സിപിഎമ്മിൽ ലയിച്ചതിനാൽ ഇനി അവർക്ക് സീറ്റ് നൽകേണ്ടതില്ല.
കേരള കോൺഗ്രസുകൾക്ക് ആകെ 13 സീറ്റിലപ്പുറം നൽകാനാവില്ലെന്നാണ് എൽ.ഡി.എഫ്. പറയുന്നത്. പി.ജെ. ജോസഫ് ഇടതുമുന്നണിയുടെ ഭാഗമായിരുന്നപ്പോൾ ആറുസീറ്റിലാണ് മത്സരിച്ചത്. ആ കണക്കിൽ ജോസ് കെ. മാണിക്ക് സീറ്റ് നൽകാമെന്നതാണ് ഇപ്പോഴത്തെ ധാരണ. ജനാധിപത്യ കേരള കോൺഗ്രസിന് നാലുസീറ്റാണ് കഴിഞ്ഞതവണ എൽ.ഡി.എഫ്. നൽകിയത്. ഇതിലൊരു വിഭാഗം ഇപ്പോൾ പി.ജെ. ജോസഫിനൊപ്പമാണ്. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തതയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. അതുണ്ടാകുന്നതോടെ ജോസ് കെ. മാണി രാഷ്ട്രീയനിലപാട് പരസ്യമാക്കി ഇടതുവശത്തേക്കു മാറാനാണു സാധ്യത. അത് പ്രതീക്ഷിച്ചുള്ള രാഷ്ട്രീയതന്ത്രങ്ങളാണ് യു.ഡി.എഫും ഒരുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ